രൂപം മാറുമ്പോള്‍ സ്വയം മാറുന്നത്...

പട്ടികളും പന്നികളുമൊക്കെ രൂപം മാറി. കുറച്ചുനേരത്തേക്ക്!

വെള്ളിയാഴ്ച. ബാറിലെ അരണ്ട വെളിച്ചം. ഗ്ലാസില്‍ നുരയുന്ന ബിയര്‍. കയ്യിലെ എരിഞ്ഞുതീരുന്ന സിഗരറ്റിലേക്ക് നോക്കി എരിയുന്ന ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് ഗണേശ് ഇരുന്നു.

സര്‍, ഒരു ബിയറുകൂടിയെടുക്കട്ടേ...
പിന്നിലെ കിളിനാദം ഉടല്‍ചൂടു പകരും വിധം ചാരിനിന്നു. പതിയെ ചുമലിലൂടെ കൈകള്‍ അരിച്ചിറങ്ങി. അരിച്ചിറങ്ങിയ കൈകളോടൊപ്പം മുഖത്തേക്കു പതിച്ച ചൂടുള്ള നിശ്വാസത്തേയും തട്ടിയകറ്റി.
പോകൂ...
താഴെ വീണ ഗ്ലാസിന്റെ ചില്ലുടയല്‍ ശബ്ദം…
മൊബൈല്‍ ചിലക്കുന്ന ശബ്ദം.
കഴിഞ്ഞോ...
ഉം.. ഞാനിറങ്ങി. ബംഗാളി കോളനിക്കരികില്‍...ഒരു ലക്ഷണം കെട്ട സാധനമായിരുന്നു. നാശം...
ഉം... ഞാനവിടെയെത്താം.
കട്ടുചെയ്തു.

കോളനിക്കരികിലെത്തിയപ്പോഴേക്കും പിടിവലി തുടങ്ങി.
സര്‍, പതിനെട്ടു വയസേയുള്ളൂ...
സര്‍, ഒരു ചുള്ളത്തി ബംഗാളി...
സര്‍, മുപ്പതുകാരി പാക്കിസ്ഥാനി...
നാടന്‍ മലയാളിപ്പെണ്ണ്...
ഉത്തരേന്ത്യന്‍ ചരക്ക്...
ഇത്തിരി ബലപ്പെട്ടു തന്നെയാണ് ഒരുത്തനെ തള്ളിമാറ്റിയത്.

കോളനിയിലേക്കുള്ള റോഡ് തുടങ്ങുന്നതിന് തെല്ലകലെ ജയ്സണ്‍ നില്‍ക്കുന്നു, പ്രൊഫസര്‍ ഫ്രാങ്ക് റിച്ചാര്‍ഡ് തന്റെ കണ്ടെത്തലുമായി ലോകം ചുറ്റുന്നതിന്റെ ഒരു നെടുങ്കന്‍ ഫ്ലെക്സ് ബോര്‍ഡിനരികില്‍.
ഇനിയെന്താണ്?
നേരെ റൂമ്‌ പിടിക്കണം, ഒരു കുളി, ഒറ്റ ഉറക്കം...
ഒന്നു കണ്ടാലോ...
ഫ്രാങ്കിന്റെ ഫ്ലെക്സ് ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഗണേശ്.

മുതുകാടിന്റെ മാജിക് ഷോയ്ക്ക് ഒരുക്കിയ സ്റ്റേജുപോലെ വലിയ സ്റ്റേജ്. മണിക്കൂറുകള്‍ നീണ്ട രസതന്ത്രം ലോജിക്കല്‍ കത്തി. മുതുകാട് പ്രാവിനെ മുയലാക്കി മാറ്റുന്നതുപോലെ സ്റ്റേജിലേക്കുകൊണ്ടുവന്ന പട്ടിയേയും പന്നിയേയും രൂപം മാറ്റിക്കാണിച്ചു പ്രൊഫസര്‍. പുതുതായി കണ്ടുപിടിച്ച മരുന്നിന്റെ ഫലം. ചെറിയമാറ്റമായിരുന്നെങ്കിലും പട്ടി പട്ടിയും പന്നി പന്നിയുമല്ലാതായി മാറി. കുറച്ചു നേരത്തേക്ക്. കുറച്ചുനേരത്തേക്കു മാത്രം!

എന്തിനാണ് ഇങ്ങനെയൊരു മരുന്നെന്ന് ആര്‍ക്കും മനസിലായില്ല. ആരും ചോദിച്ചുമില്ല. എങ്കിലും ഇത്തിരി മരുന്നു കിട്ടുമോ എന്ന് പലരും അന്വേഷിക്കാതിരുന്നുമില്ല. ഒരു പാടുനേരത്തെ ശ്രമഫലമായി കുറച്ച് മരുന്ന് ഒപ്പിച്ചെടുത്തു ജെയ്സണ്‍.

കഴിച്ചുനോക്കിയാലോ?
വല്ല കഴുതേടേം രൂപം കിട്ടും.
എങ്കിലും കുറച്ചുനേരത്തേക്കല്ലേ...
പറഞ്ഞു തീരും മുമ്പേ മരുന്ന് വായിലേക്കൊഴിച്ചു ഗണേഷ്.

ഉള്‍വലിഞ്ഞ മീശരോമങ്ങള്‍ നിന്നിടത്ത് അങ്ങിനെയെന്തെങ്കിലും ഉണ്ടായിരുന്നെന്നതിന് യാതൊരു തെളിവും അവശേഷിക്കുന്നില്ല. ചര്‍മ്മവും മിനുസപ്പെട്ടിരിക്കുന്നു. മാറിടം വളര്‍ന്ന് ഹുക്കുകള്‍ക്കിടയിലൂടെ പുറത്തു ചാടാന്‍ വീര്‍പ്പുമുട്ടി. സ്ത്രൈണത മുറ്റിനിന്നു ഭാവത്തിലും ചലനങ്ങളിലും.

കണ്ണുകള്‍ പറിച്ചെടുക്കപ്പെടാനാകാത്ത ഉടല്‍ കുരുക്ക്. ജയ്സണ്‍ അവനിലരിച്ചു നടന്നു, സ്ഥലകാലങ്ങളിലേക്ക് ബോധപ്പെടും വരെ.

മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പഴയ രൂപത്തിലേക്കിനിയും തിരിച്ചു മാറപ്പെട്ടിട്ടില്ല. പ്രൊഫസറും സംഘവും എപ്പഴേ സ്ഥലം വിട്ടിരിക്കുന്നു. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി ഇരുവരും.

ഇല്ല. ഈ രൂപത്തില്‍ റൂമിലേക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അവന്മാരൊന്നും പറഞ്ഞാല്‍ വിശ്വസിക്കയുമില്ല. മണിക്കൂറുകള്‍ എത്ര കഴിഞ്ഞിരിക്കുന്നു. നമുക്ക് ഏതെങ്കിലും ഹോട്ടലില്‍ ഒരു റൂം നോക്കാം. അതിനു മുമ്പ് ഒരു പെണ്ണുടയാട കിട്ടുമോന്നു നോക്കട്ടെ...

ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫാഷന്‍ ഷോറൂമില്‍ നിന്ന്‍ അളവ് ഊഹിച്ചു വാങ്ങിയ വസ്ത്രങ്ങളണിയുമ്പോള്‍ നാണം. മണിക്കൂറുകള്‍ക്കു മുമ്പുവരെ തങ്ങള്‍ക്കിടയില്‍ ഇത്തരത്തിലൊരു വികാരമുണ്ടാകുമെന്ന് ഊഹിക്കാനേ കഴിയുമായിരുന്നില്ല ഇരുവര്‍ക്കും.

ഹോട്ടല്‍മുറി. അടഞ്ഞ വാതിലിനിടയില്‍ അടക്കമില്ലാത്ത പെണ്‍‌വസ്ത്രം ഒന്നുകുരുങ്ങി. പതുക്കെ വലിച്ചെടുത്തപ്പോള്‍ തിളങ്ങുന്ന നൂലുകളില്‍ ഒന്നുരണ്ടെണ്ണം അനുസരണക്കേടു കാട്ടി. തീന്‍‌മേശയില്‍ നിരന്നിരുന്ന ഭക്ഷണം അവരുടെ വിശപ്പില്ലായ്മയെ കൊഞ്ഞനം കാട്ടി.

റൂമിലെ ബഹളങ്ങളില്‍ അടിച്ചും തൊഴിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും കിടന്നുറങ്ങിയിരുന്നവര്‍ക്ക് ഹോട്ടല്‍മുറിയിലെ വിശാലമായ ഒറ്റക്കട്ടിലില്‍ ഒന്നിച്ചുകിടക്കാന്‍ മടി. പെണ്ണിനോടൊപ്പം കിടന്നു ശീലമില്ലാത്തവനല്ല ജെയ്സണ്‍, പക്ഷേ ഇതങ്ങിനെയല്ലല്ലോ…

കിടന്നിട്ട് ഉറക്കം വരുന്നില്ല. നിശബ്ദമായ ഇരുളില്‍ ഉച്ഛ്വാസത്തിന് എന്തൊരു കനം. റൂമിലെ കൂര്‍ക്കം വലികള്‍ക്കിടയിലും ഉറക്കം ശീലമാണ്. എന്നിട്ടും...

തിരിഞ്ഞും മറിഞ്ഞും കിടന്നു. അസ്വസ്ഥത. എഴുന്നേറ്റിരുന്നു ഗണേശ്, കുറേനേരം. അകലെ കൂറ്റന്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും ഒഴുകിയൊലിക്കുന്ന വര്‍ണ്ണവെളിച്ചത്തിലേക്ക് നോക്കി ജനലരികില്‍ ചെന്നു നിന്നു കുറേനേരം. പിന്നെയും ചെന്നുകിടന്നു. ഏ.സിയില്‍നിന്ന് നേരിയ കുളിര്. ഉടലിനെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചുരുണ്ടുകൂടി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.
എന്തു ചെയ്യും നാളെ... ഈ രൂപത്തില്‍ തന്നെയാണെങ്കില്‍...
ജയ്സന്റെ പതിഞ്ഞ ശബ്ദം.
ഒന്നും പറഞ്ഞില്ല ഗണേശ്.
ജയ്സണ്‍ ഗണേശിനരികിലേക്ക് നീങ്ങി കിടന്നു.
ഗണേശ്…
മൌനം
നീ…ശരിക്കുപറഞ്ഞാല്‍... കൊതിതോന്നുന്നു.
ജയ്സണ്‍ ഒന്നുകൂടി ചേര്‍ന്നുകിടന്നു.
ഞാനൊന്നു തൊട്ടോട്ടെ...
ഞാനൊന്നു ചുംബിച്ചോട്ടെ...

ജയ്സന്റെ വിരലുകള്‍ അരിച്ചു നടന്നു ഗണേശില്‍...

അപ്രതീക്ഷിതമായാണ് ആ തിരിച്ചറിവ് കയ്യില്‍ തടഞ്ഞത്... ഗണേശ് പൂര്‍ണ്ണമായും ഒരു പെണ്ണായിട്ടില്ല...

ഷോക്കേറ്റതു പോലെ കൈ പിന്‍‌വലിച്ചു ജയ്സണ്‍.

ലൈംഗികതൃപ്തിക്കുവേണ്ടി പെണ്ണിനെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ... എന്നാല്‍ ഒരു ആണ്‍...അല്ല, ഷീമെയില്‍...

തിരിച്ചറിവ് കുറച്ചുനേരത്തേക്കുമാത്രം. ഉപേക്ഷിക്കപ്പെടാന്‍ വയ്യാത്തവിധം കൊതിപ്പിക്കുന്ന മാംസളത... ഊഷ്മളത... വീണ്ടു ചേര്‍ന്നുകിടന്നു.

ജനല്‍ച്ചില്ലിനുള്ളിലൂടെ വെളുത്ത പകല്‍ കര്‍ട്ടനേയും തുളച്ച് കണ്ണിലേക്കരിച്ചിറങ്ങിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോഴും കൂര്‍ക്കം വലിച്ചുറങ്ങുന്നു ജയ്സണ്‍. ജോലിക്കു പോകാന്‍ കഴിയില്ല. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തിലെ നീറ്റലുകളിലേക്ക് കണ്ണോടിച്ചു. തൊട്ടു നോക്കി. പഴയ രൂപം തിരിച്ചുകിട്ടിയതില്‍ ആശ്വസിച്ചു.

അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ താഴെ തിരക്കു പിടിച്ചുകൊണ്ടിരിക്കുന്ന തെരുവ്. കമ്പോളം. കോളനികള്‍... മാര്‍ക്കറ്റു ചെയ്യപ്പെടാമായിരുന്ന ഒരു സാധ്യത കൂടി ഇല്ലാതായതിന്റെ ദു:ഖത്തില്‍ കമ്പോളം ഗണേശിനെ നോക്കി പുച്ഛച്ചിരി ചിരിച്ചു.

വീണ വായന

ചിറ്റോറം വേലികെട്ടി. നടുക്കൊരു വാഴവെച്ചു... ശ്രുതിക്കുട്ടീടെ കയ്യില്‍ വേലിയും വാഴയുമൊക്കെ അടയാളപ്പെടുത്തി റാണിമോള് കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നിട്ടോ...
സ്റ്റമ്പും ബാറ്റുമെല്ലാം ഗ്രൌണ്ടിനരികിലെ ചിറയിലേക്കിട്ട് വിജീഷും അയാള്‍ക്കരികില്‍ ഇരിപ്പുറപ്പിച്ചു.
എന്നിട്ടെന്താ, നിന്റമ്മേ നിന്റപ്പന്‍...ഫ!
വഴിയോരത്തൂടെ ധൃതിയില്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന മനോഹര്‍ജി ഒരാട്ട്.
ഹും, നാടുകത്തുമ്പോഴാ അവന്റമ്മേടെ വീണവായന...

പാണനെന്നാണ് അയാളെ വിളിക്കാറ്. പേരും ഊരുമൊന്നും ആര്‍ക്കും അറിയില്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. കുറേ കാലങ്ങളായി ഇടക്കിടെ കാണാറുണ്ടെന്നുമാത്രം. ഒരു ഭ്രാന്തന്‍. നാടുമുഴുവന്‍ കറങ്ങിനടക്കുന്നവന്‍. തെരുവിലുണ്ട് തെരുവിലുറങ്ങുന്നവന്‍. കൂടില്ല. കൂട്ടില്ല. നാളെയെക്കുറിച്ച് വേവലാതികളില്ല. വന്നാല്‍ കുട്ടികളുമായാണ് കൂട്ട്. ഊരു തെണ്ടിയുടെ കാഴ്ചകള്‍ കുട്ടികളുമായി പങ്കുവെക്കും, തനിക്കുപരിചിതമായ നാടുകളിലൊക്കെ.

നീ കണ്ടോ കള്ളനെ, നീകണ്ടോ എന്ന് ഓരോവിരലുകളോടും ചോദിച്ച് ശ്രുതിക്കുട്ടീടെ വിരലുകള്‍ മടക്കിവെച്ചു റാണിമോള്. ദാ, ഇതിലെപ്പോയി ഇതിലെപ്പോയെന്ന് കൈത്തണ്ടകളിലൂടെ വിരലോടിച്ച്...ഇക്കിളികിളികിളി...
രണ്ടു പേരും ചിരിച്ചു കുഴഞ്ഞുമറഞ്ഞു. രണ്ടുവയസുകാരിക്ക് കഥ മനസിലായോ എന്തോ?

അമ്മ വിളിച്ചപ്പോഴാണ് ശ്രുതിക്കുട്ടിയെ ഉമ്മറത്ത് തനിച്ചാക്കി റാണിമോള് അമ്മയ്ക്കരികിലേക്കോടിയത്. ശ്രുതിക്കുട്ടിയാകട്ടെ അടിവെച്ചടിവെച്ച് മുറ്റത്തിറങ്ങി സ്വാതന്ത്ര്യമാഘോഷിച്ചു.

റാണിമോള്‍ തിരിച്ചെത്തുമ്പോള്‍ ശ്രുതിക്കുട്ടി വീടിന്റെ തെക്കേ അതിരിലെ ഇടവഴിക്കരികിലെത്തിയിരിക്കുന്നു. ഇടവഴിയോട് ചേര്‍ന്നു നിന്ന പൈന്‍ മരത്തിന്റെ വേരുകള്‍ക്കിടയില്‍ നിന്ന് എന്തോ വലിച്ചെടുക്കുന്നു.

മോളൂ അതവിടെയിട്, അപ്പി, അപ്പ്യാ അത്...
റാണിമോള്‍ ശ്രുതികുട്ടീടരികിലേക്ക് ഓടിയെത്തുമ്പോഴേക്കും വഴിയേപോയിരുന്ന അപ്പുവേട്ടന്‍ ഓടിയെത്തി റാണിമോളെ തടഞ്ഞുനിര്‍ത്തി.

ആളുകള്‍ കൂടാന്‍ തുടങ്ങി. അലമുറയിട്ടുകൊണ്ട് കുഞ്ഞിനടുത്തേക്ക് ഓടിയടുക്കാന്‍ തിടുക്കപ്പെടുന്ന അമ്മയെ മറ്റു സ്ത്രീകള്‍ തടഞ്ഞു നിറുത്തിയിരിക്കുന്നു.

ബോംബുതന്നെയാണെന്നാണ് കണ്ടവരൊക്കെ പറയുന്നത്. കഴിഞ്ഞ ദിവസം ശിവന്റമ്പലത്തിന്റര്യേത്ത്ന്ന് ഇതുപോലൊരെണ്ണാണ് പോലീസ് നിര്‍വ്വീര്യാക്ക്യേതെന്ന് ചാത്തേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. നാലു ദിവസം മുമ്പ് ചന്തയിലെ സ്ഫോടനത്തില്‍ രണ്ടാള് മരിച്ചതിനെക്കുറിച്ചാണ് മോയീനാപ്ല ഘോരഘോരം പ്രസംഗിക്കുന്നത്.

തനിക്കു ചുറ്റും ആളു കൂടുന്നതു കണ്ടപ്പോള്‍ ശ്രുതിക്കുട്ടീടെ കുസൃതികൂടി. കയ്യിലെ പൊതികൊണ്ട് ആളുകള്‍ക്കു നേരെ പലവിധ ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി. നൃത്തവും പാട്ടും തുടങ്ങി. തനിക്കു വഴങ്ങുന്ന അക്ഷരങ്ങള്‍കൊണ്ട് തനിക്കു വഴങ്ങുന്ന രീതിയില്‍...

നടുവില്‍ ശ്രുതിക്കുട്ടി. വലിയൊരു വൃത്തത്തില്‍ മനുഷ്യചങ്ങല കോര്‍ത്ത് നാട്ടുകാര്‍. ശ്രുതിക്കുട്ടിയെകൊണ്ട് കയ്യിലിരിക്കുന്ന പൊതി താഴെയിടീക്കുവാന്‍ ആംഗ്യങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് പലരും.

ആരോ വിളിച്ചു പറഞ്ഞതിനാലായിരിക്കണം ഒരു വണ്ടി നിറയെ പോലീസുകാരും എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരും കാണികളെപ്പോലെ ഉത്കണ്ഠാഭരിതരായി നോക്കിനില്‍പ്പു തുടങ്ങി. ബോംബ്‌‌സ്ക്വാഡ് വരാനുണ്ടത്രേ... അരമണിക്കൂറെങ്കിലുമെടുക്കും.

വഴിയോരത്തൂടെ വലിയൊരു ജാഥ കടന്നുപോയി. പാണന്‍ കഥയൊന്നു നിറുത്തി. ക്രിക്കറ്റുകളിക്കുമ്പോളാണെങ്കില്‍ കളിനിറുത്തി ജാഥ കാണാറുള്ള കുട്ടികളാണ് അക്ഷമരായി പാണന്റെ ചുണ്ടനക്കത്തിനു കാതോര്‍ക്കുന്നത്. പകരം ഞങ്ങള്‍ ചോദിക്കുമെന്ന ജാഥയുടെ ആരവം ഒന്നൊതുങ്ങിയപ്പോഴേക്കും വിനോദിന്റെ ചോദ്യം.
എന്നിട്ട് ശ്രുതിക്കുട്ടിക്കെന്തേലും പറ്റ്യാ?

ജീപ്പിന്റെ ഇരമ്പല്‍. പോലീസ്. ബോംബ്സ്ക്വാഡു തന്നെ. ആളുകള്‍ വഴിയൊരുക്കി കൊടുത്തു. അവര്‍ മുന്‍‌കരുതലുകളെടുത്ത് ശ്രുതിക്കുട്ടിക്കരികിലേക്ക് നീങ്ങാന്‍ തുടങ്ങി.

പെട്ടെന്നായിരുന്നു അത്...പൊട്ടിത്തെറിയുടെ ശബ്ദം!!

ആളുകള്‍ അലറിവിളിച്ച് നാലുപാടും ചിതറിയോടി.

പൊട്ടിത്തെറിയുടെ ശബ്ദത്തോടൊപ്പം ആളുകളുടെ നിലവിളിയും പാച്ചിലും കണ്ട് ഭയന്നിട്ടാകണം ശ്രുതിക്കുട്ടി കയ്യിലുണ്ടായിരുന്ന പൊതി താഴെയിട്ട് അമ്മക്കരികിലേക്കോടിയത്.
തൊട്ടപ്പുറത്ത് നാരാണേട്ടന്റെ വീട് അഗ്നിമരം പൂത്തതുപോലെ നിന്നു കത്തുകയായിരുന്നു അപ്പോള്‍.

ശ്രുതിക്കുട്ടി രക്ഷപ്പെട്ടതിന്റെ ആശ്വാസവും നാരാണേട്ടന്റെ വീടിന്റെ എരിച്ചിലും കുട്ടികളുടെ മുഖത്തുനിന്ന് വായിച്ചെടുത്ത് പാണന്‍ പതുക്കെ മറ്റൊരു കളിക്കൂട്ടം തേടി നടത്തം തുടങ്ങി.

ചുരുങ്ങുന്ന നിഴലുകള്‍

കടലിനു നടുവിലെ കൊച്ചു ദ്വീപില്‍ താന്‍ തനിച്ചാണ്. എപ്പോഴാണ്, എങ്ങിനെയാണ് ഈ ദ്വീപില്‍ ഒറ്റപ്പെട്ടതെന്നൊന്നും അറിഞ്ഞൂടാ... മരപ്പച്ചയും തണലും കിളികളുമില്ലാത്ത, ഒച്ചയനക്കങ്ങളില്ലാത്ത തടവറ. ഈ ഏകാന്തത മടുത്തു തുടങ്ങിയിരിക്കുന്നു.

വെള്ളിയാഴ്ച. ഉച്ചയുറക്കത്തിലെ സ്വപ്നത്തില്‍ രണ്ട് മണ്ണും ഇടകലരുന്നു. ഓഫീസും സ്റ്റാഫുമൊക്കെ നിലവിലുള്ളവര്‍ പക്ഷേ തന്റെ മുന്നിലുള്ളതാകട്ടെ പഴയ ചിട്ടികമ്പനിയിലെ പണപ്പെട്ടി. ജാലകത്തിലൂടെ കടന്നുവരുന്നത് മാന്തോട്ടത്തിലെ കുളിര്‍കാറ്റ്. ഊഞ്ഞാലാടി രസിക്കുന്ന, കണ്ണാരം പൊത്തിക്കളിക്കുന്ന അറബി പിള്ളേര്‍. അറബിപ്പിള്ളേര് ഭയങ്കര വികൃതികളാണ്. തൊഴിലുതേടിയെത്തിയ വിദേശികളെ കണ്ടാല്‍ വികൃതി ഒന്നുകൂടി കൂടും. പട്ടിയെയെന്ന പോലെ കല്ലെറിയും. ഭയത്തോടെയാണെങ്കിലും അവരുടെ കളി കണ്ടിരിക്കാന്‍ നല്ല രസം.

മൊബൈല്‍ നിലക്കാതെ ചിലച്ചപ്പോഴാണ് എഴുന്നേറ്റത്. സ്ക്രീനില്‍ വെറും കാള്‍ എന്നേ കാണുന്നുള്ളൂ. നമ്പറില്ല. നാട്ടില്‍ നിന്ന് വിളിവരുമ്പോള്‍ ബെറ്റല്‍കോ നമ്പറുകാണിച്ചുതരില്ല. വിരോധം എന്തിനാണെന്നറിഞ്ഞൂടാ.

അറ്റന്റുചെയ്യുമ്പോഴേ ഉറപ്പുണ്ടായിരുന്നു. അമ്മ തന്നെ. അല്ലെങ്കിലും നാട്ടില്‍ നിന്ന് മറ്റാര് വിളിക്കാന്‍. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍, ശബ്ദം കേള്‍ക്കാണ്ട് മനസ്സമാധാനല്ല്യ... എന്ന് തുടങ്ങി നാട്ടുകാര്യങ്ങള്‍ മുഴുവന്‍ നൂറുറുപ്പ്യേടെ കാര്‍ഡിലൊതുക്കും. എനിക്ക് നീയേ ള്ളൂ... എന്ന്‍ ഇടക്കിടെ ആവര്‍ത്തിക്കും. ന്റെ കുട്ടിക്ക് നല്ലതുവരാന്‍... കഴിച്ച വഴിപാടുകളെക്കുറിച്ച് വിവരിക്കുന്ന നൂലോളം നേര്‍ത്ത ശബ്ദം. അമ്മ.

ഞാനൊരു കാര്യം പറഞ്ഞാല്‍... എനിക്ക് വയ്യ ഒറ്റക്കിങ്ങനെ... നിനക്കറിയില്ലേ ദേവമ്മായീടെ എളേച്ചന്റെ മോളെ... ആ കുട്ടീം അമ്മായീം കൂടി ഇന്നലെ വന്നീര്ന്ന്... നല്ലകുട്ടി... ഞാനമ്മായിയോട് നിന്റെ കാര്യൊന്ന് സൂചിപ്പിച്ചു... അമ്മായി കുട്ടീടെ വീട്ടില് അവതരിപ്പിക്കാംന്ന് പറഞ്ഞീണ്ട്...എന്താ നീയൊന്നും മിണ്ടാത്തേ... എല്ലാ പ്രാവശ്യത്തേം പോലെ എന്തേലും തടസം കൊണ്ടുവര്വോ...? നീ ഒന്ന് മൂള്യാ നാളെതന്നെ ഞാനാ കുട്ട്യേ ങ്ങട് വിളിച്ചോണ്ട് വരും. പിന്നെ എപ്പളാന്ന്വച്ചാ നീ വന്ന് താലികെട്ട്യാമതീലോ...
അമ്മ സീരിയല്‍ കാണാന്‍ തുടങ്ങീട്ടുണ്ടല്ലേ...

എനിക്കൊരു മറുപട്യാണ് വേണ്ടത്...
മൌനം...
കട്ടാകുന്നതിന് മുമ്പ്, ..മ്മടെ ദിനേശന്റെ ഭാര്യ വിനീത മരിച്ചതറിഞ്ഞോ നീ...എന്ന് തന്നെയാണോ ചോദിച്ചത്? മുഴുമിക്കും മുമ്പേ കട്ടായിരിക്കുന്നു.

തിരിച്ചുവിളിക്കാന്‍ നമ്പര്‍ ഡയല്‍ചെയ്തതാണ്. കട്ടുചെയ്തു. വേണ്ട. പ്രതീക്ഷിച്ചിരുന്ന വാര്‍ത്ത തന്നെയാണല്ലോ...

പുണ്യ-പാപങ്ങളിലൊന്നും താന്‍ വിശ്വസിക്കുന്നില്ല. എങ്കിലും സംഭവങ്ങളെ ശരിതെറ്റുകള്‍ കൊണ്ട് വേര്‍തിരിക്കാന്‍ ശ്രമിക്കാറുണ്ട്. ചില ശരികള്‍ മറ്റുചിലപ്പോള്‍ തെറ്റുകളായും ചില തെറ്റുകള്‍ ശരികളായും തോന്നാറുണ്ട്. ചെയ്തവ പലതും തെറ്റായിപ്പോയെന്ന് തോന്നുമ്പോള്‍ കുറ്റബോധവും.

രാജു... ഞാനെടുക്കുന്ന പുസ്തകങ്ങളൊന്നും അവള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ഒരു പുസ്തകം സെലക്ടുചെയ്തു താ...എന്ന് ലൈബ്രറിയില്‍ വെച്ച് ദിനേശേട്ടന്‍ പറഞ്ഞതായിരിക്കണം തുടക്കം. പിന്നീട്... നിന്റെ സെലക്ഷനുകളൊക്കെ അവള്‍ക്ക് വളരെ ഇഷ്ടപ്പെടുന്നു, പുസ്തകം സെലക്ടുചെയ്ത് വീട്ടിലെത്തിക്കുന്ന ജോലി നിന്നെ ഏല്‍പ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മരണത്തിലേക്ക് നടന്നടുക്കുന്ന ഒരാള്‍ക്കുചെയ്യുന്ന ചെറിയ സഹായമെന്നേ കരുതിയുള്ളൂ...

വായിച്ച കഥയെക്കുറിച്ചും കവിതയെകുറിച്ചുമൊക്കെ അഭിപ്രായം പറയുമായിരുന്നു അവര്‍. സ്വയം കുറിച്ച വരികള്‍ ചൊല്ലി കേള്‍പ്പിക്കും. തന്റെ അഭിപ്രായം ചോദിക്കും. അങ്ങിനെയാണ് ദിവസവും ഏതാനും മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി നീക്കിവെക്കാന്‍ തുടങ്ങിയത്.

പിന്നെ എന്നോ ഒരു ദിവസം. പതിവു ചര്‍ച്ചയ്ക്കിടയിലെപ്പോഴോ വിഷയം മാറി.
രാജൂ...എല്ലാവര്‍ക്കും എന്നോട് സഹതാപമാണ്. കരിച്ചുകളഞ്ഞത് എന്റെ ഹൃദയമായിരുന്നില്ലല്ലോ... എന്നിട്ടും... ചികിത്സക്ക് പണത്തിനുവേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ദിനേശേട്ടന്‍ പോലും എന്നെ മറക്കുന്നുവോ? ചികിത്സകൊണ്ടൊന്നും കാര്യമില്ലെന്ന് ആര്‍ക്കാണറിയാത്തത്... എനിക്കാവശ്യം ഇത്തിരി സ്നേഹമാണ്. അതെന്റെ വേദന കുറക്കുന്നു. നിനക്കതിനാകുമോ...?

അവരെ തന്നോട് ചേര്‍ത്തുനിര്‍ത്തി. മുടി മുഴുവന്‍ കൊഴിഞ്ഞുപോയ മൊട്ടത്തലയിലേക്ക് പതിയെ ചുണ്ടുകളമര്‍ത്തി.

ഭയമായിരുന്നോ? കുറ്റബോധം..., അതോ സ്വാര്‍ത്ഥതയോ....? അറിഞ്ഞൂടാ...ബോംബെയിലെ ചേരികളില്‍ അലഞ്ഞുതിരിഞ്ഞു കുറച്ചുകാലം. പിന്നെയാണ് സുഹൃത്തിന്റെ സഹായത്താല്‍ കടലുകടന്നത്.

ക്ഷമ ചോദിച്ചുകൊണ്ടയച്ച ആദ്യത്തെ കത്തിന് വന്ന മറുപടി താന്‍ ചെയ്തതാണ് ശരി എന്നെഴുതിക്കൊണ്ടായിരുന്നു. കൂടെ കുറച്ച് കവിതകളും.

പിന്നെ എത്ര കത്തുകള്‍. മേശ വലിപ്പില്‍ നിന്ന് കത്തുകളും കവിതകളുമെടുത്ത് മേശപ്പുറത്തു വെച്ചു. പതിയെ ഓരോന്നെടുത്ത് വായിച്ചുനോക്കി. അവസാനമയച്ച കത്തില്‍ കണ്ണുകളുടക്കി നിന്നു.

കവിതകളൊക്കെ നിനക്കയക്കുന്നു. നീ പറയാറില്ലേ പ്രസിദ്ധീകരിക്കണമെന്ന്. ആവശ്യമെങ്കില്‍ നിനക്ക് പ്രസിദ്ധീകരിക്കാം. എന്റെ മരണശേഷം മാത്രം. പിന്നെ ഒന്നോര്‍ക്കുക, എന്റെ കവിതകളില്‍ ഇടക്കിടെ വന്നുപോകുന്നവനാണ് നീ. നിന്റെ ഭാവിയെക്കൂടി...

മനസ് അസ്വസ്ഥമാണ്. മറ്റെന്തിനെയെങ്കിലും കുറിച്ച് ചിന്തിക്കാന്‍ ശ്രമിച്ചാലും മനസ് ഒന്നിലും ഉടക്കിനില്‍ക്കുന്നില്ല. വൃത്തിയില്ലാതെ അലങ്കോലമായിക്കിടക്കുന്ന മുറി മനസിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതുപോലെ. മുറി വൃത്തിയാക്കുന്ന കൂട്ടത്തില്‍ മേശപ്പുറത്തുകിടന്ന കത്തുകളും കവിതകളും കൂടിയെടുത്ത് ചവറ്റുകൊട്ടയിലേക്കിട്ടു. മനസു സമ്മതിക്കുന്നില്ല. തിരിച്ചെടുത്തു. ഒന്നുകൂടി വായിച്ചു. ഷെല്‍ഫില്‍ നിന്നും സിഗരറ്റ് ലൈറ്ററെടുത്ത് താഴെ ഒഴിഞ്ഞുകിടന്ന ഗ്രൌണ്ടിലേക്ക് നടന്നു.

കുടിയൊഴിക്കല്‍


‍ആളുകളെന്തിനാണ് തന്നെയിങ്ങനെ തുറിച്ചു നോക്കുന്നത്. അല്ലെങ്കിലും തെരുവെന്നും അങ്ങിനെയാണ്. അതിന്റെ തുളവീണ കണ്ണുകള്‍ കൊണ്ട് ഇങ്ങനെ തുറിച്ചു നോക്കും. നോട്ടത്തിന്റെ വക്ര രേഖകള്‍ക്കിടയിലൂടെവേണം തെരുവു മുറിച്ചുകടക്കാന്‍. ഒരു സ്വകാര്യാശുപത്രിയിലെ നഴ്സിന്റെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പ്രത്യേകിച്ചും. ആതുര സേവകയ്ക്ക് സമൂഹം പതിച്ചുകൊടുത്ത അംഗീകാരം കൂടിയുണ്ട് ‘നമുക്കും കിട്ടുമോടാ’ എന്ന മുനയുള്ള നോട്ടത്തിന്. പക്ഷേ, ഇന്നങ്ങിനെയല്ലല്ലോ? നോട്ടത്തിനൊപ്പം സഹാതാപ ചിഹ്നവും...!

തെരുവ് കഴിഞ്ഞ് ഇടവഴിയിലൂടെ നടക്കുമ്പോള്‍ ചിന്നുമോള്‍ക്കും വിനുവിനും വാങ്ങിയ ഉടുപ്പ് ചെട്ട്യാര്‍ ബ്രദേഴ്സിന്റെ വെള്ളയില്‍ ചുവന്ന അക്ഷരങ്ങളുള്ള കവറിനകത്ത് തന്നെയില്ലേ എന്ന്‍ ഉറപ്പുവരുത്തി. ജോലിഭാരത്താല്‍ തളര്‍ന്ന സൂര്യന്‍ പടിഞ്ഞാറേ മുറിയില്‍ വിശ്രമത്തിന് തെയ്യാറുടുക്കുന്നു. ചുവന്ന കിരണങ്ങളാല്‍ ഇടക്കിടെ ആരെയോ പാളിനോക്കുന്നുണ്ട്.

ഇടവഴിയില്‍ നിന്നും കോളനിയിലേക്കുള്ള റോഡിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരു തരം അപരിചിതത്വം. തനിക്ക് വഴി മാറിയോ? ചെങ്കല്‍ ക്വാറിയിലേക്കുള്ള റോഡുപോലെ ചുവന്നു കിടക്കുന്നു. ചുറ്റുപാടും തകര്‍ന്ന ഇഷ്ടികകഷ്ണങ്ങളും ചെങ്കല്ലും സിമന്റു കട്ടകളും. കുറച്ചുകൂടി നടന്നപ്പോഴാണ് കണ്ടത്. സുധാകരേട്ടന്റേയും നീലിമുത്തിയുടേയുമൊക്കെ വീടുകള്‍ പാതി തകര്‍ന്നു കിടക്കുന്നു! ഈശ്വരാ! അമ്മ, ചേച്ചി, കുഞ്ഞുങ്ങള്‍...!! തല കറങ്ങുന്നതുപോലെ. തനിക്കു ചുറ്റും മൂടല്‍ മഞ്ഞു നിറഞ്ഞപോലെ കാഴ്ച മങ്ങുന്നു. നെഞ്ചില്‍ നിന്ന് പുറപ്പെട്ട വേദന എന്തിലോ ഉടക്കിയപോലെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കുന്നു. ഇനി, ഒരടി നടക്കാനാവില്ല.

കരഞ്ഞുകലങ്ങിയ ശബ്ദത്തില്‍, വികസനക്കാര്‍ ഇടിച്ചുനിരത്തിയതാണെന്ന് ആരോ പറഞ്ഞപ്പോള്‍ തോന്നിയത് ആശ്വാസമാണോ? അറിഞ്ഞൂട. എങ്കിലും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ല. മനസിന്റെ വേഗം കാലുകളിലേക്കെത്തുന്നില്ല.

നോട്ടീസു കിട്ടിയിരുന്നതാണ്. വീടൊഴിഞ്ഞുകൊടുക്കാന്‍ സമ്മതവുമാണ്. പക്ഷേ തരുന്ന പ്രതിഫലത്തിനൊത്ത സ്ഥലം ചുറ്റുപാടിലെവിടെയെങ്കിലും കിട്ടിയെങ്കിലല്ലേ മാറാന്‍ കഴിയൂ. വികസനമെന്ന് കേള്‍ക്കുമ്പോഴേക്കും കാശുള്ളവന്‍ ചുറ്റിലുമുള്ള ഭൂമി വാങ്ങികൂട്ടും. നല്ല ലാഭത്തിന് മറിച്ചു വില്‍ക്കും, പിന്നെയും മറിച്ചു വില്‍ക്കും. ഒടുവില്‍ തീവിലയാകും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ സംഖ്യയുടെ പത്തിരട്ടിയാണ് ഭൂമിവില. കുറഞ്ഞ വിലക്കുള്ള ഭൂമിക്കു വേണ്ടി അന്വേഷണം തുടരുന്നുമുണ്ട്. ഇതൊക്കെ ആരോടു പറയാന്‍, കൃഷിഭൂമി കര്‍ഷകനെന്ന് മുദ്രാവാക്യം വിളിപ്പിച്ചവര്‍ തന്നെ കുടിയൊഴിക്കലും നടത്തുമ്പോള്‍...

തകര്‍ന്നു കിടക്കുന്ന വീടിനു മുന്നിലെത്തിയപ്പോള്‍ ഹൃദയം തകര്‍ന്നു. കണ്ണുകളില്‍ നിന്നും ചൂട് കവിളിലേക്കരിച്ചിറങ്ങി. പിന്നെ തലയോട്ടി തുളച്ച് ഉള്ളിലെ താപം പുറത്തേക്കൊഴുകുമ്പോലെ... തളര്‍ന്നിരുന്നു. ചിന്നുമോള്‍ക്കും വിനുക്കുട്ടനും ചെട്ട്യാര്‍ബ്രദേഴ്സിന്റെ കവറില്‍ നിന്ന് ഉടുപ്പുകള്‍ പുറത്തേക്കെടുക്കാനുള്ള വെപ്രാളം.

വേരിലും കായ്ക്കുമെന്ന് വാശിപിടിച്ചപോലെ നിറയെ ചൊട്ടയിട്ടുനില്‍ക്കുന്ന വടക്കേപ്ലാവില്‍ ചാരി അമ്മയിരിക്കുന്നു. തന്നെ കണ്ടോ, ശ്രദ്ധിച്ചോ, ആവോ... മറ്റൊരു ലോകത്തിലാണെന്നു തോന്നുന്നു. തകര്‍ന്നു കിടന്ന കല്ലുകള്‍ക്കും സിമന്റുകട്ടകള്‍ക്കുമിടയില്‍ നിന്ന് പൊട്ടി തകര്‍ന്ന ചില്ലുകളും ഫോട്ടോയും പെറുക്കിയെടുക്കുകയാണ് ചേച്ചി. ചുവന്നകൊടിയുടെ പശ്ചാത്തലത്തിലുള്ള മാര്‍ക്സിന്റെ, ഏംഗത്സിന്റെ, കൃഷ്ണപിള്ളയുടെ ഫോട്ടോകള്‍, മാലചാര്‍ത്തിയ അച്ഛന്റെ ഫോട്ടോ...

ചുവരില്‍ അച്ഛന്റെ ഫോട്ടോ തൂങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ചോര തുപ്പി ചോര തുപ്പി ക്ഷയിച്ചു തീര്‍ന്ന അച്ഛന്റെ മരണ ശേഷം. ചെറുപ്പത്തിലേ കാണുന്നതാണ് ചുവന്ന പശ്ചാത്തലത്തിലുള്ള മറ്റു ഫോട്ടോകള്‍. ചിലപ്പോഴൊക്കെ അലമാരയിലെ കട്ടിയുള്ള പുസ്തകങ്ങളോടും ചുവരിലെ ഫോട്ടോകളോടുമൊക്കെ അച്ഛന്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. മാടമ്പിമാരുടെ ഭൂമികളില്‍ കുടിയാന്മാര്‍ക്ക് കുടിലു വച്ചുകെട്ടാനും ഭൂമിവളച്ചുകെട്ടാനുമൊക്കെ സഹായിച്ചുകൊണ്ടിരുന്ന കാലത്തും അടിയന്തരാവസ്ഥയുടെ ഒളിവുജീവിതം കഴിഞ്ഞുവന്ന കാലത്തുമൊക്കെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നത്രേ...

അച്ഛന്‍ പൂര്‍ണ്ണമായും തളര്‍ന്നത് ചേച്ചിയുടെ ഡൈവോഴ്സോടെയാണ്. ആറു വര്‍ഷം മുമ്പായിരുന്നു ചേച്ചിയുടെ വിവാഹം. പാര്‍ട്ടി ഓഫീസില്‍ വെച്ച്. സഖാവ് സുകുമാരന്റെ മകന്‍ പ്രശാന്താണ് വിവാഹം കഴിച്ചത്. നല്ല വിപ്ലവബോധമുള്ള ചെറുപ്പക്കാരനെന്നാണ് അച്ഛന്‍ പറയാറുള്ളത്. ഷെയര്‍മാര്‍ക്കറ്റും ഗുണ്ടായിസവും പലിശയും ഭൂമികച്ചവടവുമൊക്കെ പാര്‍ട്ടിയിലേക്ക് വന്നതുപോലെ പ്രശാന്തിലേക്കുമെത്തി. ബാറും പെണ്ണുമൊക്കെ നേരമ്പോക്കായി. ദേഹോപദ്രവം തുടങ്ങിയപ്പോള്‍ അച്ഛന്‍ തന്നെയാണ് ഡൈവോഴ്സിന് നിര്‍ബന്ധിച്ചതും. ചിന്നു കൈക്കുഞ്ഞ്. കുസൃതിക്കാരനായ വിനു നടക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ...

ആദ്യം ധര്‍ണ്ണ, പിന്നെ ഉപരോധം, പിന്നെ ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷം കുര്യന്‍ പ്രസംഗം നടത്തുന്നു. തകര്‍ന്നുകിടക്കുന്ന മുറ്റത്ത്. കിട്ടിയ അവസരം എങ്ങിനെ ഭംഗിയായി വിനിയോഗിക്കണമെന്ന് അയാള്‍ക്ക് നന്നായി അറിയാം. അയാളോട് പുച്ഛമാണ് തോന്നിയത്. മുഖം കറുപ്പിച്ചുതന്നെ പറഞ്ഞു, കടന്നുപോകാന്‍. ഈ സമയത്ത് അങ്ങിനെ പ്രതികരിക്കരുതായിരുന്നെന്ന് അമ്മ പറഞ്ഞതിനെ അവഗണിച്ചു.

സുധീറിനൊപ്പം കോളനിയിലെ മറ്റ് അന്തേവാസികളും മുറ്റത്തേക്ക് കയറിവന്നു. രോഷവും സങ്കടവുമെല്ലാം ഇടകലര്‍ന്ന മുഖഭാവത്തിലാണ് എല്ലാവരും. തങ്ങളുടെ കുടിലുകള്‍ ഇടിച്ചുപൊളിക്കാനുള്ള ക്രൂരതീരുമാനമെടുത്ത കളക്ടരുടെ വീട്ടില്‍കയറി താമസിക്കാന്‍ പോകുന്നെന്ന് പറഞ്ഞു സുധീര്‍. ധീരസഖാവിന്റെ മകളായിരിക്കണം മുന്നിലെന്ന്.

നിരസിച്ചു.


“ഇല്ല. ഞനെങ്ങോട്ടുമില്ല. സഖാവ് രാമുവിന്റെ മകളുടെ വിപ്ലവവീര്യമൊക്കെ എന്നേ കെട്ടടങ്ങിയിരിക്കുന്നു. ഞാനിവരെയും കൊണ്ട് ഇറങ്ങുന്നു. തെരുവിലേക്ക്...”

സുധീറിനെയൊന്ന് കടുപ്പിച്ചു നോക്കി.

മറ്റുള്ളവരേക്കാള്‍ തന്നെ കൂടുതല്‍ അറിയാവുന്നതുകൊണ്ടായിരിക്കണം മറുത്തൊന്നും പറയാതെ സുധീര്‍ തിരിഞ്ഞു നടന്നത്.

നിള -50 ഭാവങ്ങള്‍!!

എന്നും ഇറങ്ങാറുള്ള കടവാണ്. എന്നിട്ടും ഓരോതവണ കുളത്തിലിറങ്ങുമ്പോഴും അച്ഛമ്മ കാലുകൊണ്ടൊന്നു തുഴഞ്ഞുനോക്കും. ആഴമളക്കും. ചിരിയാണ് വരിക. രണ്ട് മണിക്കൂറുമുമ്പുണ്ടായിരുന്ന ആഴം തന്നെയല്ലേ ഇപ്പോഴും കാണൂ എന്ന് പരിഹാസത്തോടെ ചോദിക്കുകയും ചെയ്യും. എന്നാലും അച്ഛമ്മ പിന്നെയും ആവര്‍ത്തിക്കും. ഇപ്പോഴതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല എങ്കിലും...

ഷെല്‍‌വി പിന്നെയും പിന്നെയും വിളിച്ചുപറഞ്ഞപ്പോഴാണ് ഇറങ്ങിപുറപ്പെട്ടത്. നിളയെ കുറിച്ച് വ്യത്യസ്തതയുള്ള ഒരു പുസ്തകമെഴുതണമെന്നാണ് നിര്‍ദ്ദേശം. ആലംകോട് ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’റഫറുചെയ്യാം ആവര്‍ത്തനമാകരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.

വ്യത്യസ്തതയല്ലേ. അങ്ങേ തലമുതല്‍ ഇങ്ങേ തലവരെ ഒരു യാത്ര. കാല്‍‌നടയായി. എല്ലാകടവിലുമിറങ്ങാം. പുഴയെ അടുത്തറിയാം. ഓരോ ഭാവങ്ങളും നേരിട്ട് ഡയറിയിലേക്ക് പകര്‍ത്താം. ആരും ചെയ്തിട്ടുണ്ടാവില്ല.

പുലരെ പാലക്കാട്ടേക്കുള്ള ബസ് കയറിയത് ഉത്ഭവസ്ഥാനത്തുനിന്ന് തുടങ്ങാമെന്ന് കരുതിയാണ്. കിഴക്കന്മലകളില്‍ നിന്ന് നീര്‍ച്ചാലായ് തുടങ്ങിയ അവളുടെ കളകളങ്ങളില്‍ അകമാലിന്യങ്ങളെ കഴുകിക്കളയുന്ന ഉള്‍ക്കുളിരുണ്ടായിരുന്നു. എല്ലാം ഡയറിയിലേക്ക് പകര്‍ത്തിവെച്ചു. നടന്നു. പടിഞ്ഞാറ്, പടിഞ്ഞാറെന്ന്...

കുന്തിപ്പുഴയോട് സംഘമിച്ച് കുഞ്ചന്റെ ലക്കിടിയും പിന്നിട്ട് നാണ്വാരുടെ തോളില്‍ കൈകോര്‍ത്ത് തിരുവില്ലാമലയും ചുറ്റി മെലിഞ്ഞും പരന്നും നിളപ്പെണ്ണ് നിലക്കാതൊഴുകി. കൂടെ, ഒന്ന് കിതപ്പാറ്റി, ഒതുക്കുകളില്‍ അന്തിയുറങ്ങി, കടവുകളില്‍ മുങ്ങിക്കുളിച്ച്, കാഴ്ചകള്‍ കണ്ട്, പൈതൃകവേരുകളിലൂടങ്ങിനെ...

ദിവസങ്ങള്‍ പിന്നിട്ടു. ഇടശേരിക്കവിതയിലെ കുറ്റിപ്പുറം പാലം വളഞ്ഞുപുളഞ്ഞ കൈവരികളുമായി നീണ്ടു നിവര്‍ന്നുകിടക്കുന്നു. മിനിപമ്പയിലൊന്ന് മുങ്ങിനീര്‍ന്ന് വീണ്ടും നടത്തം തുടങ്ങിയപ്പോള്‍ നാടെത്താറായതിന്റെ ഉത്സാഹത്തിലായിരുന്നു. തിരുനാവായിലെ ചരിത്രം മയങ്ങുന്ന പൂഴിയില്‍ പിതൃബലിയുടെ അവശിഷ്ടങ്ങള്‍. ചമ്രവട്ടം കടവെത്തിയപ്പോള്‍ ചമ്രവട്ടത്തയ്യപ്പനും തുഞ്ചനും ക്ഷണിച്ചു. കുറ്റിക്കാട് കടവെത്തുമ്പോഴേക്ക് വെള്ളത്തിനു നല്ല അടിയൊഴുക്ക്. ഇടക്കിടെ അപകടമരണങ്ങളുണ്ടാവാറുള്ളതാണ്.

ഇനി രണ്ടു കടവുകള്‍ കൂടി. അതോടെ ഭാവങ്ങള്‍ പൂര്‍ത്തീകരിക്കും. അലസമായി ഡയറി മറിച്ചുനോക്കികൊണ്ടാണ് നടത്തം. പള്ളിക്കടവും അഴിക്കടവും കഴിഞ്ഞ് പുഴയും കടലുമൊന്നിക്കുന്ന അഴിമുഖത്ത് കുറച്ചുനേരം ചെലവിടാം. ജങ്കാറില്‍ പുറത്തൂര് പോകാം. ടൂറിസംകാരുടെ ബോട്ടുസര്‍വ്വീസിനടുത്ത്, കടലിനോട് ചേര്‍ത്തൊരുക്കിയ ഇരിപ്പിടത്തിലിരുന്ന് അസ്തമയം കണ്ടശേഷം നേരെ വീടു പിടിക്കണം. ഷെല്‍‌വിയെ വിളിച്ചുപറയണം. ഡയറി നേരിട്ട് അവനെയേല്‍പ്പിക്കാം. ഭാഷാപരമായ തിരുത്തൊക്കെ അവന്‍ നടത്തട്ടെ. കൂട്ടിചേര്‍ക്കുകയോ വെട്ടിത്തിരുത്തുകയോ ചെയ്യട്ടെ.

ബോട്ട് ഇപ്പൊ പോയേ ഉള്ളൂ എന്നാണ് പള്ളിക്കടവിലെ ടോളുപിരിവുകാരന്‍ പറഞ്ഞത്. താഴെ പാകിയ കരിങ്കല്ലുകള്‍ക്കു മുകളില്‍ ചെങ്കല്ലുകൊണ്ട് മതിലു തീര്‍ത്തിട്ടുണ്ട് കടവില്‍. കടവിലേക്കുള്ള പ്രവേശനകവാടം മുള കുറുകെ വച്ച് അടച്ചിരിക്കുന്നു. പടിഞ്ഞാട്ടു നടന്നാല്‍ മതിലുതീരുന്നിടത്തുവെച്ച് പുഴയിലിറങ്ങാം. പാകിയ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍ ഡയറി ഒന്നുകൂടി മറിച്ചു നോക്കി. വീണ്ടും മറിച്ചുനോക്കി ആത്മരതിയില്‍ മുഴുകി. പാകിയ പാറക്കുമുകളിലേക്ക് ഓളങ്ങള്‍ അടിച്ചുകയറുന്ന പുഴയുടെ അതിരില്‍ നിന്നു. പുഴയോടൊത്ത് ദിവസങ്ങളായുള്ള സഹവാസമാണ്. പുഴയുടെ മിടിപ്പറിയാവുന്നവനെപ്പോലെ കാലെടുത്തുവച്ചു. ‘അമ്മേ....!!!’

നല്ല അടിയൊഴുക്ക്. വെള്ളത്തിനു മുകളില്‍ ഡയറിയുടെ താളുകള്‍ പരന്നൊഴുകി. തൊണ്ടയില്‍ നിന്നും മുകളിലേക്കുവരാഞ്ഞ ഒച്ച കണ്ഠനാളത്തില്‍ അലഞ്ഞു തിരിഞ്ഞു.(മണ്മറഞ്ഞ ഷെല്‍‌വിച്ചായാ ക്ഷമീര്. ഹല്ല പിന്നെ!!)

നിഴല്‍മരം

കോന്തലതെരപ്പില്‍ നിന്ന് മുറിബീഡിയെടുത്ത് കത്തിച്ചു രാഘവേട്ടന്‍. വലിച്ചെടുത്ത പുക വിഴുങ്ങി. ഇല്ലാത്ത പുക പുറത്തേക്കൂതി വളയങ്ങള്‍ തീര്‍ത്തു. വളയങ്ങള്‍ പുഴയിലെ ഓളങ്ങള്‍ക്കൊപ്പം വന്ന ഇളങ്കാറ്റില്‍ ചാഞ്ഞും ചരിഞ്ഞും മുകളിലേക്കുയരുന്നതും നോക്കി, ചുവന്നചേലയുടുത്ത് അവള്‍വരുന്നതുംകാത്ത്, കാല്‍‌വിരലുകൊണ്ട് കുഞ്ഞോളങ്ങളെ താലോലിച്ച് ബീഡിക്കറപുരണ്ട മഞ്ഞച്ചിരിയുമായ് കല്പടവിലിരുന്നു.

പുലര്‍ച്ചെ, അക്കരെകടവില്‍ നിന്ന് ബീരാനാപ്ല ആദ്യത്തെ കടത്ത് തുടങ്ങുന്നതിനുമുന്‍പൊരു കൂക്കിവിളിയുണ്ട്. ഒരു അറിയിപ്പ്.അപ്പൊഴായിരിക്കണം രാഘവേട്ടന്റെ ആദ്യത്തെ ബീഡി കത്തുന്നത്. കടത്തവസാനിക്കുമ്പോഴും രാഘവേട്ടന്‍ മുറിബീഡിയില്‍നിന്നുംവളയങ്ങളുണ്ടാക്കിയിരിക്കയാകും. പിന്നെ അധികമാരും ആ വഴി പോകാറില്ല. രാത്രിയില്‍ മണലുകടത്തുന്ന തോണിക്കാര്‍ ബീഡിയെരിയുന്നത് കണ്ടിട്ടുണ്ടത്രേ!

ദുരന്തപര്യവസായിയായ ഒരു പ്രണയകഥ! മുറിബീഡിയിലെ വെളുത്ത പുകപോലെ ആളുകളുടെ ഓര്‍മ്മയും നേര്‍ത്തിരിക്കുന്നു. കടവിലെത്തുന്നവരുടെ ഔദാര്യമായ പലഹാരപ്പൊതികളിലെ ഉച്ഛിഷ്ടം അവിടവിടെ ചിതറിക്കിടക്കുന്നു. ചുറ്റിലും മൂളിപ്പറക്കുന്ന ഈച്ചകള്‍...അവിടെ, കല്പടവിലേക്ക് വേരുകള്‍ പടര്‍ത്തി, ചുവന്നപൂക്കളും പച്ചച്ച ഇലകളും പൊഴിഞ്ഞുപോയ ഒരു പുളുന്തന്‍ അരളിമരം.

“അ, ഇജ്ജ്യാരുന്നോ*സൊന്ദരാ, കൊറേ ആയിര്ക്ക്ണ് ഈ ബയിക്കൊക്കെ*” ബീരാനാപ്ലയാണ്. അകലന്നേ നോക്കിനില്‍ക്കയായിരിക്കണം. സുന്ദരനും മോളൂട്ടിയും നിന്നിടത്തേക്ക് ബീരാനാപ്ല തോണിയടുപ്പിച്ചു.
“അന്റെ*പേട്യൊക്കെ മാറ്യാ...?” മോളൂട്ടിയോടാണ്.

തുടക്കത്തിലെ ഉലച്ചിലൊക്കെ കഴിഞ്ഞ്, ഓളങ്ങളില്‍ പതുക്കെ ചാഞ്ചാടി തോണിയൊഴുകി. കുറുകെവച്ച പലകക്കുമുകളില്‍ അച്ഛന്റെ ചുമലില്‍ കൈവച്ച് മോളൂട്ടി ചുവടുകള്‍ വെച്ചു.

പതിവുള്ളതാണ് ഈ പുഴചുറ്റല്‍. ഇടക്ക് ഇങ്ങിനെ ആരെങ്കിലുമൊക്കെ വരുന്നത് ബീരാനാപ്ലക്കും സന്തോഷം. തരക്കേടില്ലാതെന്തെങ്കിലും തടയും.

അക്കങ്ങളെ പരിചയപ്പെടുത്തിയപ്പോഴാണ് മാളൂട്ടി കലണ്ടറിലെ ചുവന്ന അക്കങ്ങളെ കുറിച്ച് ചോദിച്ചത്. പിന്നെ ചുവന്നദിനങ്ങള്‍ക്കായി കാത്തിരിപ്പ് തുടങ്ങി. പുഴയും കടലും റോഡും മരങ്ങളും വാഹനങ്ങളുമൊക്കെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരിക്കണം. നിറയെ തുമ്പികളുള്ള കടല്‍ക്കരയിലെ പഞ്ചാരമണലില്‍ നനഞ്ഞമണ്ണെടുത്ത് വീടൊരുക്കുമ്പോള്‍ കൊച്ചുമനസ്സ് സഞ്ചരിക്കുന്നതെവിടേക്കാണെന്നറിഞ്ഞൂടാ...

നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയിലാണ് ബീരാനാപ്ല അവളെ കുറിച്ച് ചോദിച്ചത്.
“അന്റെ*ബീടരിപ്പളും*ഓളോടെ*തന്ന്യാ...?”
“ങും...”
ശബ്ദം തൊണ്ടയില്‍ തടഞ്ഞു.

നീറുന്ന ഓര്‍മ്മകളിലേക്ക് തള്ളിയിട്ടുകൊണ്ട് ബീരാനിക്ക തുടര്‍ന്നു.
“കശ്ടം...”
ചെറിയ ഇടവേളക്കുശേഷം പിന്നെയും തുടര്‍ന്നു.
“ഞമ്മക്ക്* ബിശ്ശസിക്കാനേ കജ്ജ്ണില്ല*, ഓളെ കാത്ത്‌ള്ള അന്റെ നിപ്പും, അന്റെ നെഴല് ഇക്കരേല് കാണാഞ്ഞാല് ഓള്ക്ക്‍ള്ള പരവേശോം...”

ബീരാ‍നിക്കയുടെ വാക്കുകളൊക്കെ കേട്ടത് ഏതോ ലോകത്തിരുന്നാണ് അല്ലെങ്കില്‍ കാലങ്ങള്‍ക്കപ്പുറമിരുന്ന്.

വായനശാലയിലേക്ക് കയറുന്ന കോണിപ്പടവുകളില്‍ വെച്ചാണ് ആദ്യം കണ്ടത്. ടൈപ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ വിദ്യാര്‍ത്ഥിനി.

തിങ്ങിനിറഞ്ഞ ഇടതുകള്ളിയിലെ പുസ്തകങ്ങളില്‍ ചിലത് ശുഷ്കിച്ച വലതുകള്ളിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് റ്റീച്ചറോടൊപ്പം വായനശാലയിലേക്ക് ആദ്യമായി കയറിവന്നത്.

പിന്നീട്, ‘ആ പൂ നീ ചവിട്ടി അരച്ചുകളഞ്ഞു അല്ലേ, അതെന്റെ ഹൃദയമായിരുന്നു’ എന്ന ബഷീറിയന്‍ സാഹിത്യം ലൈബ്രറിക്കരികില്‍, ഈരടികളും തെറികളും മുദ്രാവാക്യങ്ങളും നഗ്നചിത്രങ്ങളും കോറിവെക്കാറുള്ള ചുവരില്‍ എഴുതിവച്ചതിന് കൂട്ടുകാരാല്‍ എത്ര പരിഹസിക്കപ്പെട്ടിരിക്കുന്നു.

അതിന്ശേഷം, ‘വസന്തത്തിലെ ഓരോപൂക്കളും നിന്നോട് കടപ്പെട്ടിരിക്കുന്നു’ എന്ന് കടവുകടക്കുമ്പോള്‍ അവള്‍ പറഞ്ഞത് ഇന്നലെയെന്നപോലെതോന്നുന്നു.

ഒച്ചപ്പാടുകള്‍ക്കൊടുവില്‍ നേടിയെടുത്തപ്പോള്‍ വസന്തം കൈപ്പിടിയിലാക്കിയ കുരുവിയെപ്പോലെയായിരുന്നു. എന്നിട്ടും...

‘പപ്പാ...’ മോളൂട്ടിയുടെ വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്.
‘ഉം, തിരിക്കാം...’ എന്ന് ബീരാനിക്കയോട് പറഞ്ഞ് മോളൂട്ടിയെ ഇറുകെ പിടിച്ചു.

‘പപ്പാ...’
മോളൂട്ടി ഇപ്പോഴും അങ്ങിനെയാണ് വിളിക്കുന്നത്. എത്ര തര്‍ക്കിച്ചതാണ് അതിനെക്കുറിച്ച്. ‘അച്ഛനുമമ്മ’യുമാണ് നല്ലെതെന്ന് താനും ‘പപ്പാമമ്മി’യാണ് ഫാഷന്‍ എന്ന് അവളും. തര്‍ക്കങ്ങളുടേയും കുസൃതികളുടേയും കണക്കെടുത്താല്‍ തീരില്ല. തോല്‍‌വി എല്ലായ്പ്പോഴും തനിക്കായിരുന്നു. ജീവിതത്തിലും....

മീനത്തില് ഒരു കൊല്ലമാകുമെന്നാണ് ഇന്നലെ അമ്മ പറഞ്ഞത്. ഒരുവര്‍ഷം! അവള്‍ പോയതിന്റെ വാര്‍ഷികം!! കരയില്‍, പടര്‍ന്നുകിടന്ന വേരുപോലെ ചില്ലകളുള്ള, ഇലയും പൂവുമില്ലാത്ത അരളിമരത്തിന്റെ നിഴല്‍.

‘പപ്പാക്കിന്നെന്താ പറ്റിയേ...?’
വിരലുപിടിച്ച് കടവിന്റെ ഈറന്‍ പിന്നിടുമ്പോള്‍ മോളൂട്ടി പിന്നെയും തിരക്കി.

ഇന്‍സ്റ്റിറ്റ്യൂട്ടും വായനശാലയും പിന്നിടുമ്പോള്‍ ശുഷ്കിച്ചുകൊണ്ടിരിക്കുന്ന ഇടത്തേ അറയില്‍നിന്നും തിങ്ങിനിറഞ്ഞ വലത്തേ അറയിലേക്ക് പുസ്തകങ്ങളടുക്കിക്കൊണ്ട് സുന്ദരന്‍ അവിടെതന്നെയുണ്ടായിരുന്നു. ആരോ വലിച്ചെറിഞ്ഞുകൊടുത്ത മുറിബീഡിക്കുപകരം മഞ്ഞച്ചിരി തിരിച്ചുകൊടുത്ത് കടവിനരികില്‍ രാഘവേട്ടനും.
********
ഇജ്ജ്യാരുന്നോ - നീയായിരുന്നോ
ബയിക്കൊക്കെ – വഴിക്കൊക്കെ
അന്റെ - നിന്റെ
ബീടരിപ്പളും - വീടര് ഇപ്പോഴും, വീടര് - ഭാര്യ
ഓളോടെ – അവളുടെ വീട്ടില്, ഓള് – അവള്
ഞമ്മക്ക് - എനിക്ക്
കജ്ജ്ണില്ല – കഴിയുന്നില്ല

വാര്‍ഷികം

........’
'എന്നിട്ട്...’
‘ഞാന്‍ നിന്റെ മടിയില്‍ തല ചായ്ച് കിടക്കും...’
‘എന്നിട്ട്...’
‘മണിയറയില്‍ തൂക്കിയിട്ട നാണംകുണുങ്ങിപൂക്കളിലൊന്നിനെ പതുക്കെ ചുംബിച്ച്...’
‘ഉം, പറ...’
‘എന്നിട്ട് നിന്നോടു പറയും...’
‘ഉം, പറയ്...’
‘പാട്ടുപാടിയുറക്കാം ഞാന്‍... ആ പാട്ടൊന്ന് പാടിത്താ, ന്ന് ...’
‘ഹൌ, ഇമ്മാതിരിയൊരു കാട്ടുജാതീനെ കേറി പ്രേമിച്ചൂലോ...!’
‘ബൂത്തില് കേറി കൂട്ടുകാരിയെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ച് ക്വാളിറ്റിചെക്കുചെയ്തപ്പൊ അതുംകൂടി ചെക്ക് ചെയ്യാര്‍ന്നു’
‘അത് പിന്നെ... ചീറ്റ്ചെയ്യ്‌വോന്ന് അറിയണ്ടേ...’
‘ഉം..ഉം...’
‘ഒരു വര്‍ഷം ആവാറായി...!’
‘ആഘോഷിക്കണ്ടേ...’
‘ഉം...’
‘എങ്ങിനെ...?’
‘എങ്ങിനെ?’
‘പടക്കം പൊട്ടിച്ചായാലോ...?’
‘ഓ, തൊടങ്ങി... ഉം!!?’
‘പിന്നെങ്ങിനെ...?’
‘ഞാന്‍ കാലത്ത് എണീറ്റ ഉടനെ ഒരു മിസ്ഡ്‌കാള്‍...‍’
‘നീ എത്ര മണിക്ക് എഴുന്നേല്‍ക്കും...’
‘നാലര...’
‘അപ്പൊ ഇവിടെ രണ്ടുമണി, മോള് ബുദ്ധിമുട്ടണംന്നില്ല...’
‘ഓ...’
‘എന്നിട്ട്...’
‘കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തില്‍...’
‘നിര്‍ത്ത്, നിര്‍ത്ത്... നമ്മളാഘോഷിക്കാന്‍ പോണത് പ്രേമവാര്‍ഷ്യാ, വിവാഹവാര്‍ഷ്യാ ...?’
‘അത്...’

മണ്ണാങ്കട്ട...!!

എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...

തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല. ഈ കലയെ പ്രോത്സാഹിപ്പിക്കാന്‍ പണ്ടൊരു കളക്ടര് ഒരു കലാലയം തന്നെ തുടങ്ങിയത് എനിക്ക് അറിയാം. കല അവിടെ നില്‍ക്കട്ടെ, അതല്ലല്ലോ നമ്മുടെ വിഷയം.

കുറച്ച് ചരിത്രം പറയാം. രണ്ടുകൊല്ലമായിക്കാണണം. പുലരാന്‍ നേരത്ത് താമിക്കുട്ട്യേട്ടന്റെ പീട്യേന്ന് ഒരു ചായ, അതൊരു ശീലമാണ്. അഞ്ചെട്ട് പേപ്പറ് മേശക്കുമുകളില്‍ നിരന്ന് കിടക്കുന്നുണ്ടാവും. എല്ലാ വിവരമില്ലാത്തവന്മാരെയും പോലെ ഞാനും പരമാവധി പേപ്പറുകള്‍ വായിച്ച് പരമാവധി വിവരം ഉണ്ടാക്കണം എന്ന് കരുതുന്നവനാണ്. അങ്ങിനെയാണ് ഞാനത് വായിച്ചത്. കാര്യം എന്റെ ഉപജീവനത്തെ ബാധിക്കുന്നതാണ്. അഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ തെങ്ങുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്ന് ഒരു പഠനം ഗ്രാഫോടുകൂടിയത്! മൂന്നാലുകൊല്ലത്തിനകം തെങ്ങുകള്‍ ചരിത്രമാകുമെന്ന്!! എനിക്ക് ആശങ്കയാ‍യി. എങ്ങിനെ ശങ്കിക്കാതിരിക്കും. ഞാനുമൊരു കലാകാരനല്ലേ... പട്ടിണിയായിപ്പോകില്ലേ...രണ്ടു ദിവസം മുമ്പ് കണിയാനും പറഞ്ഞത് ഉത്തരത്തില്‍ എട്ടുകാലിയാണ്, കഷ്ടകാലമാണ് എന്നൊക്കെതന്നെയായിരുന്നു.

എല്ലാവിവരവും, മുറിച്ചെടുത്ത റിപ്പോര്‍ട്ടും ഗ്രാഫും എന്റെ വക ഒരു പഠനവുമടക്കം ഗള്‍ഫിലെ അളിയനൊരു കത്തയച്ചു. അങ്ങിനെ ഞാനിവിടെയെത്തി. ഈ ഗള്‍ഫില്! കെളവനറബിയുടെ പൂന്തോട്ടം നനക്കാനാണ് വന്നത്. അടുക്കളപ്പണിയും കുത്തിയേടത്ത് മുളക്കാത്ത കുരുത്തം കെട്ട പുള്ളാരെ മേയ്ക്കലും നടുവൊടിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ കലാവാസന പുറത്തുവരാന്‍ തുടങ്ങിയത്. തോട്ടത്തിലെ അലങ്കാരപ്പനകളില്‍ ആദ്യമൊക്കെ കൊതിയോടെ നോക്കിനിന്നു. പിന്നെ പിന്നെ ആരും കാണാതെ കയറിയിറങ്ങി. രസം കയറിയപ്പോള്‍ മനസ്സിനെ അടക്കി നിറുത്താന്‍ കഴിയാതെയായി. തന്റെ കഴിവ് എങ്ങിനെയെങ്കിലും കെളവനെ ബോധ്യപ്പെടുത്തണമെന്നായി ചിന്ത. കെളവന് തോട്ടങ്ങളുണ്ട്, തോട്ടങ്ങളല്ല ഈന്തപ്പനക്കാടുകള്‍. യന്ത്രമുപയോഗിച്ചാണത്രേ വിളവെടുപ്പ്. യന്ത്രമാകുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനും ആള് വേണം. എനിക്കാകുമ്പോള്‍ പ്രത്യേകിച്ചൊരു ചെലവില്ല. എന്നിലെ കലയും വളരും.

ഒരു വിധം കെളവനെ ബോധ്യപ്പെടുത്തി. വിളവെടുപ്പ് തുടങ്ങിയപ്പോള്‍ ഞാനും യന്ത്രങ്ങളോടൊപ്പം പണി തുടങ്ങി. ങാ, അവിടെ വച്ചാണല്ലോ നിങ്ങളെ പരിചയപ്പെട്ടത്. അവിടെ വച്ച് എന്റെ കഷ്ടകാലം തുടങ്ങി എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് നിങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ താന്തോന്നിത്തരങ്ങളാണ് എന്റെ കല എന്ന് മനസ്സിലാക്കാതെ നിങ്ങളെ അക്ഷരം പ്രതി അനുസരിച്ചത് എന്റെ തെറ്റു തന്നെയല്ലേ?

നിങ്ങളെന്റെ കല ആസ്വദിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ ഒന്നുകൂടി നന്നാക്കാന്‍ശ്രമിച്ചു. ആസ്വാദകരുണ്ടാകുമ്പോള്‍ ഏത് കലയാണ് മെച്ചപ്പെടാതിരിക്കുക. എന്റെ ശൈലി ആധുനികത്തിനും ഉത്തരാധുനികത്തിനും ഇടക്കാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി! തുടക്കത്തില്‍ വേഗത്തില്‍ കയറി പിന്നെയൊന്ന് പതുക്കെയാക്കി പിന്നെയും വേഗത്തില്‍ കയറുന്ന ഉത്തരാധുനിക ശൈലിയാണ് എനിക്ക് ചേരുക എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചു. എനിക്കും വലിയ കലാകാരനാകേണ്ടേ? നടുവ് വിലങ്ങി ആശുപത്രിയിലായപ്പോഴും നിങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വലിയവനാകാന്‍ പലതും സഹിക്കണമെന്ന് മാത്രം ചിന്തിച്ചു.

ആശുപത്രിയില്‍ നിന്നും വന്നതിന്റെ പിറ്റേന്നു തന്നെ ബാക്കിയുള്ള പനകളില്‍ കയറുവാനുള്ള കല്‍പ്പന തന്നു, കെളവന്‍. ശമ്പളം കട്ടുചെയ്യുമെന്ന ഭീഷണിയും. ഞാന്‍ തളപ്പുമെടുത്ത് തോട്ടത്തിലേക്കിറങ്ങി. അവിടെ അക്ഷമനായി നില്‍ക്കുന്ന നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പൂര്‍ണ്ണമായും വേദനമാറാത്തതുകൊണ്ട് ഞാന്‍ പതുക്കെയാണ് കയറിതുടങ്ങിയത്. മുകളിലേക്കെത്തും തോറും സ്പീഡുകൂടുന്ന ക്ലാസിക്കല്‍ രീതി. എന്റെ മാറ്റം നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ മുഖഭാവം കണ്ടപ്പഴേ എനിക്ക് മനസ്സിലായി. നിങ്ങളുടെ മുഖം പ്രസാദപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ഉത്തരാധുനികനാവാന്‍ ശ്രമിച്ചു. നിങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി, ഞാന്‍ അനുസരിക്കാനും. മുകളില്‍നിന്നും താഴേക്ക് ശ്‌ര്‍‌ര്‍‌ര്‍‌റേ...ന്ന് ഊര്‍ന്നിറങ്ങുന്ന രീതി ശരിയല്ലെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് പുതിയ രീതിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. നിങ്ങളുപറഞ്ഞ പുതിയ രീതിയൊന്ന് പരീക്ഷിക്കാമെന്ന് ഞാനും കരുതി. തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!

ഞാ‍നിവിടെ പുതിയ ലോകത്തേക്കുള്ള വിസയും കാത്ത് കിടക്കുകയാണ്. ആ അപ്പോത്തിക്കിരികള്‍ ആധുനികരീതികളും ഉത്തരാധുനിക രീതികളും എന്നില്‍ പരീക്ഷിക്കുന്നുണ്ട്. ഫലമുണ്ടാകില്ല എന്ന് എനിക്കറിയാം. കാര്യങ്ങളിങ്ങിനെയൊക്കെയാണെങ്കിലും എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല കേട്ടോ, അല്ലെങ്കില്‍ ഞാനെന്തിന് നിങ്ങളോട് ദേഷ്യപ്പെടണം...? എങ്കിലും എനിക്ക് ഒരു ആഗ്രഹമുണ്ട് , പറഞ്ഞാല്‍ എന്തെങ്കിലും തോന്നുമോ...? എങ്കിലും പറയാം...പുതിയ ലോകത്തിലെങ്കിലും ഒരു നല്ല പരവനായെങ്കില്‍‍...

മോഹന്‍ഹള്ളിയിലെ മഞ്ഞുതുള്ളി

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകുന്നില്ല. നേരം പുലരുന്നതേയുള്ളൂ. എഴുന്നേറ്റ് ക്ലബ്ബിന്റെ വരാന്തയില്‍ വന്നു നിന്നു. വന്നു കിടന്നിട്ട് രണ്ടോ മൂന്നോ മണിക്കൂറേ ആയിട്ടുണ്ടാകൂ...ഹാളില്‍ കൂട്ടുകാരൊക്കെ കൂര്‍ക്കം വലിച്ചുകിടന്നുറങ്ങുന്നു. എനിക്കെന്തോ തല പെരുക്കുന്നതുപോലെ. ഉറക്കം വന്ന വഴിയേ തിരിച്ചു പോകുന്നു.

ഇന്ന് സുധീറിന്റെ പെങ്ങളുടെ കല്ല്യാണമാണ്. ഇന്നലെ രാത്രി മുഴുവന്‍ അവന്റെ വീട്ടിലായിരുന്നു. പാട്ടും കൂത്തും വെള്ളവും... സേവയുള്ള ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ മടിയാണ്. അങ്ങിനെയാണ് ഇടക്കിടെ ക്ലബ്ബിനെ ഇടത്താവളമാക്കി തുടങ്ങിയത്. ബാക്കിയുള്ളതുമായി അവിടെയങ്ങു കൂടും. കൂട്ടിന് കൂട്ടുകാരും...

വരാന്തയില്‍ നിന്ന് നോക്കിയാല്‍ മോഹന്‍‌ഹള്ളി കാണാം. മോഹനേട്ടന്റെ വീട് നില്‍ക്കുന്ന സ്ഥലമാണ് മോഹന്‍‌ഹള്ളി. കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്‍‍. കള്ളിനോടൊപ്പം കഥകളും വിളമ്പും. സംഭവങ്ങളെ ഭാവനയില്‍ ചാലിച്ച്... ഹള്ളികളുടെ കഥകള്‍ കേട്ട് കേട്ട് കൂട്ടുകാര്‍ ആരോ നല്‍കിയതാണ് മോഹന്‍‌ഹള്ളിയെന്ന സ്ഥലനാമം.

ഉച്ചക്ക് ലീവാക്കാമെന്ന് കരുതിയാണ് ഇന്നലെ ഓഫീസില്‍ പോയത്. എന്തെങ്കിലും തിരക്കുണ്ടെങ്കില് വന്നോളും ഓരോ മാരണങ്ങള്. വൈകുന്നേരം അഞ്ചുമണിക്കാണ് ഒഴിവായത്. നേരെ സുധീറിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് മോഹനേട്ടന്റെ വീട്ടിലൊന്ന് കയറി. ചിന്നുവിന് ഒരുമ്മകൊടുക്കാം, മീനേച്ച്യോട് കണവന്റെ വിശേഷങ്ങളും തിരക്കാം...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍.

ഗേറ്റുകടന്ന് മുറ്റത്തെത്തിയപ്പോഴേക്കും ചിന്നുമോള്‍ ഓടിവന്നു. ‘ചുനിമാമാ...’ന്ന് വിളിച്ച് മേല്‍ നിരയിലെ നാലുപല്ലും കീഴ്ചുണ്ടിന് മുകളിലേക്ക് പിടിച്ച് കോപ്രായം കാണിച്ചുനിന്നു. ‘അച്ഛാ ചുനിമാമന്‍...’ ന്ന് പറഞ്ഞ് അകത്തേക്കോടി. അകത്തുനിന്നും ‘സുന്യോ...?’ എന്ന മോഹനേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ അത്ഭുതം തോന്നി.

കട്ടിലിലിരുന്ന് അതിരഹസ്യമായി ‘ഇക്ക്യൊരപകടം പറ്റീടാ...’ ന്ന് പറയുമ്പോഴാ‍ണ് മുഖം ശ്രദ്ധിച്ചത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദയനീയ ഭാവം. എപ്പോഴും ചിരിപ്പിക്കുന്ന കഥകളുമായിവരുന്ന മോഹനേട്ടന്‍ തന്നെയോ... ‘ഞാന്‍ പറഞ്ഞിട്ടില്ലേ അവളെക്കുറിച്ച്...’

കഴിഞ്ഞ തവണത്തെ കഥകളില്‍ അവളുമുണ്ടായിരുന്നു. മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ കൂടാറുണ്ടായിരുന്ന പൂച്ചക്കണ്ണുള്ള സുന്ദരി. ‘...വീടെവിടെയാണെന്നറിയില്ല. എപ്പോഴാണ് മുകളിലേക്കു കയറുന്നത് എന്നും അറിയില്ല. ചോദിച്ചിട്ട് പറഞ്ഞുമില്ല. എങ്കിലും എന്നും കൂടെ കൂടും. ഓരോ കുസൃതിത്തരങ്ങളും പറഞ്ഞ്... തിരിച്ച് വീടെത്തുന്നത് അറിയാറേയില്ല...’

അവള്‍ക്കെന്തുപറ്റിയെന്ന ചോദ്യ ഭാവത്തോടെ ഞാനിരുന്നു. ‘മിനിഞ്ഞാന്ന് കാലത്ത്...’ഒന്നു നിര്‍ത്തിയിട്ട് മോഹനേട്ടന്‍ തുടര്‍ന്നു.സ്ഥിരമായി കണ്ടുമുട്ടാറുള്ള കോര്‍ണ്ണറില്‍ അവളുണ്ടായിരുന്നില്ല. കുറച്ചുനേരം കാത്തുനിന്നു. മഞ്ഞ് പതിവിലും കൂടുതലായിരുന്നു. തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ കോര്‍ണ്ണറില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ എന്തോ അനങ്ങുന്നു. മഞ്ഞില്‍ കുതിര്‍ന്ന്‍ മങ്ങിയ കാഴ്ച്ച. കയ്യില്‍ കിട്ടിയ വള്ളികളിലും മറ്റും പിടിച്ച് പതുക്കെ ഇറങ്ങി. അടുത്തെത്തി. ഒരു പെണ്‍കുട്ടിയാണ്...അത് അവളാണ്...പെട്ടെന്ന് ഉള്ളിലുണ്ടായ കാളല്‍ ഉച്ഛത്തില്‍ പുറത്തേക്കു വന്നു. ചീറലുകേട്ട് ഒന്നുരണ്ടുപേര്‍ ഓടി വന്നു. ആളുകൂടി. അപ്പോഴേക്കും ചിലര്‍ അക്രമ സ്വഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. എങ്ങിനെയൊക്കെയോ ചുരമിറങ്ങി...

ഉറങ്ങുവാന്‍ ഒരു പാഴ്‌ശ്രമം കൂടി നടത്തിനോക്കാമെന്ന് കരുതിയാണ് മുറിയിലേക്ക് കയറിയത്. അപ്പോഴേക്കും സതീഷ് ഉണര്‍ന്നിരുന്നു. ‘ഓന്റ്യൊക്കെ ഒടുക്കത്തെ ഒറക്കം...’ ന്ന് പറഞ്ഞ് ഓരോരുത്തരുടേയും ചന്തിക്കിട്ട് ചവിട്ടാന്‍ തുടങ്ങി. ദിനേശന്‍ ഉണരുന്ന ഓരോരുത്തര്‍ക്കും കണി കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ചുവരിന്റെ ഒരു മൂലയില്‍ പോയി ഞാന്‍ ചുരുണ്ടു. ‘എല്ലാരും ണീച്ചപ്പളാ ഓന്റെ കെട്ത്തം...’ സോഡാ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന സോഡാ തലയിലേക്കൊഴിച്ചു തരുമ്പോള്‍ മണികണ്ഠന്‍ പറയുന്നുണ്ടായിരുന്നു.

മോഹനേട്ടന്റെ വീട്ടിനുമുന്നില്‍ പോലീസുവണ്ടിനില്‍ക്കുന്നെന്ന് വരാന്തയില്‍ നിന്ന കൂട്ടുകാരിലാരോ വിളിച്ചു പറഞ്ഞപ്പോള്‍ ഉള്ളുകാളി. പിന്നെ എണീറ്റ് ഓടുകയായിരുന്നു. മോഹന്‍‌ഹള്ളിക്ക് ആക്രോശങ്ങളുടെ പുലരിക്കാഴ്ച്ച സമ്മാനിച്ചുകൊണ്ടിരുന്നു പോലീസേമാന്മാര്‍. വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...

ഓണാശംസകള്‍

കാണം വിറ്റുണ്ടൂ
പോയൊരോണം
മാനം വിറ്റുണ്ണണ-
മീ യോണം.
വയ്യ,
ഉണ്ണുന്നോര്‍ക്ക്
ഉണ്ണാത്തോരുടെ
ഓണാശംസകള്‍!

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP