കുടിയൊഴിക്കല്‍


‍ആളുകളെന്തിനാണ് തന്നെയിങ്ങനെ തുറിച്ചു നോക്കുന്നത്. അല്ലെങ്കിലും തെരുവെന്നും അങ്ങിനെയാണ്. അതിന്റെ തുളവീണ കണ്ണുകള്‍ കൊണ്ട് ഇങ്ങനെ തുറിച്ചു നോക്കും. നോട്ടത്തിന്റെ വക്ര രേഖകള്‍ക്കിടയിലൂടെവേണം തെരുവു മുറിച്ചുകടക്കാന്‍. ഒരു സ്വകാര്യാശുപത്രിയിലെ നഴ്സിന്റെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം പ്രത്യേകിച്ചും. ആതുര സേവകയ്ക്ക് സമൂഹം പതിച്ചുകൊടുത്ത അംഗീകാരം കൂടിയുണ്ട് ‘നമുക്കും കിട്ടുമോടാ’ എന്ന മുനയുള്ള നോട്ടത്തിന്. പക്ഷേ, ഇന്നങ്ങിനെയല്ലല്ലോ? നോട്ടത്തിനൊപ്പം സഹാതാപ ചിഹ്നവും...!

തെരുവ് കഴിഞ്ഞ് ഇടവഴിയിലൂടെ നടക്കുമ്പോള്‍ ചിന്നുമോള്‍ക്കും വിനുവിനും വാങ്ങിയ ഉടുപ്പ് ചെട്ട്യാര്‍ ബ്രദേഴ്സിന്റെ വെള്ളയില്‍ ചുവന്ന അക്ഷരങ്ങളുള്ള കവറിനകത്ത് തന്നെയില്ലേ എന്ന്‍ ഉറപ്പുവരുത്തി. ജോലിഭാരത്താല്‍ തളര്‍ന്ന സൂര്യന്‍ പടിഞ്ഞാറേ മുറിയില്‍ വിശ്രമത്തിന് തെയ്യാറുടുക്കുന്നു. ചുവന്ന കിരണങ്ങളാല്‍ ഇടക്കിടെ ആരെയോ പാളിനോക്കുന്നുണ്ട്.

ഇടവഴിയില്‍ നിന്നും കോളനിയിലേക്കുള്ള റോഡിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരു തരം അപരിചിതത്വം. തനിക്ക് വഴി മാറിയോ? ചെങ്കല്‍ ക്വാറിയിലേക്കുള്ള റോഡുപോലെ ചുവന്നു കിടക്കുന്നു. ചുറ്റുപാടും തകര്‍ന്ന ഇഷ്ടികകഷ്ണങ്ങളും ചെങ്കല്ലും സിമന്റു കട്ടകളും. കുറച്ചുകൂടി നടന്നപ്പോഴാണ് കണ്ടത്. സുധാകരേട്ടന്റേയും നീലിമുത്തിയുടേയുമൊക്കെ വീടുകള്‍ പാതി തകര്‍ന്നു കിടക്കുന്നു! ഈശ്വരാ! അമ്മ, ചേച്ചി, കുഞ്ഞുങ്ങള്‍...!! തല കറങ്ങുന്നതുപോലെ. തനിക്കു ചുറ്റും മൂടല്‍ മഞ്ഞു നിറഞ്ഞപോലെ കാഴ്ച മങ്ങുന്നു. നെഞ്ചില്‍ നിന്ന് പുറപ്പെട്ട വേദന എന്തിലോ ഉടക്കിയപോലെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കുന്നു. ഇനി, ഒരടി നടക്കാനാവില്ല.

കരഞ്ഞുകലങ്ങിയ ശബ്ദത്തില്‍, വികസനക്കാര്‍ ഇടിച്ചുനിരത്തിയതാണെന്ന് ആരോ പറഞ്ഞപ്പോള്‍ തോന്നിയത് ആശ്വാസമാണോ? അറിഞ്ഞൂട. എങ്കിലും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ല. മനസിന്റെ വേഗം കാലുകളിലേക്കെത്തുന്നില്ല.

നോട്ടീസു കിട്ടിയിരുന്നതാണ്. വീടൊഴിഞ്ഞുകൊടുക്കാന്‍ സമ്മതവുമാണ്. പക്ഷേ തരുന്ന പ്രതിഫലത്തിനൊത്ത സ്ഥലം ചുറ്റുപാടിലെവിടെയെങ്കിലും കിട്ടിയെങ്കിലല്ലേ മാറാന്‍ കഴിയൂ. വികസനമെന്ന് കേള്‍ക്കുമ്പോഴേക്കും കാശുള്ളവന്‍ ചുറ്റിലുമുള്ള ഭൂമി വാങ്ങികൂട്ടും. നല്ല ലാഭത്തിന് മറിച്ചു വില്‍ക്കും, പിന്നെയും മറിച്ചു വില്‍ക്കും. ഒടുവില്‍ തീവിലയാകും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞ സംഖ്യയുടെ പത്തിരട്ടിയാണ് ഭൂമിവില. കുറഞ്ഞ വിലക്കുള്ള ഭൂമിക്കു വേണ്ടി അന്വേഷണം തുടരുന്നുമുണ്ട്. ഇതൊക്കെ ആരോടു പറയാന്‍, കൃഷിഭൂമി കര്‍ഷകനെന്ന് മുദ്രാവാക്യം വിളിപ്പിച്ചവര്‍ തന്നെ കുടിയൊഴിക്കലും നടത്തുമ്പോള്‍...

തകര്‍ന്നു കിടക്കുന്ന വീടിനു മുന്നിലെത്തിയപ്പോള്‍ ഹൃദയം തകര്‍ന്നു. കണ്ണുകളില്‍ നിന്നും ചൂട് കവിളിലേക്കരിച്ചിറങ്ങി. പിന്നെ തലയോട്ടി തുളച്ച് ഉള്ളിലെ താപം പുറത്തേക്കൊഴുകുമ്പോലെ... തളര്‍ന്നിരുന്നു. ചിന്നുമോള്‍ക്കും വിനുക്കുട്ടനും ചെട്ട്യാര്‍ബ്രദേഴ്സിന്റെ കവറില്‍ നിന്ന് ഉടുപ്പുകള്‍ പുറത്തേക്കെടുക്കാനുള്ള വെപ്രാളം.

വേരിലും കായ്ക്കുമെന്ന് വാശിപിടിച്ചപോലെ നിറയെ ചൊട്ടയിട്ടുനില്‍ക്കുന്ന വടക്കേപ്ലാവില്‍ ചാരി അമ്മയിരിക്കുന്നു. തന്നെ കണ്ടോ, ശ്രദ്ധിച്ചോ, ആവോ... മറ്റൊരു ലോകത്തിലാണെന്നു തോന്നുന്നു. തകര്‍ന്നു കിടന്ന കല്ലുകള്‍ക്കും സിമന്റുകട്ടകള്‍ക്കുമിടയില്‍ നിന്ന് പൊട്ടി തകര്‍ന്ന ചില്ലുകളും ഫോട്ടോയും പെറുക്കിയെടുക്കുകയാണ് ചേച്ചി. ചുവന്നകൊടിയുടെ പശ്ചാത്തലത്തിലുള്ള മാര്‍ക്സിന്റെ, ഏംഗത്സിന്റെ, കൃഷ്ണപിള്ളയുടെ ഫോട്ടോകള്‍, മാലചാര്‍ത്തിയ അച്ഛന്റെ ഫോട്ടോ...

ചുവരില്‍ അച്ഛന്റെ ഫോട്ടോ തൂങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ. ചോര തുപ്പി ചോര തുപ്പി ക്ഷയിച്ചു തീര്‍ന്ന അച്ഛന്റെ മരണ ശേഷം. ചെറുപ്പത്തിലേ കാണുന്നതാണ് ചുവന്ന പശ്ചാത്തലത്തിലുള്ള മറ്റു ഫോട്ടോകള്‍. ചിലപ്പോഴൊക്കെ അലമാരയിലെ കട്ടിയുള്ള പുസ്തകങ്ങളോടും ചുവരിലെ ഫോട്ടോകളോടുമൊക്കെ അച്ഛന്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. മാടമ്പിമാരുടെ ഭൂമികളില്‍ കുടിയാന്മാര്‍ക്ക് കുടിലു വച്ചുകെട്ടാനും ഭൂമിവളച്ചുകെട്ടാനുമൊക്കെ സഹായിച്ചുകൊണ്ടിരുന്ന കാലത്തും അടിയന്തരാവസ്ഥയുടെ ഒളിവുജീവിതം കഴിഞ്ഞുവന്ന കാലത്തുമൊക്കെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നത്രേ...

അച്ഛന്‍ പൂര്‍ണ്ണമായും തളര്‍ന്നത് ചേച്ചിയുടെ ഡൈവോഴ്സോടെയാണ്. ആറു വര്‍ഷം മുമ്പായിരുന്നു ചേച്ചിയുടെ വിവാഹം. പാര്‍ട്ടി ഓഫീസില്‍ വെച്ച്. സഖാവ് സുകുമാരന്റെ മകന്‍ പ്രശാന്താണ് വിവാഹം കഴിച്ചത്. നല്ല വിപ്ലവബോധമുള്ള ചെറുപ്പക്കാരനെന്നാണ് അച്ഛന്‍ പറയാറുള്ളത്. ഷെയര്‍മാര്‍ക്കറ്റും ഗുണ്ടായിസവും പലിശയും ഭൂമികച്ചവടവുമൊക്കെ പാര്‍ട്ടിയിലേക്ക് വന്നതുപോലെ പ്രശാന്തിലേക്കുമെത്തി. ബാറും പെണ്ണുമൊക്കെ നേരമ്പോക്കായി. ദേഹോപദ്രവം തുടങ്ങിയപ്പോള്‍ അച്ഛന്‍ തന്നെയാണ് ഡൈവോഴ്സിന് നിര്‍ബന്ധിച്ചതും. ചിന്നു കൈക്കുഞ്ഞ്. കുസൃതിക്കാരനായ വിനു നടക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ...

ആദ്യം ധര്‍ണ്ണ, പിന്നെ ഉപരോധം, പിന്നെ ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷം കുര്യന്‍ പ്രസംഗം നടത്തുന്നു. തകര്‍ന്നുകിടക്കുന്ന മുറ്റത്ത്. കിട്ടിയ അവസരം എങ്ങിനെ ഭംഗിയായി വിനിയോഗിക്കണമെന്ന് അയാള്‍ക്ക് നന്നായി അറിയാം. അയാളോട് പുച്ഛമാണ് തോന്നിയത്. മുഖം കറുപ്പിച്ചുതന്നെ പറഞ്ഞു, കടന്നുപോകാന്‍. ഈ സമയത്ത് അങ്ങിനെ പ്രതികരിക്കരുതായിരുന്നെന്ന് അമ്മ പറഞ്ഞതിനെ അവഗണിച്ചു.

സുധീറിനൊപ്പം കോളനിയിലെ മറ്റ് അന്തേവാസികളും മുറ്റത്തേക്ക് കയറിവന്നു. രോഷവും സങ്കടവുമെല്ലാം ഇടകലര്‍ന്ന മുഖഭാവത്തിലാണ് എല്ലാവരും. തങ്ങളുടെ കുടിലുകള്‍ ഇടിച്ചുപൊളിക്കാനുള്ള ക്രൂരതീരുമാനമെടുത്ത കളക്ടരുടെ വീട്ടില്‍കയറി താമസിക്കാന്‍ പോകുന്നെന്ന് പറഞ്ഞു സുധീര്‍. ധീരസഖാവിന്റെ മകളായിരിക്കണം മുന്നിലെന്ന്.

നിരസിച്ചു.


“ഇല്ല. ഞനെങ്ങോട്ടുമില്ല. സഖാവ് രാമുവിന്റെ മകളുടെ വിപ്ലവവീര്യമൊക്കെ എന്നേ കെട്ടടങ്ങിയിരിക്കുന്നു. ഞാനിവരെയും കൊണ്ട് ഇറങ്ങുന്നു. തെരുവിലേക്ക്...”

സുധീറിനെയൊന്ന് കടുപ്പിച്ചു നോക്കി.

മറ്റുള്ളവരേക്കാള്‍ തന്നെ കൂടുതല്‍ അറിയാവുന്നതുകൊണ്ടായിരിക്കണം മറുത്തൊന്നും പറയാതെ സുധീര്‍ തിരിഞ്ഞു നടന്നത്.

17 comments:

സജീവ് കടവനാട് said...

ഇടവഴിയില്‍ നിന്നും കോളനിയിലേക്കുള്ള റോഡിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഒരു തരം അപരിചിതത്വം. തനിക്ക് വഴി മാറിയോ? ചെങ്കല്‍ ക്വാറിയിലേക്കുള്ള റോഡുപോലെ ചുവന്നു കിടക്കുന്നു. ചുറ്റുപാടും തകര്‍ന്ന ഇഷ്ടികകഷ്ണങ്ങളും ചെങ്കല്ലും സിമന്റു കട്ടകളും.

Sandeep PM said...

അവസാനത്തെ വരികള്‍ ഒരു തോല്‍വിയെയാണ് കുറിക്കുന്നതെന്കില് ഈ കഥ എനിക്കിഷ്ടപെട്ടതല്ല
മറിച്ചാണെങ്കില്‍ നന്നായി .
അഭിപ്രായം തികച്ചും വ്യക്തിപരം .

Sanal Kumar Sasidharan said...

വല്ലാര്‍പാടം സ്ഥലമെടുപ്പ് (?)ആണെന്ന് തോന്നുന്നു.ഇടക്ക് തകര്‍ന്ന മനുഷ്യരുടെ 2 ഡി ചിത്രങ്ങള്‍ ടി.വിയില്‍ കണ്ടപ്പോള്‍ ഒരു ചെറിയ,വളരെ ചെറിയ ഒരു പിടച്ചില്‍

Unknown said...

വികസനം എന്നുള്ളത് മനുഷ്യനും വികസനവും ഏതെങ്കിലും ഒന്ന് എന്ന തെരഞ്ഞടുപ്പായിപ്പോകുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ.

തറവാടി said...

അനുഭവിപ്പിക്കുന്ന എഴുത്ത് :)

Sethunath UN said...

മാഷേ
ഇതിനൊരു സലാം തരട്ടെ. മാരീചന്റെ ഒരു ലേഖനവുമുണ്ടായിരുന്നു ഈ വിഷയ‌ത്തില്‍. അമ‌ര്‍ഷം എങ്ങിനെ എവിടെ പ്രകടിപ്പിയ്ക്കണം എന്നറിയാതെ കുഴങ്ങുമ്പോള്‍ ഇത്തരം കഥക‌ള്‍ മനസ്സ് വീണ്ടും മഥിയ്ക്കുന്നു. ഒരു അനിവാര്യത. അല്ലാതെന്തുപറയാന്‍.

ന‌ന്നായി എഴുതിയിരിയ്ക്കുന്നു.

“ജോലിഭാരത്താല്‍ തളര്‍ന്ന സൂര്യന്‍ പടിഞ്ഞാറേ മുറിയില്‍ വിശ്രമത്തിന് തെയ്യാറുടുക്കുന്നു. ചുവന്ന കിരണങ്ങളാല്‍ ഇടക്കിടെ ആരെയോ പാളിനോക്കുന്നുണ്ട്.“ ഇത് ആവര്‍‌ത്തന വിരസ്സമായി.

നിലാവര്‍ നിസ said...

...
ഒന്നും എഴുതാന്‍ തോന്നുന്നില്ല..
ഇല്ലാത്തതു കൊണ്ടല്ല..
................
പിന്നെ വരാം..

സജീവ് കടവനാട് said...

@ദീപു: തുറന്നുപറച്ചിലിന് നന്ദി. ചില ജയപരാചയങ്ങളെ ‎തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമ്പോളാണ് യഥാര്‍ത്ഥത്തില്‍ തോല്‍‌വി, ‎വിജയം എന്നൊക്കെയുണ്ടോ എന്നുതന്നെ ‎ചിന്തിക്കേണ്ടിവരുന്നത്.‎
@സനല്‍: ചില പിടച്ചിലുകളിങ്ങനെയും പുറത്തുവരുന്നു
@ദില്‍ബന്‍: ‘മനുഷ്യനും വികസനവും ഏതെങ്കിലും ഒന്ന് ‘ ‎എന്നൊരു അവസ്ഥ ഒരിക്കലുമുണ്ടാകുന്നില്ല. വികസനം ‎മനുഷ്യനും മറ്റു പ്രകൃതി, ജീവജാലങ്ങളെല്ലാറ്റിനും ‎വേണ്ടിയായിരിക്കണം. വികസനം മാനവികമായിരിക്കണം. ‎വ്യക്തമായ പ്ലാനിങ്ങോടെയായിരിക്കണം. സംഭവിച്ചിട്ട് മാപ്പു ‎പറയുന്നതിലൊന്നും വലിയ കാര്യമില്ല.‎
@തറവാടി: നന്ദി :)‎
@നിഷ്കു: സലാം സ്വീകരിച്ചിരിക്കുന്നു. ഈ ആഴ്ച ‎സലാമിന്റേതാണെന്ന് തോന്നുന്നു. രണ്ടു ദിവസം മുമ്പ് ‎വേറൊന്നും കിട്ടിയിരുന്നു. അമര്‍ഷം പോസ്റ്റാക്കണമെന്ന് ‎കരുതിയാണ് എഴുതാനിരുന്നത്. അപ്പൊഴാണ് ചിന്ത കാടുകയറിയത്. ‎വിരസത: സമയത്തെ ഒന്നു സൂചിപ്പിക്കണമെന്ന് കരുതി. ‎ഇടവഴിയല്ലേ, മരങ്ങള്‍ക്കിടയിലൂടെ വരുന്ന രശ്മികളും ‎കിടക്കട്ടെയെന്ന് കരുതി. ഒരുപാട് പേര്‍ ഛര്‍ദ്ദിച്ചതാണെങ്കിലും....‎
‎ ‎nisa um

siva // ശിവ said...

good writing....

sv said...

കണ്ണിരിനു മാപ്പ് മതിയാകുമോ....

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശെഫി said...

വരാന്‍ വൈകി, നന്നായി എഴുതിയിരിക്കുന്നു

സജീവ് കടവനാട് said...

ശിവകുമാര്‍,sv,ശെഫി> നന്ദി

Anonymous said...

ശരിക്കും നോവിച്ചു. രാഷ്ട്രീയത്തിന് ഒരു സല്യൂട്ട്. ഇതു പണ്ടൊരിടത്ത് പറയാന്‍ ശ്രമിച്ചാണ് എനിക്ക് അരാഷ്ട്രീയവാ‍ദി എന്ന പേര് കിട്ടിയത്.

(ശരിക്കും അരാഷ്ട്രീയവാദി തന്നെ. അതു വേറെ ഒരു അര്‍ത്ഥത്തില്‍. എനിക്ക് രാഷ്ട്രീ‍യം ഉണ്ട്. എന്റെ വഴിവക്കില്‍ കാണുന്നവരുടെ ജീവിതത്തെ തൊടുന്ന എന്തുപ്രശ്നത്തിലും.)

Suraj said...

വരികള്‍ക്കിടയില്‍...ഇടറുന്നു.
ഗുപ്തന്‍ പറഞ്ഞതിന് ഒരു അടിവര- ഇതുതന്നെയാണ് രാഷ്ട്രീയം!

സജീവ് കടവനാട് said...

മനു രാഷ്ട്രീയം പറഞ്ഞാല്‍ അരാഷ്ട്രീയവാദിയാകുമോ? അവസാനം പറഞ്ഞ രാഷ്ട്രീയമില്ലേ അതു തന്നെയാണ് ഏത് രാഷ്ടീയത്തിന്റേയും അടിത്തറ.
ഡോകടറേ വായനക്ക് നന്ദി. ആ വഴിക്കൊക്കെ വരാറുണ്ട്. കമന്റാനുള്ള ത്രാണിയുണ്ടാകാറില്ലെന്നുമാത്രം.മനു രാഷ്ട്രീയം പറഞ്ഞാല്‍ അരാഷ്ട്രീയവാദിയാകുമോ? അവസാനം പറഞ്ഞ രാഷ്ട്രീയമില്ലേ അതു തന്നെയാണ് ഏത് രാഷ്ടീയത്തിന്റേയും അടിത്തറ.
ഡോകടറേ വായനക്ക് നന്ദി. ആ വഴിക്കൊക്കെ വരാറുണ്ട്. കമന്റാനുള്ള ത്രാണിയുണ്ടാകാറില്ലെന്നുമാത്രം.

മൂര്‍ത്തി said...

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ശരിയായ നഷ്ടപരിഹാരം, പുനരധിവാസം എന്നിവയൊക്കെ അവരുടെ അവകാശമാണ്. അത് നടപ്പിലാക്കുന്നതില്‍ വരുന്ന വീഴ്ചകള്‍ എവിടെയായാലും അപലപനീയം. പരിഹരിക്കപ്പെടണം.

സജീവ് കടവനാട് said...

മൂര്‍ത്തിയേട്ടാ, ആരേയെങ്കിലും കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വികസനത്തെ സപ്പോര്‍ട്ടുചെയ്യാന്‍ കഴിയുമോ?

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP