എന്നും ഇറങ്ങാറുള്ള കടവാണ്. എന്നിട്ടും ഓരോതവണ കുളത്തിലിറങ്ങുമ്പോഴും അച്ഛമ്മ കാലുകൊണ്ടൊന്നു തുഴഞ്ഞുനോക്കും. ആഴമളക്കും. ചിരിയാണ് വരിക. രണ്ട് മണിക്കൂറുമുമ്പുണ്ടായിരുന്ന ആഴം തന്നെയല്ലേ ഇപ്പോഴും കാണൂ എന്ന് പരിഹാസത്തോടെ ചോദിക്കുകയും ചെയ്യും. എന്നാലും അച്ഛമ്മ പിന്നെയും ആവര്‍ത്തിക്കും. ഇപ്പോഴതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല എങ്കിലും...
ഷെല്‍വി പിന്നെയും പിന്നെയും വിളിച്ചുപറഞ്ഞപ്പോഴാണ് ഇറങ്ങിപുറപ്പെട്ടത്. നിളയെ കുറിച്ച് വ്യത്യസ്തതയുള്ള ഒരു പുസ്തകമെഴുതണമെന്നാണ് നിര്‍ദ്ദേശം. ആലംകോട് ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’റഫറുചെയ്യാം ആവര്‍ത്തനമാകരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.
വ്യത്യസ്തതയല്ലേ. അങ്ങേ തലമുതല്‍ ഇങ്ങേ തലവരെ ഒരു യാത്ര. കാല്‍നടയായി. എല്ലാകടവിലുമിറങ്ങാം. പുഴയെ അടുത്തറിയാം. ഓരോ ഭാവങ്ങളും നേരിട്ട് ഡയറിയിലേക്ക് പകര്‍ത്താം. ആരും ചെയ്തിട്ടുണ്ടാവില്ല.
പുലരെ പാലക്കാട്ടേക്കുള്ള ബസ് കയറിയത് ഉത്ഭവസ്ഥാനത്തുനിന്ന് തുടങ്ങാമെന്ന് കരുതിയാണ്. കിഴക്കന്മലകളില്‍ നിന്ന് നീര്‍ച്ചാലായ് തുടങ്ങിയ അവളുടെ കളകളങ്ങളില്‍ അകമാലിന്യങ്ങളെ കഴുകിക്കളയുന്ന ഉള്‍ക്കുളിരുണ്ടായിരുന്നു. എല്ലാം ഡയറിയിലേക്ക് പകര്‍ത്തിവെച്ചു. നടന്നു. പടിഞ്ഞാറ്, പടിഞ്ഞാറെന്ന്...
കുന്തിപ്പുഴയോട് സംഘമിച്ച് കുഞ്ചന്റെ ലക്കിടിയും പിന്നിട്ട് നാണ്വാരുടെ തോളില്‍ കൈകോര്‍ത്ത് തിരുവില്ലാമലയും ചുറ്റി മെലിഞ്ഞും പരന്നും നിളപ്പെണ്ണ് നിലക്കാതൊഴുകി. കൂടെ, ഒന്ന് കിതപ്പാറ്റി, ഒതുക്കുകളില്‍ അന്തിയുറങ്ങി, കടവുകളില്‍ മുങ്ങിക്കുളിച്ച്, കാഴ്ചകള്‍ കണ്ട്, പൈതൃകവേരുകളിലൂടങ്ങിനെ...
ദിവസങ്ങള്‍ പിന്നിട്ടു. ഇടശേരിക്കവിതയിലെ കുറ്റിപ്പുറം പാലം വളഞ്ഞുപുളഞ്ഞ കൈവരികളുമായി നീണ്ടു നിവര്‍ന്നുകിടക്കുന്നു. മിനിപമ്പയിലൊന്ന് മുങ്ങിനീര്‍ന്ന് വീണ്ടും നടത്തം തുടങ്ങിയപ്പോള്‍ നാടെത്താറായതിന്റെ ഉത്സാഹത്തിലായിരുന്നു. തിരുനാവായിലെ ചരിത്രം മയങ്ങുന്ന പൂഴിയില്‍ പിതൃബലിയുടെ അവശിഷ്ടങ്ങള്‍. ചമ്രവട്ടം കടവെത്തിയപ്പോള്‍ ചമ്രവട്ടത്തയ്യപ്പനും തുഞ്ചനും ക്ഷണിച്ചു. കുറ്റിക്കാട് കടവെത്തുമ്പോഴേക്ക് വെള്ളത്തിനു നല്ല അടിയൊഴുക്ക്. ഇടക്കിടെ അപകടമരണങ്ങളുണ്ടാവാറുള്ളതാണ്.
ഇനി രണ്ടു കടവുകള്‍ കൂടി. അതോടെ ഭാവങ്ങള്‍ പൂര്‍ത്തീകരിക്കും. അലസമായി ഡയറി മറിച്ചുനോക്കികൊണ്ടാണ് നടത്തം. പള്ളിക്കടവും അഴിക്കടവും കഴിഞ്ഞ് പുഴയും കടലുമൊന്നിക്കുന്ന അഴിമുഖത്ത് കുറച്ചുനേരം ചെലവിടാം. ജങ്കാറില്‍ പുറത്തൂര് പോകാം. ടൂറിസംകാരുടെ ബോട്ടുസര്‍വ്വീസിനടുത്ത്, കടലിനോട് ചേര്‍ത്തൊരുക്കിയ ഇരിപ്പിടത്തിലിരുന്ന് അസ്തമയം കണ്ടശേഷം നേരെ വീടു പിടിക്കണം. ഷെല്‍വിയെ വിളിച്ചുപറയണം. ഡയറി നേരിട്ട് അവനെയേല്‍പ്പിക്കാം. ഭാഷാപരമായ തിരുത്തൊക്കെ അവന്‍ നടത്തട്ടെ. കൂട്ടിചേര്‍ക്കുകയോ വെട്ടിത്തിരുത്തുകയോ ചെയ്യട്ടെ.
ബോട്ട് ഇപ്പൊ പോയേ ഉള്ളൂ എന്നാണ് പള്ളിക്കടവിലെ ടോളുപിരിവുകാരന്‍ പറഞ്ഞത്. താഴെ പാകിയ കരിങ്കല്ലുകള്‍ക്കു മുകളില്‍ ചെങ്കല്ലുകൊണ്ട് മതിലു തീര്‍ത്തിട്ടുണ്ട് കടവില്‍. കടവിലേക്കുള്ള പ്രവേശനകവാടം മുള കുറുകെ വച്ച് അടച്ചിരിക്കുന്നു. പടിഞ്ഞാട്ടു നടന്നാല്‍ മതിലുതീരുന്നിടത്തുവെച്ച് പുഴയിലിറങ്ങാം. പാകിയ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍ ഡയറി ഒന്നുകൂടി മറിച്ചു നോക്കി. വീണ്ടും മറിച്ചുനോക്കി ആത്മരതിയില്‍ മുഴുകി. പാകിയ പാറക്കുമുകളിലേക്ക് ഓളങ്ങള്‍ അടിച്ചുകയറുന്ന പുഴയുടെ അതിരില്‍ നിന്നു. പുഴയോടൊത്ത് ദിവസങ്ങളായുള്ള സഹവാസമാണ്. പുഴയുടെ മിടിപ്പറിയാവുന്നവനെപ്പോലെ കാലെടുത്തുവച്ചു. ‘അമ്മേ....!!!’
നല്ല അടിയൊഴുക്ക്. വെള്ളത്തിനു മുകളില്‍ ഡയറിയുടെ താളുകള്‍ പരന്നൊഴുകി. തൊണ്ടയില്‍ നിന്നും മുകളിലേക്കുവരാഞ്ഞ ഒച്ച കണ്ഠനാളത്തില്‍ അലഞ്ഞു തിരിഞ്ഞു.
(മണ്മറഞ്ഞ ഷെല്‍വിച്ചായാ ക്ഷമീര്. ഹല്ല പിന്നെ!!)
മീര പാടുന്നൂ; മീരാബായിയുടെ ഒരു ഗീതത്തിന്റെ പരിഭാഷ
-
Do not mention the name of love,
O my simple minded companion
Strange is the path
When you offer your love
Your body is crushed at the first step കഥയില്ലാത...