എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...
തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല. ഈ കലയെ പ്രോത്സാഹിപ്പിക്കാന്‍ പണ്ടൊരു കളക്ടര്‍ ഒരു കലാലയം തന്നെ തുടങ്ങിയത് എനിക്ക് അറിയാം. കല അവിടെ നില്ക്കട്ടെ, അതല്ലല്ലോ നമ്മുടെ വിഷയം.
കുറച്ച് ചരിത്രം പറയാം. രണ്ടുകൊല്ലമായിക്കാണണം. പുലരാന്‍ നേരത്ത് താമിക്കുട്ട്യേട്ടന്റെ പീട്യേന്ന് ഒരു ചായ, അതൊരു ശീലമാണ്. അഞ്ചെട്ട് പേപ്പറ് മേശക്കുമുകളില്‍ നിരന്ന് കിടക്കുന്നുണ്ടാവും. എല്ലാ വിവരമില്ലാത്തവന്മാരെയും പോലെ ഞാനും പരമാവധി പേപ്പറുകള്‍ വായിച്ച് പരമാവധി വിവരം ഉണ്ടാക്കണം എന്ന് കരുതുന്നവനാണ്. അങ്ങിനെയാണ് ഞാനത് വായിച്ചത്. കാര്യം എന്റെ ഉപജീവനത്തെ ബാധിക്കുന്നതാണ്. അഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ തെങ്ങുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്ന് ഒരു പഠനം ഗ്രാഫോടുകൂടിയത്! മൂന്നാലുകൊല്ലത്തിനകം തെങ്ങുകള്‍ ചരിത്രമാകുമെന്ന്!! എനിക്ക് ആശങ്കയായി. എങ്ങിനെ ശങ്കിക്കാതിരിക്കും. ഞാനുമൊരു കലാകാരനല്ലേ... പട്ടിണിയായിപ്പോകില്ലേ...രണ്ടു ദിവസം മുമ്പ് കണിയാനും പറഞ്ഞത് ഉത്തരത്തില്‍ എട്ടുകാലിയാണ്, കഷ്ടകാലമാണ് എന്നൊക്കെതന്നെയായിരുന്നു.
എല്ലാവിവരവും, മുറിച്ചെടുത്ത റിപ്പോര്‍ട്ടും ഗ്രാഫും എന്റെ വക ഒരു പഠനവുമടക്കം ഗള്‍ഫിലെ അളിയനൊരു കത്തയച്ചു. അങ്ങിനെ ഞാനിവിടെയെത്തി. ഈ ഗള്‍ഫില്‍! കെളവനറബിയുടെ പൂന്തോട്ടം നനക്കാനാണ് വന്നത്. അടുക്കളപ്പണിയും കുത്തിയേടത്ത് മുളക്കാത്ത കുരുത്തം കെട്ട പുള്ളാരെ മേയ്ക്കലും നടുവൊടിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ കലാവാസന പുറത്തുവരാന്‍ തുടങ്ങിയത്. തോട്ടത്തിലെ അലങ്കാരപ്പനകളില്‍ ആദ്യമൊക്കെ കൊതിയോടെ നോക്കിനിന്നു. പിന്നെ പിന്നെ ആരും കാണാതെ കയറിയിറങ്ങി. രസം കയറിയപ്പോള്‍ മനസ്സിനെ അടക്കി നിറുത്താന്‍ കഴിയാതെയായി. തന്റെ കഴിവ് എങ്ങിനെയെങ്കിലും കെളവനെ ബോധ്യപ്പെടുത്തണമെന്നായി ചിന്ത. കെളവന് തോട്ടങ്ങളുണ്ട്, തോട്ടങ്ങളല്ല ഈന്തപ്പനക്കാടുകള്‍. യന്ത്രമുപയോഗിച്ചാണത്രേ വിളവെടുപ്പ്. യന്ത്രമാകുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനും ആള് വേണം. എനിക്കാകുമ്പോള്‍ പ്രത്യേകിച്ചൊരു ചെലവില്ല. എന്നിലെ കലയും വളരും.
ഒരു വിധം കെളവനെ ബോധ്യപ്പെടുത്തി. വിളവെടുപ്പ് തുടങ്ങിയപ്പോള്‍ ഞാനും യന്ത്രങ്ങളോടൊപ്പം പണി തുടങ്ങി. ങാ, അവിടെ വച്ചാണല്ലോ നിങ്ങളെ പരിചയപ്പെട്ടത്. അവിടെ വച്ച് എന്റെ കഷ്ടകാലം തുടങ്ങി എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് നിങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ താന്തോന്നിത്തരങ്ങളാണ് എന്റെ കല എന്ന് മനസ്സിലാക്കാതെ നിങ്ങളെ അക്ഷരം പ്രതി അനുസരിച്ചത് എന്റെ തെറ്റു തന്നെയല്ലേ?
നിങ്ങളെന്റെ കല ആസ്വദിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ ഒന്നുകൂടി നന്നാക്കാന്‍ശ്രമിച്ചു. ആസ്വാദകരുണ്ടാകുമ്പോള്‍ ഏത് കലയാണ് മെച്ചപ്പെടാതിരിക്കുക. എന്റെ ശൈലി ആധുനികത്തിനും ഉത്തരാധുനികത്തിനും ഇടക്കാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി! തുടക്കത്തില്‍ വേഗത്തില്‍ കയറി പിന്നെയൊന്ന് പതുക്കെയാക്കി പിന്നെയും വേഗത്തില്‍ കയറുന്ന ഉത്തരാധുനിക ശൈലിയാണ് എനിക്ക് ചേരുക എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചു. എനിക്കും വലിയ കലാകാരനാകേണ്ടേ? നടുവ് വിലങ്ങി ആശുപത്രിയിലായപ്പോഴും നിങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വലിയവനാകാന്‍ പലതും സഹിക്കണമെന്ന് മാത്രം ചിന്തിച്ചു.
ആശുപത്രിയില്‍ നിന്നും വന്നതിന്റെ പിറ്റേന്നു തന്നെ ബാക്കിയുള്ള പനകളില്‍ കയറുവാനുള്ള കല്‍പ്പന തന്നു, കെളവന്. ശമ്പളം കട്ടുചെയ്യുമെന്ന ഭീഷണിയും. ഞാന്‍ തളപ്പുമെടുത്ത് തോട്ടത്തിലേക്കിറങ്ങി. അവിടെ അക്ഷമനായി നില്ക്കുന്ന നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പൂര്‍ണ്ണമായും വേദനമാറാത്തതുകൊണ്ട് ഞാന്‍ പതുക്കെയാണ് കയറിതുടങ്ങിയത്. മുകളിലേക്കെത്തും തോറും സ്പീഡുകൂടുന്ന ക്ലാസിക്കല്‍ രീതി. എന്റെ മാറ്റം നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ മുഖഭാവം കണ്ടപ്പഴേ എനിക്ക് മനസ്സിലായി. നിങ്ങളുടെ മുഖം പ്രസാദപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ഉത്തരാധുനികനാവാന്‍ ശ്രമിച്ചു. നിങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി, ഞാന്‍ അനുസരിക്കാനും. മുകളില്‍നിന്നും താഴേക്ക് ശ്ര്‍ര്‍ര്‍റേ...ന്ന് ഊര്‍ന്നിറങ്ങുന്ന രീതി ശരിയല്ലെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് പുതിയ രീതിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. നിങ്ങളുപറഞ്ഞ പുതിയ രീതിയൊന്ന് പരീക്ഷിക്കാമെന്ന് ഞാനും കരുതി. തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!
ഞാനിവിടെ പുതിയ ലോകത്തേക്കുള്ള വിസയും കാത്ത് കിടക്കുകയാണ്. ആ അപ്പോത്തിക്കിരികള്‍ ആധുനികരീതികളും ഉത്തരാധുനിക രീതികളും എന്നില്‍ പരീക്ഷിക്കുന്നുണ്ട്. ഫലമുണ്ടാകില്ല എന്ന് എനിക്കറിയാം. കാര്യങ്ങളിങ്ങിനെയൊക്കെയാണെങ്കിലും എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല കേട്ടോ, അല്ലെങ്കില്‍ ഞാനെന്തിന് നിങ്ങളോട് ദേഷ്യപ്പെടണം...? എങ്കിലും എനിക്ക് ഒരു ആഗ്രഹമുണ്ട് , പറഞ്ഞാല്‍ എന്തെങ്കിലും തോന്നുമോ...? എങ്കിലും പറയാം...പുതിയ ലോകത്തിലെങ്കിലും ഒരു നല്ല പരവനായെങ്കില്‍...
ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ
കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ
പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്
-
“ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം,
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത...
20 comments:
എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...
അവിടെയാണു സുഹൃത്തേ നിങ്ങള്‍ക്കു തെറ്റുപറ്റിയത്, നിങ്ങള്‍ അപ്പോത്തിക്കിരികളുടെ അടുത്ത് പോകാതെ നല്ല നാട്ടു വൈദ്യന്റെ അടുത്ത് പോയിരുന്നെങ്കില്‍, കൈ തൊടാതെ കയറാമായിരുന്നു..! ഇനിയും സമയം കളയാതെ നാട്ടു വൈദ്യം ഒന്നു പരീക്ഷിച്ചു നോക്കൂ ഫലം ഷിപ്രം..!
പറ്റാനുള്ളതു പറ്റി... ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം... മണ്ണാങ്കട്ട!
;)
തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!
വികെഎന്‍ ശൈലിയാണല്ലോ അത്
കൊള്ളാം നന്നായി
:)
ഉപാസന
നന്നായി കിനാവേ.ഇത് ആത്മവിമര്ശനമോ !
അല്ല എനിക്കു തോന്നുന്നത് ഇത് തലകീഴായ പുതിയ സാഹിത്യരീതിശാസ്ത്രത്തോടുള്ള വിമര്‍ശനം തന്നെ.നന്നായി കഥയില്‍ കാര്യങ്ങള്‍ നന്നായവതരിപ്പിച്ചിരിക്കുന്നു.
"തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല."
- പണ്ടാരോ പണ്ട് എന്ന് പറയേണ്ട കാര്യമില്ല. പണ്ടാരോ എന്ന് പറഞ്ഞാല്‍ മതി. പണ്ട് ആരോ എന്ന് അടുത്ത വരിയില്‍ എഴുതിയിരിക്കുന്നു - ഇതും തെറ്റാണ്. ലോപസന്ധിയാണ് ഇവിടെ വരേണ്ടത്. പണ്ട് + ആരോ -> പണ്ടാരോ.
ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് ജോണ്‍ റസ്കിന് എഴുതിയ അണ്റ്റു ദിസ് ലാസ്റ്റ് എന്ന കൃതിയാണ്. ഇതില്‍ നാല് ഉപന്യാസങ്ങളിലായി അവസാനത്തെ തെങ്ങുകയറ്റക്കാരന് വരെ തെങ്ങുകയറണം എന്ന് വ്യംഗ്യത്തില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ. ഗാന്ധിജിയെ വളരെ പ്രചോദിപ്പിച്ച ഒരു കൃതിയാണ് ഇത്. നീഷേയുടെ ''ഉബര്‍ മാന്‍'' എന്ന തത്വവും ഇവിടെ പ്രാവര്‍ത്തികമാണ്. (ദസ് സ്പേക് സരതുസ്ട്ര, ഫ്രീഡ്രിഹ് നീഷേ, പെന്ഗ്വിന് ബുക്സ്)
എങ്കിലും ഈ കത്തില്‍ വെളിച്ചം ഇല്ല. ഇത് എഴുതിയത് രാവിലെയാണോ വൈകിട്ടാണോ എന്ന് കത്ത് വായിച്ചിട്ട് മനസിലാവുന്നില്ല. എഴുതിയ സമയത്തെ നിറങ്ങള്‍ ഈ കത്തില്‍ പ്രതിഫലിക്കുന്നില്ല. സൂര്യപ്രകാശത്തിനു സാഹിത്യത്തില്‍ ഉള്ള സ്വാധീനം പറയേണ്ടതില്ലല്ലോ. ഇമ്പ്രഷനിസം എന്ന സാഹിത്യ / കലാശാഖ തന്നെ ഇതില്‍നിന്നും ഉരുത്തിരിഞ്ഞതാണ്. ഇനി എഴുതുമ്പോള്‍ ഇതും മനസ്സില്‍ വയ്ക്കാന്‍ താല്പര്യം.
സ്വന്തം;
ദു.ധ്രി.
ദു.ധ്രി....
കൃഷ്ണന് നായരുടെ പ്രേതം ബാധിച്ചോ രാജകുമാരാ.. ;)
കിനാവ് ചേട്ടാ... ചേട്ടന് തെങ്ങില്ലാതെ തെങ്ങുകയറുന്നില്ലേ വാരഫലത്തില്‍...അപ്പോള്‍ പിന്നെ ഈ പനകയറ്റമൊക്കെ എന്തുകയറ്റം...
പ്രിയ ദുര്യോധനാ,
താങ്കള്‍ ദുര്യോധനനാണോ, ധൃതരാഷ്ട്രരാണോ, അതോ സ്വയം കണ്ണ് മൂടിക്കെട്ടിയ ഗാന്ധാരിയോ എനിക്കറിഞ്ഞുകൂടാ. എങ്കിലും ചിലത് പറയുന്നു.
ആശുപത്രിയില്‍ മരണം കാത്തുകിടക്കുന്നവന് എഴുതുന്ന കത്താണോ ഇത്. അങ്ങിനെ തോന്നുന്നെങ്കില്‍ അങ്ങിനെയാകട്ടെ. ഈ കഥ പൂര്‍ണ്ണമായും കൊളോക്കിയല്‍ ഭാഷയില്‍ എഴുതണമെന്നണ് കരുതിയിരുന്നത്. പിന്നെ വേണ്ടെന്ന് വച്ചതാണ്. ‘പണ്ടാരോ പണ്ട്’ എന്നത് എന്റെ ഒരു സുഹൃത്തിന്റെ സ്ഥിരം പ്രയോഗമാണ്. അതങ്ങ് സ്വീകരിച്ചു എന്നേ ഉള്ളൂ. പിന്നെ ഒരു പരവന്റെ ഭാഷയല്ലേ. ഗ്രാമറൊന്നും തീരെ കാണണമെന്നുമില്ല. രണ്ടാമതു പറഞ്ഞ ‘പണ്ടാരോ’ ‘പണ്ടാരോ’അല്ല. ‘പണ്ട് ആര്’ആണ്. ‘ആരി’നാണ് പ്രാധാന്യം. ഈ രണ്ടു വാക്കുകള്‍ക്കും ഒന്നിച്ചു നില്‍ക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അതുകൊണ്ട്തന്നെ ലോപിക്കേണ്ടതുമില്ല.
ഇത് എഴുതിയത് രാവിലെയാണോ രാത്രിയാണോ നട്ടുച്ചക്കാണോ രണ്ടെണ്ണം വിട്ടിട്ടാണോ എന്നൊന്നും ടോര്ച്ചടിച്ചുനോക്കിയീട്ടും താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ എന്റെ എഴുത്ത് വിജയിച്ചു എന്ന് ഞാന്‍ കരുതുന്നു. തുറന്ന് പറഞ്ഞതിന് നന്ദി. ലിങ്കുകളൊക്കെ വായിച്ചു നോക്കിയിട്ട് പിന്നേം വരാം. ലിങ്ക് ഇംഗ്ലീഷിലാണേല് ഞമ്മള് ശ്ശി കഷ്ടപ്പെടൂലോ...
മനുച്ചേട്ടാ,
വന്നതിന് നന്ദി. വാരഫലത്തില്‍ ഞാന്‍ തെങ്ങ് പോയിട്ട് ഒരു ശീമക്കൊന്നയില്‍ പോലും കയറുന്നില്ല. എന്റെ വായനാലിസ്റ്റ് ഒരു പോസ്റ്റാക്കുന്നു. അത്രേ ള്ളൂ. ശ്രദ്ധിക്കപ്പെടാന്‍ വാരഫലം എന്ന പേര് കൊടുത്തെന്നേയുള്ളൂ. ഞാനതിന്റെ ടൈറ്റിലില്‍ മാറ്റം വരുത്തുന്നുണ്ട്. പോരേ?
ക്രിയാത്മകവിമര്ശനവും നിരൂപണവുമൊക്കെ സാഹിത്യത്തെ വളര്‍ത്തുകയേ ഉള്ളൂ തളര്‍ത്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ചട്ടക്കൂടുകളെയാണ് എതിര്‍ക്കുന്നത്. അങ്ങിനെയെഴുതണം, ഇങ്ങിനെയെഴുതണം, ആ നേരത്തെഴുതണം, ഈ നേരത്തെഴുതണം, മാറ്റിയെഴുതണം, ഇന്നയാളെഴുതിയപോലെ എഴുതണം തുടങ്ങിയ നിര്‍ദ്ദേശങ്ങളെ.
ഇതു കലക്കിയിട്ടുണ്ട്
ആധുനീകം തന്നെ
കല വളരുകയാണ് - മുകളിലോട്ട്
കിനാവേ... മനസ്സിലായി.;) അതു ദു ധ്രി.യോട് നേരെ പറഞ്ഞൂല്ലോ പെരിങ്ങോടനും ഞാനും.
വിയോജിപ്പ് അവിടെ ഒരു സൂചനയില്‍ ഒതുക്കിയിട്ട് ഇവിടെ ആഘോഷമായിട്ട് കൊട്ടിയപ്പോല് ഒന്നു കമന്റിയെന്നേയുള്ളൂ
താങ്കളുടെ വാരഫലം നല്ല ഏര്‍പ്പാട് തന്നെയാണ്. തീര്‍ച്ഛയായും തുടരണം :)
വറുതെ തോട്ടം നനച്ചും പിള്ളാരെ കളിപ്പിച്ചും നടന്നാ പോരായിരുന്നോ.. അനുഭവീര്..ഹല്ലപിന്നെ...:)
കുഞ്ഞന്‍, ശ്രീ, സുനില്‍, സനാതനന്, ദുര്യോ, മനു, ബാജിയേട്ടന്‍, നജീം വായനക്കും അഭിപ്രായത്തിനും നന്ദി.
തെങ്ങുകയറ്റം മാത്രമല്ല, ഊണുകഴിക്കുന്നതും പരദൂഷണം പറയുന്നതും എല്ലാം ഒരു കലയാണ്...;)
നല്ല അവതരണശൈലി....:)
കിനവേ...
നന്നായി.....പോരട്ടെ ഈ ടൈപ്പ്...ഇനിയും
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
മയൂര, മന്‍സൂര്‍ നന്ദി.
ഇഷ്ടമായി
അഭിനന്ദനങ്ങള്‍...
ഇതില്‍ നിന്നും എനിക്ക് മനസ്സിലായൊരു കാര്യം കിനാവിനു എഴുതാനറിയാം എന്നാണ്. പിന്നെ ഒന്നും നോക്കാനില്ലെന്നേ...ധീരമായ് മുന്നോട്ട് പോകട്ടെ
തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!
അതല്ലേ ഇതു?
ദ്രൌപതി, മുരളിയേട്ടന്, വാല്മീകി നന്ദി.വാത്മീകി അതാണോ ഇത്.
Post a Comment