Showing posts with label നിള. Show all posts
Showing posts with label നിള. Show all posts

നിള -50 ഭാവങ്ങള്‍!!

എന്നും ഇറങ്ങാറുള്ള കടവാണ്. എന്നിട്ടും ഓരോതവണ കുളത്തിലിറങ്ങുമ്പോഴും അച്ഛമ്മ കാലുകൊണ്ടൊന്നു തുഴഞ്ഞുനോക്കും. ആഴമളക്കും. ചിരിയാണ് വരിക. രണ്ട് മണിക്കൂറുമുമ്പുണ്ടായിരുന്ന ആഴം തന്നെയല്ലേ ഇപ്പോഴും കാണൂ എന്ന് പരിഹാസത്തോടെ ചോദിക്കുകയും ചെയ്യും. എന്നാലും അച്ഛമ്മ പിന്നെയും ആവര്‍ത്തിക്കും. ഇപ്പോഴതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല എങ്കിലും...

ഷെല്‍‌വി പിന്നെയും പിന്നെയും വിളിച്ചുപറഞ്ഞപ്പോഴാണ് ഇറങ്ങിപുറപ്പെട്ടത്. നിളയെ കുറിച്ച് വ്യത്യസ്തതയുള്ള ഒരു പുസ്തകമെഴുതണമെന്നാണ് നിര്‍ദ്ദേശം. ആലംകോട് ലീലാകൃഷ്ണന്റെ ‘നിളയുടെ തീരങ്ങളിലൂടെ’റഫറുചെയ്യാം ആവര്‍ത്തനമാകരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.

വ്യത്യസ്തതയല്ലേ. അങ്ങേ തലമുതല്‍ ഇങ്ങേ തലവരെ ഒരു യാത്ര. കാല്‍‌നടയായി. എല്ലാകടവിലുമിറങ്ങാം. പുഴയെ അടുത്തറിയാം. ഓരോ ഭാവങ്ങളും നേരിട്ട് ഡയറിയിലേക്ക് പകര്‍ത്താം. ആരും ചെയ്തിട്ടുണ്ടാവില്ല.

പുലരെ പാലക്കാട്ടേക്കുള്ള ബസ് കയറിയത് ഉത്ഭവസ്ഥാനത്തുനിന്ന് തുടങ്ങാമെന്ന് കരുതിയാണ്. കിഴക്കന്മലകളില്‍ നിന്ന് നീര്‍ച്ചാലായ് തുടങ്ങിയ അവളുടെ കളകളങ്ങളില്‍ അകമാലിന്യങ്ങളെ കഴുകിക്കളയുന്ന ഉള്‍ക്കുളിരുണ്ടായിരുന്നു. എല്ലാം ഡയറിയിലേക്ക് പകര്‍ത്തിവെച്ചു. നടന്നു. പടിഞ്ഞാറ്, പടിഞ്ഞാറെന്ന്...

കുന്തിപ്പുഴയോട് സംഘമിച്ച് കുഞ്ചന്റെ ലക്കിടിയും പിന്നിട്ട് നാണ്വാരുടെ തോളില്‍ കൈകോര്‍ത്ത് തിരുവില്ലാമലയും ചുറ്റി മെലിഞ്ഞും പരന്നും നിളപ്പെണ്ണ് നിലക്കാതൊഴുകി. കൂടെ, ഒന്ന് കിതപ്പാറ്റി, ഒതുക്കുകളില്‍ അന്തിയുറങ്ങി, കടവുകളില്‍ മുങ്ങിക്കുളിച്ച്, കാഴ്ചകള്‍ കണ്ട്, പൈതൃകവേരുകളിലൂടങ്ങിനെ...

ദിവസങ്ങള്‍ പിന്നിട്ടു. ഇടശേരിക്കവിതയിലെ കുറ്റിപ്പുറം പാലം വളഞ്ഞുപുളഞ്ഞ കൈവരികളുമായി നീണ്ടു നിവര്‍ന്നുകിടക്കുന്നു. മിനിപമ്പയിലൊന്ന് മുങ്ങിനീര്‍ന്ന് വീണ്ടും നടത്തം തുടങ്ങിയപ്പോള്‍ നാടെത്താറായതിന്റെ ഉത്സാഹത്തിലായിരുന്നു. തിരുനാവായിലെ ചരിത്രം മയങ്ങുന്ന പൂഴിയില്‍ പിതൃബലിയുടെ അവശിഷ്ടങ്ങള്‍. ചമ്രവട്ടം കടവെത്തിയപ്പോള്‍ ചമ്രവട്ടത്തയ്യപ്പനും തുഞ്ചനും ക്ഷണിച്ചു. കുറ്റിക്കാട് കടവെത്തുമ്പോഴേക്ക് വെള്ളത്തിനു നല്ല അടിയൊഴുക്ക്. ഇടക്കിടെ അപകടമരണങ്ങളുണ്ടാവാറുള്ളതാണ്.

ഇനി രണ്ടു കടവുകള്‍ കൂടി. അതോടെ ഭാവങ്ങള്‍ പൂര്‍ത്തീകരിക്കും. അലസമായി ഡയറി മറിച്ചുനോക്കികൊണ്ടാണ് നടത്തം. പള്ളിക്കടവും അഴിക്കടവും കഴിഞ്ഞ് പുഴയും കടലുമൊന്നിക്കുന്ന അഴിമുഖത്ത് കുറച്ചുനേരം ചെലവിടാം. ജങ്കാറില്‍ പുറത്തൂര് പോകാം. ടൂറിസംകാരുടെ ബോട്ടുസര്‍വ്വീസിനടുത്ത്, കടലിനോട് ചേര്‍ത്തൊരുക്കിയ ഇരിപ്പിടത്തിലിരുന്ന് അസ്തമയം കണ്ടശേഷം നേരെ വീടു പിടിക്കണം. ഷെല്‍‌വിയെ വിളിച്ചുപറയണം. ഡയറി നേരിട്ട് അവനെയേല്‍പ്പിക്കാം. ഭാഷാപരമായ തിരുത്തൊക്കെ അവന്‍ നടത്തട്ടെ. കൂട്ടിചേര്‍ക്കുകയോ വെട്ടിത്തിരുത്തുകയോ ചെയ്യട്ടെ.

ബോട്ട് ഇപ്പൊ പോയേ ഉള്ളൂ എന്നാണ് പള്ളിക്കടവിലെ ടോളുപിരിവുകാരന്‍ പറഞ്ഞത്. താഴെ പാകിയ കരിങ്കല്ലുകള്‍ക്കു മുകളില്‍ ചെങ്കല്ലുകൊണ്ട് മതിലു തീര്‍ത്തിട്ടുണ്ട് കടവില്‍. കടവിലേക്കുള്ള പ്രവേശനകവാടം മുള കുറുകെ വച്ച് അടച്ചിരിക്കുന്നു. പടിഞ്ഞാട്ടു നടന്നാല്‍ മതിലുതീരുന്നിടത്തുവെച്ച് പുഴയിലിറങ്ങാം. പാകിയ കല്ലുകള്‍ക്ക് മുകളിലൂടെ നടക്കുമ്പോള്‍ ഡയറി ഒന്നുകൂടി മറിച്ചു നോക്കി. വീണ്ടും മറിച്ചുനോക്കി ആത്മരതിയില്‍ മുഴുകി. പാകിയ പാറക്കുമുകളിലേക്ക് ഓളങ്ങള്‍ അടിച്ചുകയറുന്ന പുഴയുടെ അതിരില്‍ നിന്നു. പുഴയോടൊത്ത് ദിവസങ്ങളായുള്ള സഹവാസമാണ്. പുഴയുടെ മിടിപ്പറിയാവുന്നവനെപ്പോലെ കാലെടുത്തുവച്ചു. ‘അമ്മേ....!!!’

നല്ല അടിയൊഴുക്ക്. വെള്ളത്തിനു മുകളില്‍ ഡയറിയുടെ താളുകള്‍ പരന്നൊഴുകി. തൊണ്ടയില്‍ നിന്നും മുകളിലേക്കുവരാഞ്ഞ ഒച്ച കണ്ഠനാളത്തില്‍ അലഞ്ഞു തിരിഞ്ഞു.



(മണ്മറഞ്ഞ ഷെല്‍‌വിച്ചായാ ക്ഷമീര്. ഹല്ല പിന്നെ!!)

ഓളങ്ങള്‍ നിലക്കുമോ....

ഞായറാഴ്ച.
അവധിദിനത്തിന്റെ ആലസ്യവും ഉച്ചയൂണും കഴിഞ്ഞു, വൈകുന്നേരത്തിലേക്ക്‌ ചാഞ്ഞിറങ്ങുന്ന ചാറ്റല്‍മഴ. "ഹലാക്കിലെ മഴ" ഞാന്‍ മഴയെ പ്രാകി. ചിണുങ്ങി ചിണുങ്ങി കരഞ്ഞ്‌ ഉറങ്ങിപ്പോയ പാറുക്കുട്ടിയെപ്പോലെ മഴ പെയ്ത്തുനിര്‍ത്തി. മഴയുറങ്ങിയപ്പോള്‍ വഴികളുണര്‍ന്നു. ബൈക്കിലെത്തിയ കൂട്ടുകാരോടൊത്തിറങ്ങുമ്പോള്‍ അമ്മ പിന്നില്‍, "ഞ്ഞി പാതിരാത്രീലെത്ത്യാമതീ, ട്ടാ"

കൊല്ലന്‍പടിയിലെത്തിയപ്പോള്‍ കൂട്ടുകാരിലാരോ പറഞ്ഞു "പുഴമ്പ്രത്തേക്കു പോകാം"
"ഓ വേണ്ട, കഴിഞ്ഞയാഴ്ച പോയതല്ലേ...."
കഴിഞ്ഞ ഞായറാഴ്ച പുഴമ്പ്രത്തയിരുന്നു. ബോട്ടു വാടകക്കെടുത്തു പുഴയില്‍, കൂട്ടുകാരുടെ നാടന്‍പാട്ടിനൊത്തു തുഴഞ്ഞ്‌ തുഴഞ്ഞ്‌...... കൂട്ടിനോരോ ബിയറും
"നമുക്ക്‌ അഴിമുഖത്തു പോകാം"

കുറച്ചുമുമ്പിവിടെ മഴ പെയ്തിരുന്നുവെന്ന് വിളിച്ചറിയിക്കുമ്പോലെ നനഞ്ഞ മരങ്ങള്‍ സൂര്യവെളിച്ചത്തില്‍ തിളങ്ങി. ജങ്കാറില്‍ നിന്നിറങ്ങി പാഞ്ഞുവരുന്ന ലോറിയും ബസ്സുമൊക്കെ പൊടിക്കാറ്റു വീശി കടന്നുപോയി. ഇവിടെ മഴപെയ്തിട്ടേയില്ലെന്ന് തിളങ്ങുന്ന പഞ്ചാരമണലുവിളിച്ചുപറയുന്നു.പൂഴിമണലില്‍ കുസൃതിച്ചുഴി തീര്‍ത്ത കാറ്റ്‌ മുഖത്തേക്കടിച്ചപ്പോള്‍ സുഖമുള്ള സൂചികുത്ത്‌.

കിഴക്കന്‍ മലനിരകളിലൂടെ കുസൃതിച്ചിരി ചിരിച്ച്‌, ഭൂമുഖത്തിന്റെ പാപങ്ങള്‍ കഴുകി, പിതൃക്കള്‍ക്കു ബലിദര്‍പ്പണം നടത്തി, വെറും മണല്‍ച്ചാലായ്‌ സ്വയം ബലിനല്‍കി,പിന്നെയുമൊഴുകി പുന്നാരപ്പുഴയതാ സമുദ്രത്തിലലിയിയുന്നു. നിള മാത്രമല്ല, പടിഞ്ഞാറേതലക്കല്‍ പകലോനുമുണ്ടായിരുന്നു, ചുവന്നു തുടുത്ത മുഖവുമായി, ആഴിയിലലിയാന്‍.

പുഴ കടലിലലിയുന്നതിന്‌ തൊട്ടു തെക്കു ഭാഗത്തായി കടലു കുറച്ചൊന്നുള്‍വലിഞ്ഞിരിക്കുന്നു, ഒരു തുരുത്തു പോലെ, മൂന്ന് ഭാഗവും കടലാല്‍ ചുറ്റപ്പെട്ട്‌. ഞങ്ങളൊന്നിറങ്ങി, തുരുത്തിലേക്ക്‌. ഇഷ്ടമാകാഞ്ഞതിനാലാകണം ഒന്നു മുരണ്ട്‌, കൂറ്റന്‍ തിരയായി, മൂന്നു ഭാഗത്തുനിന്നും , "ഹെന്റമ്മോ" ഞങ്ങളു തിരിച്ചു കയറി.

കടലമ്മയുടെ ശൌര്യവും കുസൃതിയും കണ്ട് അങ്ങിനെ കുറേനേരം... സമയം പോയതറിഞ്ഞേ ഇല്ല. ഞങ്ങളെപ്പോലെ ഒരുപാടുപേര്‍, പുതുമിഥുനങ്ങള്‍, കുട്ടികള്‍...

പടിഞ്ഞാറ്‌ ഒരുപകല്‌ കിടന്നു പിടയുന്നു. ഒരു പകലിന്റെ ഒടുക്കം. പാതി മുങ്ങിയ സൂര്യ ന്റെ ചെമപ്പ്‌ കടലിലലിഞ്ഞു. കടലു ചുവന്നപ്പോള്‍ കണ്ണാടിപോലെ മാനവും ചുകന്നു. ചോപ്പിന്റെ അര്‍ത്ഥഭേധങ്ങള്‍ കണ്ണിറുക്കികാണിച്ചപ്പോളാണോ ഇരുള്‍ പരന്നത്‌, അറിഞ്ഞൂടാ...

തിരിയെപ്പോരുമ്പോഴുണ്ട്‌ കനോലിക്കനാലില്‍ മണലുകടത്തിന്റെ തോണിത്തിരക്ക്‌. റാന്തല്‍വെളിച്ചത്തില്‍, കണ്ണ് വെട്ടിച്ചും കൈക്കൂലികൊടുത്തും നടത്തുന്ന മണല്‍ക്കൊള്ള. പണ്ട്‌ കനോലിക്കനാല്‍ പൊന്നാനിക്ക്‌ വാണിജ്യപ്രാധാന്യമുള്ള ഗതാഗത മാര്‍ഗ്ഗമായിരുന്നു.

"ചീറിയലറുമലയാഴിയാം വാക്യത്തിന്നു
കീഴ്‌വരയിട്ടപോലാം കനോലിക്കനാല്‍"

കവിക്കു സര്‍വ്വം കാവ്യ മയം. ഇടശ്ശേരിക്ക്‌ അറബിക്കടലൊരു വാക്യം, കനോലിക്കനാലൊരടിവര. കനോലിക്കനാലിന്നു കിഴക്ക്‌ എന്റെ കൊച്ചു'കടവനാട്‌'. ഇടശ്ശേരിയുടെ തന്നെഭാഷയില്‍:

പാരാപ്പരപ്പാകുമീത്തങ്കവയലുകള്‍ തന്‍തീരത്തില്‍
തെങ്ങിന്‍ പീലികള്‍ തന്‍ കീഴില്‍
‍അന്നത്തിന്നിരപ്പവര്‍, മേല്‍പ്പുരയില്ലാത്തവ-
രങ്ങിനെ പാര്‍പ്പുണ്ടല്ലോ മനുജരേറെ.
കാലടി വെച്ചു കൊള്ളാന്‍ കണ്ടോര്‍തന്നുഭയങ്ങള്‍,
നീലനിശ്ശൂന്യത താന്‍ തലക്കുമീതെ.
ചൂഴും ചകിരിക്കുഴി ചുറ്റും വമിക്കും കെട്ട-
ചൂരുകൊണ്ടഹര്‍ണിശം നിശ്വസിപ്പോര്‍.
ഓരു കടന്ന കെട്ട നീരുകൊണ്ടുദിനംനീറുന്ന
ജഠരത്തെത്തണുപ്പിക്കുന്നോര്‍.

ഞങ്ങളുടെ പുഴയ്ക്കിപ്പോഴും ജീവനുണ്ട്‌. ബിയ്യംകായലിനു കുറുകെ കെട്ടുള്ളിടത്തോളം പുഴയ്കു ജീവനുണ്ടായിരിക്കും. ചകിരിക്കുഴിയുടെ കെട്ട നാറ്റമൊക്കെ ഇല്ലാതായി. അതെന്താ ചകിരി ചീഞ്ഞാല്‍ ഇപ്പോള്‍ മണമില്ലെന്നാണോ എന്നായിരിക്കും. അതല്ല, ചകിരിക്കുണ്ടും പാടങ്ങളുമൊക്കെ ചരിത്രമായിരിക്കുന്നു. ഞങ്ങള്‍ക്കു കിഴക്കുള്ള അയല്‍ പ്രദേശങ്ങളൊക്കെ ഉയര്‍ന്ന ഭൂപ്രദേശങ്ങളായിരിന്നു. കുന്നും മലകളുമുള്ള സുന്ദരസ്ഥലികള്‍. അവയുടെ വിയര്‍പ്പ്‌ ഞങ്ങളുടെ പുഴകളിലേക്കിറങ്ങി ഞങ്ങളുടെ ജീവിതമായൊഴുകി.അവിടുത്തെ കുന്നുകളൊക്കെ കുളിച്ചിരുന്നത്‌ കാലവര്‍ഷം കനിയുമ്പോള്‍ മാത്രമായിരുന്നു. അവ മഴയ്ക്കുകൊതിച്ചു. ഞങ്ങ അവയെ സഹായിച്ചുകൊള്ളാമെന്നേറ്റു. കുന്നുമലാദികളെ പിഴുതെടുത്ത്‌ കുളവയലാദികളില്‍ മുക്കി, കുളിപ്പിക്കാന്‍. പ്രകൃതിയുടെ ഉച്ഛനീചത്വമില്ലാതായപ്പോള്‍ ഭൂമിക്കു പൊന്നുവിലയായി.

(ponani, ponnani, kadavanad)

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP