കോന്തലതെരപ്പില്‍ നിന്ന് മുറിബീഡിയെടുത്ത് കത്തിച്ചു രാഘവേട്ടന്. വലിച്ചെടുത്ത പുക വിഴുങ്ങി. ഇല്ലാത്ത പുക പുറത്തേക്കൂതി വളയങ്ങള്‍ തീര്‍ത്തു. വളയങ്ങള്‍ പുഴയിലെ ഓളങ്ങള്‍ക്കൊപ്പം വന്ന ഇളങ്കാറ്റില്‍ ചാഞ്ഞും ചരിഞ്ഞും മുകളിലേക്കുയരുന്നതും നോക്കി, ചുവന്നചേലയുടുത്ത് അവള്‍വരുന്നതുംകാത്ത്, കാല്‍വിരലുകൊണ്ട് കുഞ്ഞോളങ്ങളെ താലോലിച്ച് ബീഡിക്കറപുരണ്ട മഞ്ഞച്ചിരിയുമായ് കല്പടവിലിരുന്നു.
പുലര്‍ച്ചെ, അക്കരെകടവില്‍ നിന്ന് ബീരാനാപ്ല ആദ്യത്തെ കടത്ത് തുടങ്ങുന്നതിനുമുന്‍പൊരു കൂക്കിവിളിയുണ്ട്. ഒരു അറിയിപ്പ്.അപ്പൊഴായിരിക്കണം രാഘവേട്ടന്റെ ആദ്യത്തെ ബീഡി കത്തുന്നത്. കടത്തവസാനിക്കുമ്പോഴും രാഘവേട്ടന് മുറിബീഡിയില്‍നിന്നുംവളയങ്ങളുണ്ടാക്കിയിരിക്കയാകും. പിന്നെ അധികമാരും ആ വഴി പോകാറില്ല. രാത്രിയില്‍ മണലുകടത്തുന്ന തോണിക്കാര്‍ ബീഡിയെരിയുന്നത് കണ്ടിട്ടുണ്ടത്രേ!
ദുരന്തപര്യവസായിയായ ഒരു പ്രണയകഥ! മുറിബീഡിയിലെ വെളുത്ത പുകപോലെ ആളുകളുടെ ഓര്‍മ്മയും നേര്‍ത്തിരിക്കുന്നു. കടവിലെത്തുന്നവരുടെ ഔദാര്യമായ പലഹാരപ്പൊതികളിലെ ഉച്ഛിഷ്ടം അവിടവിടെ ചിതറിക്കിടക്കുന്നു. ചുറ്റിലും മൂളിപ്പറക്കുന്ന ഈച്ചകള്‍...അവിടെ, കല്പടവിലേക്ക് വേരുകള്‍ പടര്‍ത്തി, ചുവന്നപൂക്കളും പച്ചച്ച ഇലകളും പൊഴിഞ്ഞുപോയ ഒരു പുളുന്തന്‍ അരളിമരം.
“അ, ഇജ്ജ്യാരുന്നോ*സൊന്ദരാ, കൊറേ ആയിര്ക്ക്ണ് ഈ ബയിക്കൊക്കെ*” ബീരാനാപ്ലയാണ്. അകലന്നേ നോക്കിനില്‍ക്കയായിരിക്കണം. സുന്ദരനും മോളൂട്ടിയും നിന്നിടത്തേക്ക് ബീരാനാപ്ല തോണിയടുപ്പിച്ചു.
“അന്റെ*പേട്യൊക്കെ മാറ്യാ...?” മോളൂട്ടിയോടാണ്.
തുടക്കത്തിലെ ഉലച്ചിലൊക്കെ കഴിഞ്ഞ്, ഓളങ്ങളില്‍ പതുക്കെ ചാഞ്ചാടി തോണിയൊഴുകി. കുറുകെവച്ച പലകക്കുമുകളില്‍ അച്ഛന്റെ ചുമലില്‍ കൈവച്ച് മോളൂട്ടി ചുവടുകള്‍ വെച്ചു.
പതിവുള്ളതാണ് ഈ പുഴചുറ്റല്‍. ഇടക്ക് ഇങ്ങിനെ ആരെങ്കിലുമൊക്കെ വരുന്നത് ബീരാനാപ്ലക്കും സന്തോഷം. തരക്കേടില്ലാതെന്തെങ്കിലും തടയും.
അക്കങ്ങളെ പരിചയപ്പെടുത്തിയപ്പോഴാണ് മാളൂട്ടി കലണ്ടറിലെ ചുവന്ന അക്കങ്ങളെ കുറിച്ച് ചോദിച്ചത്. പിന്നെ ചുവന്നദിനങ്ങള്‍ക്കായി കാത്തിരിപ്പ് തുടങ്ങി. പുഴയും കടലും റോഡും മരങ്ങളും വാഹനങ്ങളുമൊക്കെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരിക്കണം. നിറയെ തുമ്പികളുള്ള കടല്ക്കരയിലെ പഞ്ചാരമണലില്‍ നനഞ്ഞമണ്ണെടുത്ത് വീടൊരുക്കുമ്പോള്‍ കൊച്ചുമനസ്സ് സഞ്ചരിക്കുന്നതെവിടേക്കാണെന്നറിഞ്ഞൂടാ...
നാട്ടുകാര്യങ്ങള്‍ പറയുന്നതിനിടയിലാണ് ബീരാനാപ്ല അവളെ കുറിച്ച് ചോദിച്ചത്.
“അന്റെ*ബീടരിപ്പളും*ഓളോടെ*തന്ന്യാ...?”
“ങും...”
ശബ്ദം തൊണ്ടയില്‍ തടഞ്ഞു.
നീറുന്ന ഓര്‍മ്മകളിലേക്ക് തള്ളിയിട്ടുകൊണ്ട് ബീരാനിക്ക തുടര്‍ന്നു.
“കശ്ടം...”
ചെറിയ ഇടവേളക്കുശേഷം പിന്നെയും തുടര്‍ന്നു.
“ഞമ്മക്ക്* ബിശ്ശസിക്കാനേ കജ്ജ്ണില്ല*, ഓളെ കാത്ത്ള്ള അന്റെ നിപ്പും, അന്റെ നെഴല് ഇക്കരേല് കാണാഞ്ഞാല് ഓള്ക്ക്‍ള്ള പരവേശോം...”
ബീരാനിക്കയുടെ വാക്കുകളൊക്കെ കേട്ടത് ഏതോ ലോകത്തിരുന്നാണ് അല്ലെങ്കില്‍ കാലങ്ങള്‍ക്കപ്പുറമിരുന്ന്.
വായനശാലയിലേക്ക് കയറുന്ന കോണിപ്പടവുകളില്‍ വെച്ചാണ് ആദ്യം കണ്ടത്. ടൈപ്റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ വിദ്യാര്‍ത്ഥിനി.
തിങ്ങിനിറഞ്ഞ ഇടതുകള്ളിയിലെ പുസ്തകങ്ങളില്‍ ചിലത് ശുഷ്കിച്ച വലതുകള്ളിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് റ്റീച്ചറോടൊപ്പം വായനശാലയിലേക്ക് ആദ്യമായി കയറിവന്നത്.
പിന്നീട്, ‘ആ പൂ നീ ചവിട്ടി അരച്ചുകളഞ്ഞു അല്ലേ, അതെന്റെ ഹൃദയമായിരുന്നു’ എന്ന ബഷീറിയന്‍ സാഹിത്യം ലൈബ്രറിക്കരികില്‍, ഈരടികളും തെറികളും മുദ്രാവാക്യങ്ങളും നഗ്നചിത്രങ്ങളും കോറിവെക്കാറുള്ള ചുവരില്‍ എഴുതിവച്ചതിന് കൂട്ടുകാരാല്‍ എത്ര പരിഹസിക്കപ്പെട്ടിരിക്കുന്നു.
അതിന്ശേഷം, ‘വസന്തത്തിലെ ഓരോപൂക്കളും നിന്നോട് കടപ്പെട്ടിരിക്കുന്നു’ എന്ന് കടവുകടക്കുമ്പോള്‍ അവള് പറഞ്ഞത് ഇന്നലെയെന്നപോലെതോന്നുന്നു.
ഒച്ചപ്പാടുകള്‍ക്കൊടുവില്‍ നേടിയെടുത്തപ്പോള്‍ വസന്തം കൈപ്പിടിയിലാക്കിയ കുരുവിയെപ്പോലെയായിരുന്നു. എന്നിട്ടും...
‘പപ്പാ...’ മോളൂട്ടിയുടെ വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്.
‘ഉം, തിരിക്കാം...’ എന്ന് ബീരാനിക്കയോട് പറഞ്ഞ് മോളൂട്ടിയെ ഇറുകെ പിടിച്ചു.
‘പപ്പാ...’
മോളൂട്ടി ഇപ്പോഴും അങ്ങിനെയാണ് വിളിക്കുന്നത്. എത്ര തര്‍ക്കിച്ചതാണ് അതിനെക്കുറിച്ച്. ‘അച്ഛനുമമ്മ’യുമാണ് നല്ലെതെന്ന് താനും ‘പപ്പാമമ്മി’യാണ് ഫാഷന്‍ എന്ന് അവളും. തര്‍ക്കങ്ങളുടേയും കുസൃതികളുടേയും കണക്കെടുത്താല്‍ തീരില്ല. തോല്‍വി എല്ലായ്പ്പോഴും തനിക്കായിരുന്നു. ജീവിതത്തിലും....
മീനത്തില്‍ ഒരു കൊല്ലമാകുമെന്നാണ് ഇന്നലെ അമ്മ പറഞ്ഞത്. ഒരുവര്‍ഷം! അവള് പോയതിന്റെ വാര്‍ഷികം!! കരയില്‍, പടര്‍ന്നുകിടന്ന വേരുപോലെ ചില്ലകളുള്ള, ഇലയും പൂവുമില്ലാത്ത അരളിമരത്തിന്റെ നിഴല്‍.
‘പപ്പാക്കിന്നെന്താ പറ്റിയേ...?’
വിരലുപിടിച്ച് കടവിന്റെ ഈറന്‍ പിന്നിടുമ്പോള്‍ മോളൂട്ടി പിന്നെയും തിരക്കി.
ഇന്‍സ്റ്റിറ്റ്യൂട്ടും വായനശാലയും പിന്നിടുമ്പോള്‍ ശുഷ്കിച്ചുകൊണ്ടിരിക്കുന്ന ഇടത്തേ അറയില്‍നിന്നും തിങ്ങിനിറഞ്ഞ വലത്തേ അറയിലേക്ക് പുസ്തകങ്ങളടുക്കിക്കൊണ്ട് സുന്ദരന്‍ അവിടെതന്നെയുണ്ടായിരുന്നു. ആരോ വലിച്ചെറിഞ്ഞുകൊടുത്ത മുറിബീഡിക്കുപകരം മഞ്ഞച്ചിരി തിരിച്ചുകൊടുത്ത് കടവിനരികില്‍ രാഘവേട്ടനും.
********
ഇജ്ജ്യാരുന്നോ - നീയായിരുന്നോ
ബയിക്കൊക്കെ – വഴിക്കൊക്കെ
അന്റെ - നിന്റെ
ബീടരിപ്പളും - വീടര് ഇപ്പോഴും, വീടര് - ഭാര്യ
ഓളോടെ – അവളുടെ വീട്ടില്‍, ഓള് – അവള്
ഞമ്മക്ക് - എനിക്ക്
കജ്ജ്ണില്ല – കഴിയുന്നില്ല
നിഴല്‍മരം
Posted by Sajeev Kadavanad at 9:08 PM 11 comments Links to this post
Labels: കഥ
വാര്‍ഷികം
........’
'എന്നിട്ട്...’
‘ഞാന്‍ നിന്റെ മടിയില്‍ തല ചായ്ച് കിടക്കും...’
‘എന്നിട്ട്...’
‘മണിയറയില്‍ തൂക്കിയിട്ട നാണംകുണുങ്ങിപൂക്കളിലൊന്നിനെ പതുക്കെ ചുംബിച്ച്...’
‘ഉം, പറ...’
‘എന്നിട്ട് നിന്നോടു പറയും...’
‘ഉം, പറയ്...’
‘പാട്ടുപാടിയുറക്കാം ഞാന്‍... ആ പാട്ടൊന്ന് പാടിത്താ, ന്ന് ...’
‘ഹൌ, ഇമ്മാതിരിയൊരു കാട്ടുജാതീനെ കേറി പ്രേമിച്ചൂലോ...!’
‘ബൂത്തില്‍ കേറി കൂട്ടുകാരിയെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ച് ക്വാളിറ്റിചെക്കുചെയ്തപ്പൊ അതുംകൂടി ചെക്ക് ചെയ്യാര്‍ന്നു’
‘അത് പിന്നെ... ചീറ്റ്ചെയ്യ്വോന്ന് അറിയണ്ടേ...’
‘ഉം..ഉം...’
‘ഒരു വര്‍ഷം ആവാറായി...!’
‘ആഘോഷിക്കണ്ടേ...’
‘ഉം...’
‘എങ്ങിനെ...?’
‘എങ്ങിനെ?’
‘പടക്കം പൊട്ടിച്ചായാലോ...?’
‘ഓ, തൊടങ്ങി... ഉം!!?’
‘പിന്നെങ്ങിനെ...?’
‘ഞാന്‍ കാലത്ത് എണീറ്റ ഉടനെ ഒരു മിസ്ഡ്കാള്‍...’
‘നീ എത്ര മണിക്ക് എഴുന്നേല്ക്കും...’
‘നാലര...’
‘അപ്പൊ ഇവിടെ രണ്ടുമണി, മോള് ബുദ്ധിമുട്ടണംന്നില്ല...’
‘ഓ...’
‘എന്നിട്ട്...’
‘കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തില്‍...’
‘നിര്‍ത്ത്, നിര്‍ത്ത്... നമ്മളാഘോഷിക്കാന്‍ പോണത് പ്രേമവാര്‍ഷ്യാ, വിവാഹവാര്‍ഷ്യാ ...?’
‘അത്...’
Posted by Sajeev Kadavanad at 12:27 PM 21 comments Links to this post
Labels: കഥ
മണ്ണാങ്കട്ട...!!
എന്റെ വിധി! ഞാനതേ പറയൂ. നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. കാരണം, നിങ്ങളങ്ങനെ പറഞ്ഞെന്ന് കരുതി ഞാനത് ചെയ്യരുതായിരുന്നല്ലോ...
തെങ്ങുകയറ്റം ഒരു കലയാണെന്ന് പണ്ടാരോ പണ്ട് പറഞ്ഞിട്ടുണ്ട്. പണ്ട് ആര് പറഞ്ഞു എന്ന് നിങ്ങളെപ്പോലെ കൃത്യമായി പറയാനുള്ള കഴിവൊന്നും എനിക്കില്ല. ഈ കലയെ പ്രോത്സാഹിപ്പിക്കാന്‍ പണ്ടൊരു കളക്ടര്‍ ഒരു കലാലയം തന്നെ തുടങ്ങിയത് എനിക്ക് അറിയാം. കല അവിടെ നില്ക്കട്ടെ, അതല്ലല്ലോ നമ്മുടെ വിഷയം.
കുറച്ച് ചരിത്രം പറയാം. രണ്ടുകൊല്ലമായിക്കാണണം. പുലരാന്‍ നേരത്ത് താമിക്കുട്ട്യേട്ടന്റെ പീട്യേന്ന് ഒരു ചായ, അതൊരു ശീലമാണ്. അഞ്ചെട്ട് പേപ്പറ് മേശക്കുമുകളില്‍ നിരന്ന് കിടക്കുന്നുണ്ടാവും. എല്ലാ വിവരമില്ലാത്തവന്മാരെയും പോലെ ഞാനും പരമാവധി പേപ്പറുകള്‍ വായിച്ച് പരമാവധി വിവരം ഉണ്ടാക്കണം എന്ന് കരുതുന്നവനാണ്. അങ്ങിനെയാണ് ഞാനത് വായിച്ചത്. കാര്യം എന്റെ ഉപജീവനത്തെ ബാധിക്കുന്നതാണ്. അഞ്ചുകൊല്ലത്തിനിടയില്‍ കേരളത്തിലെ തെങ്ങുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്ന് ഒരു പഠനം ഗ്രാഫോടുകൂടിയത്! മൂന്നാലുകൊല്ലത്തിനകം തെങ്ങുകള്‍ ചരിത്രമാകുമെന്ന്!! എനിക്ക് ആശങ്കയായി. എങ്ങിനെ ശങ്കിക്കാതിരിക്കും. ഞാനുമൊരു കലാകാരനല്ലേ... പട്ടിണിയായിപ്പോകില്ലേ...രണ്ടു ദിവസം മുമ്പ് കണിയാനും പറഞ്ഞത് ഉത്തരത്തില്‍ എട്ടുകാലിയാണ്, കഷ്ടകാലമാണ് എന്നൊക്കെതന്നെയായിരുന്നു.
എല്ലാവിവരവും, മുറിച്ചെടുത്ത റിപ്പോര്‍ട്ടും ഗ്രാഫും എന്റെ വക ഒരു പഠനവുമടക്കം ഗള്‍ഫിലെ അളിയനൊരു കത്തയച്ചു. അങ്ങിനെ ഞാനിവിടെയെത്തി. ഈ ഗള്‍ഫില്‍! കെളവനറബിയുടെ പൂന്തോട്ടം നനക്കാനാണ് വന്നത്. അടുക്കളപ്പണിയും കുത്തിയേടത്ത് മുളക്കാത്ത കുരുത്തം കെട്ട പുള്ളാരെ മേയ്ക്കലും നടുവൊടിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ കലാവാസന പുറത്തുവരാന്‍ തുടങ്ങിയത്. തോട്ടത്തിലെ അലങ്കാരപ്പനകളില്‍ ആദ്യമൊക്കെ കൊതിയോടെ നോക്കിനിന്നു. പിന്നെ പിന്നെ ആരും കാണാതെ കയറിയിറങ്ങി. രസം കയറിയപ്പോള്‍ മനസ്സിനെ അടക്കി നിറുത്താന്‍ കഴിയാതെയായി. തന്റെ കഴിവ് എങ്ങിനെയെങ്കിലും കെളവനെ ബോധ്യപ്പെടുത്തണമെന്നായി ചിന്ത. കെളവന് തോട്ടങ്ങളുണ്ട്, തോട്ടങ്ങളല്ല ഈന്തപ്പനക്കാടുകള്‍. യന്ത്രമുപയോഗിച്ചാണത്രേ വിളവെടുപ്പ്. യന്ത്രമാകുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കാനും ആള് വേണം. എനിക്കാകുമ്പോള്‍ പ്രത്യേകിച്ചൊരു ചെലവില്ല. എന്നിലെ കലയും വളരും.
ഒരു വിധം കെളവനെ ബോധ്യപ്പെടുത്തി. വിളവെടുപ്പ് തുടങ്ങിയപ്പോള്‍ ഞാനും യന്ത്രങ്ങളോടൊപ്പം പണി തുടങ്ങി. ങാ, അവിടെ വച്ചാണല്ലോ നിങ്ങളെ പരിചയപ്പെട്ടത്. അവിടെ വച്ച് എന്റെ കഷ്ടകാലം തുടങ്ങി എന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് നിങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ താന്തോന്നിത്തരങ്ങളാണ് എന്റെ കല എന്ന് മനസ്സിലാക്കാതെ നിങ്ങളെ അക്ഷരം പ്രതി അനുസരിച്ചത് എന്റെ തെറ്റു തന്നെയല്ലേ?
നിങ്ങളെന്റെ കല ആസ്വദിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ ഒന്നുകൂടി നന്നാക്കാന്‍ശ്രമിച്ചു. ആസ്വാദകരുണ്ടാകുമ്പോള്‍ ഏത് കലയാണ് മെച്ചപ്പെടാതിരിക്കുക. എന്റെ ശൈലി ആധുനികത്തിനും ഉത്തരാധുനികത്തിനും ഇടക്കാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി! തുടക്കത്തില്‍ വേഗത്തില്‍ കയറി പിന്നെയൊന്ന് പതുക്കെയാക്കി പിന്നെയും വേഗത്തില്‍ കയറുന്ന ഉത്തരാധുനിക ശൈലിയാണ് എനിക്ക് ചേരുക എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചു. എനിക്കും വലിയ കലാകാരനാകേണ്ടേ? നടുവ് വിലങ്ങി ആശുപത്രിയിലായപ്പോഴും നിങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വലിയവനാകാന്‍ പലതും സഹിക്കണമെന്ന് മാത്രം ചിന്തിച്ചു.
ആശുപത്രിയില്‍ നിന്നും വന്നതിന്റെ പിറ്റേന്നു തന്നെ ബാക്കിയുള്ള പനകളില്‍ കയറുവാനുള്ള കല്‍പ്പന തന്നു, കെളവന്. ശമ്പളം കട്ടുചെയ്യുമെന്ന ഭീഷണിയും. ഞാന്‍ തളപ്പുമെടുത്ത് തോട്ടത്തിലേക്കിറങ്ങി. അവിടെ അക്ഷമനായി നില്ക്കുന്ന നിങ്ങളെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പൂര്‍ണ്ണമായും വേദനമാറാത്തതുകൊണ്ട് ഞാന്‍ പതുക്കെയാണ് കയറിതുടങ്ങിയത്. മുകളിലേക്കെത്തും തോറും സ്പീഡുകൂടുന്ന ക്ലാസിക്കല്‍ രീതി. എന്റെ മാറ്റം നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ മുഖഭാവം കണ്ടപ്പഴേ എനിക്ക് മനസ്സിലായി. നിങ്ങളുടെ മുഖം പ്രസാദപൂര്‍ണ്ണമാക്കാന്‍ ഞാന്‍ ഉത്തരാധുനികനാവാന്‍ ശ്രമിച്ചു. നിങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി, ഞാന്‍ അനുസരിക്കാനും. മുകളില്‍നിന്നും താഴേക്ക് ശ്ര്‍ര്‍ര്‍റേ...ന്ന് ഊര്‍ന്നിറങ്ങുന്ന രീതി ശരിയല്ലെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് പുതിയ രീതിയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. നിങ്ങളുപറഞ്ഞ പുതിയ രീതിയൊന്ന് പരീക്ഷിക്കാമെന്ന് ഞാനും കരുതി. തല കീഴേക്കും കാല് മുകളിലേക്കുമാക്കിയുള്ള പുതിയ രീതി!!
ഞാനിവിടെ പുതിയ ലോകത്തേക്കുള്ള വിസയും കാത്ത് കിടക്കുകയാണ്. ആ അപ്പോത്തിക്കിരികള്‍ ആധുനികരീതികളും ഉത്തരാധുനിക രീതികളും എന്നില്‍ പരീക്ഷിക്കുന്നുണ്ട്. ഫലമുണ്ടാകില്ല എന്ന് എനിക്കറിയാം. കാര്യങ്ങളിങ്ങിനെയൊക്കെയാണെങ്കിലും എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല കേട്ടോ, അല്ലെങ്കില്‍ ഞാനെന്തിന് നിങ്ങളോട് ദേഷ്യപ്പെടണം...? എങ്കിലും എനിക്ക് ഒരു ആഗ്രഹമുണ്ട് , പറഞ്ഞാല്‍ എന്തെങ്കിലും തോന്നുമോ...? എങ്കിലും പറയാം...പുതിയ ലോകത്തിലെങ്കിലും ഒരു നല്ല പരവനായെങ്കില്‍...
Posted by Sajeev Kadavanad at 10:45 AM 20 comments Links to this post
Labels: കഥ
മോഹന്‍ഹള്ളിയിലെ മഞ്ഞുതുള്ളി
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകുന്നില്ല. നേരം പുലരുന്നതേയുള്ളൂ. എഴുന്നേറ്റ് ക്ലബ്ബിന്റെ വരാന്തയില്‍ വന്നു നിന്നു. വന്നു കിടന്നിട്ട് രണ്ടോ മൂന്നോ മണിക്കൂറേ ആയിട്ടുണ്ടാകൂ...ഹാളില്‍ കൂട്ടുകാരൊക്കെ കൂര്‍ക്കം വലിച്ചുകിടന്നുറങ്ങുന്നു. എനിക്കെന്തോ തല പെരുക്കുന്നതുപോലെ. ഉറക്കം വന്ന വഴിയേ തിരിച്ചു പോകുന്നു.
ഇന്ന് സുധീറിന്റെ പെങ്ങളുടെ കല്ല്യാണമാണ്. ഇന്നലെ രാത്രി മുഴുവന്‍ അവന്റെ വീട്ടിലായിരുന്നു. പാട്ടും കൂത്തും വെള്ളവും... സേവയുള്ള ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ മടിയാണ്. അങ്ങിനെയാണ് ഇടക്കിടെ ക്ലബ്ബിനെ ഇടത്താവളമാക്കി തുടങ്ങിയത്. ബാക്കിയുള്ളതുമായി അവിടെയങ്ങു കൂടും. കൂട്ടിന് കൂട്ടുകാരും...
വരാന്തയില്‍ നിന്ന് നോക്കിയാല്‍ മോഹന്‍ഹള്ളി കാണാം. മോഹനേട്ടന്റെ വീട് നില്ക്കുന്ന സ്ഥലമാണ് മോഹന്‍ഹള്ളി. കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്‍. കള്ളിനോടൊപ്പം കഥകളും വിളമ്പും. സംഭവങ്ങളെ ഭാവനയില്‍ ചാലിച്ച്... ഹള്ളികളുടെ കഥകള്‍ കേട്ട് കേട്ട് കൂട്ടുകാര്‍ ആരോ നല്‍കിയതാണ് മോഹന്‍ഹള്ളിയെന്ന സ്ഥലനാമം.
ഉച്ചക്ക് ലീവാക്കാമെന്ന് കരുതിയാണ് ഇന്നലെ ഓഫീസില്‍ പോയത്. എന്തെങ്കിലും തിരക്കുണ്ടെങ്കില് വന്നോളും ഓരോ മാരണങ്ങള്. വൈകുന്നേരം അഞ്ചുമണിക്കാണ് ഒഴിവായത്. നേരെ സുധീറിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് മോഹനേട്ടന്റെ വീട്ടിലൊന്ന് കയറി. ചിന്നുവിന് ഒരുമ്മകൊടുക്കാം, മീനേച്ച്യോട് കണവന്റെ വിശേഷങ്ങളും തിരക്കാം...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍.
ഗേറ്റുകടന്ന് മുറ്റത്തെത്തിയപ്പോഴേക്കും ചിന്നുമോള് ഓടിവന്നു. ‘ചുനിമാമാ...’ന്ന് വിളിച്ച് മേല്‍ നിരയിലെ നാലുപല്ലും കീഴ്ചുണ്ടിന് മുകളിലേക്ക് പിടിച്ച് കോപ്രായം കാണിച്ചുനിന്നു. ‘അച്ഛാ ചുനിമാമന്‍...’ ന്ന് പറഞ്ഞ് അകത്തേക്കോടി. അകത്തുനിന്നും ‘സുന്യോ...?’ എന്ന മോഹനേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ അത്ഭുതം തോന്നി.
കട്ടിലിലിരുന്ന് അതിരഹസ്യമായി ‘ഇക്ക്യൊരപകടം പറ്റീടാ...’ ന്ന് പറയുമ്പോഴാണ് മുഖം ശ്രദ്ധിച്ചത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദയനീയ ഭാവം. എപ്പോഴും ചിരിപ്പിക്കുന്ന കഥകളുമായിവരുന്ന മോഹനേട്ടന് തന്നെയോ... ‘ഞാന്‍ പറഞ്ഞിട്ടില്ലേ അവളെക്കുറിച്ച്...’
കഴിഞ്ഞ തവണത്തെ കഥകളില്‍ അവളുമുണ്ടായിരുന്നു. മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ കൂടാറുണ്ടായിരുന്ന പൂച്ചക്കണ്ണുള്ള സുന്ദരി. ‘...വീടെവിടെയാണെന്നറിയില്ല. എപ്പോഴാണ് മുകളിലേക്കു കയറുന്നത് എന്നും അറിയില്ല. ചോദിച്ചിട്ട് പറഞ്ഞുമില്ല. എങ്കിലും എന്നും കൂടെ കൂടും. ഓരോ കുസൃതിത്തരങ്ങളും പറഞ്ഞ്... തിരിച്ച് വീടെത്തുന്നത് അറിയാറേയില്ല...’
അവള്‍ക്കെന്തുപറ്റിയെന്ന ചോദ്യ ഭാവത്തോടെ ഞാനിരുന്നു. ‘മിനിഞ്ഞാന്ന് കാലത്ത്...’ഒന്നു നിര്‍ത്തിയിട്ട് മോഹനേട്ടന് തുടര്‍ന്നു.സ്ഥിരമായി കണ്ടുമുട്ടാറുള്ള കോര്‍ണ്ണറില്‍ അവളുണ്ടായിരുന്നില്ല. കുറച്ചുനേരം കാത്തുനിന്നു. മഞ്ഞ് പതിവിലും കൂടുതലായിരുന്നു. തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ കോര്‍ണ്ണറില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ എന്തോ അനങ്ങുന്നു. മഞ്ഞില്‍ കുതിര്‍ന്ന് മങ്ങിയ കാഴ്ച്ച. കയ്യില്‍ കിട്ടിയ വള്ളികളിലും മറ്റും പിടിച്ച് പതുക്കെ ഇറങ്ങി. അടുത്തെത്തി. ഒരു പെണ്‍കുട്ടിയാണ്...അത് അവളാണ്...പെട്ടെന്ന് ഉള്ളിലുണ്ടായ കാളല്‍ ഉച്ഛത്തില്‍ പുറത്തേക്കു വന്നു. ചീറലുകേട്ട് ഒന്നുരണ്ടുപേര് ഓടി വന്നു. ആളുകൂടി. അപ്പോഴേക്കും ചിലര്‍ അക്രമ സ്വഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. എങ്ങിനെയൊക്കെയോ ചുരമിറങ്ങി...
ഉറങ്ങുവാന്‍ ഒരു പാഴ്ശ്രമം കൂടി നടത്തിനോക്കാമെന്ന് കരുതിയാണ് മുറിയിലേക്ക് കയറിയത്. അപ്പോഴേക്കും സതീഷ് ഉണര്‍ന്നിരുന്നു. ‘ഓന്റ്യൊക്കെ ഒടുക്കത്തെ ഒറക്കം...’ ന്ന് പറഞ്ഞ് ഓരോരുത്തരുടേയും ചന്തിക്കിട്ട് ചവിട്ടാന്‍ തുടങ്ങി. ദിനേശന് ഉണരുന്ന ഓരോരുത്തര്‍ക്കും കണി കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ചുവരിന്റെ ഒരു മൂലയില്‍ പോയി ഞാന്‍ ചുരുണ്ടു. ‘എല്ലാരും ണീച്ചപ്പളാ ഓന്റെ കെട്ത്തം...’ സോഡാ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന സോഡാ തലയിലേക്കൊഴിച്ചു തരുമ്പോള്‍ മണികണ്ഠന് പറയുന്നുണ്ടായിരുന്നു.
മോഹനേട്ടന്റെ വീട്ടിനുമുന്നില്‍ പോലീസുവണ്ടിനില്‍ക്കുന്നെന്ന് വരാന്തയില്‍ നിന്ന കൂട്ടുകാരിലാരോ വിളിച്ചു പറഞ്ഞപ്പോള്‍ ഉള്ളുകാളി. പിന്നെ എണീറ്റ് ഓടുകയായിരുന്നു. മോഹന്‍ഹള്ളിക്ക് ആക്രോശങ്ങളുടെ പുലരിക്കാഴ്ച്ച സമ്മാനിച്ചുകൊണ്ടിരുന്നു പോലീസേമാന്മാര്. വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള് അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...
Posted by Sajeev Kadavanad at 2:04 PM 10 comments Links to this post
Labels: കഥ
ഓണാശംസകള്‍
കാണം വിറ്റുണ്ടൂ
പോയൊരോണം
മാനം വിറ്റുണ്ണണ-
മീ യോണം.
വയ്യ,
ഉണ്ണുന്നോര്‍ക്ക്
ഉണ്ണാത്തോരുടെ
ഓണാശംസകള്‍!
Posted by Sajeev Kadavanad at 7:17 PM 11 comments Links to this post
Labels: ഓണം
മീറ്റു വിശേഷം (ബഹ്റൈന്‍ മീറ്റ്)
ജോലി കഴിഞ്ഞ് ചടപടാന്നൊരു കുളി(വല്ലപ്പോഴും നടക്കുന്ന അത്ഭുതം) കഴിച്ച് മീറ്റ് നടക്കുന്ന ബു അലി ഹോട്ടലിന്റെ ഹാളിലെത്തുമ്പോഴേക്കും ബാജിച്ചേട്ടനും ഇരിങ്ങലും കൂടി മൈക്കിന് പിടിവലി തുടങ്ങിക്കഴിഞ്ഞിരുന്നു. ചെന്നയുടനേ പരിചയപ്പെടുത്തലിന്റെ ഔപചാരികത. ജീവിതത്തിലാദ്യമായി നാലുപേരെ സംബോധന ചെയ്യുന്ന ഞാന്‍ വിയര്‍ത്തു. എന്റെ പേര് കിനാവ്... മുട്ടുകാലു കൂട്ടിയിടിച്ച് എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. കൂടിയിരുന്നവരില്‍ അധികവും ആദ്യമായി കാണുന്നവര്‍.
പരിചയപ്പെടുത്തലിനിടയില്‍ ‘എന്റെ ഒരേ ഒരു ഭാര്യ’ എന്ന ബാജിചേട്ടന്റെ പ്രയോഗവും ‘കൂടുതലെണ്ണത്തിന് ശ്രമം തുടരുന്നു’ എന്ന ബെന്യാമിന്റെ പ്രതികരണവും വാമഭാഗത്തുനിന്നുള്ള മുറുമുറുപ്പിന് കാരണമായെങ്കിലും ഔപചാരികതയുടെ വേലികള്‍ മുറിച്ച് സൌഹൃദത്തിന്റെ അന്തരീക്ഷം രൂപപ്പെട്ടു വരികയായിരുന്നു. വ്യത്യസ്ത മേഘലകളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത ചിന്താഗതികളുള്ള വുത്യസ്ത പ്രായക്കാരായ മുപ്പതോളം(എണ്ണം) വരുന്ന ബ്ലോഗന്മാരും ബ്ലോഗിണികളും വായനക്കാരുമൊക്കെ ചേര്‍ന്ന് ബ്ലോഗിലെ സദാചാരം, ശ്ലീലം, അശ്ലീലം (ഇപ്പോഴത്തെ ട്രെന്റ്) തുടങ്ങിയവയെക്കുറിച്ച് നടത്തിയ ചര്‍ച്ച ഗംഭീരമായിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ബ്ലോഗില്‍ നിന്നുള്ള പിന്മാറ്റവും വി.കെ.ശ്രീരാമന്റെ അരങ്ങേറ്റവുമൊക്കെ ചര്‍ച്ചചെയ്ത് കുളമാക്കിയപ്പോഴാണ് നചികേതസിന്റെ ശാസ്ത്രവിഷയങ്ങളെ ബ്ലോഗര്‍മാര്‍ അവഗണിക്കുന്നു എന്ന ആരോപണം വന്നത്. പിന്നെ ചര്‍ച്ച ആ വഴിക്കു തിരിഞ്ഞു.
ബ്ലോഗില്‍ ഇടക്കിടക്ക് ഏറ്റുമുട്ടലുകള്‍ നടത്താറുള്ള ബെന്യാമിനും ഇരിങ്ങലും തമ്മിലുള്ള സൌഹൃദം മീറ്റിലെ വേറിട്ട കാഴ്ചയായി. ഒരു അടി കാണാമെന്നുള്ള മോഹവുമായിവന്നവരെയൊക്കെ നിരാശരാക്കിയതില്‍ ബാച്ചികള്ക്കുവേണ്ടി ഈ പോസ്റ്റിലൂടെ ഞാന്‍ പ്രതിഷേധം അറിയിക്കുന്നു. കൂട്ടായ്മയുടെ അവസാന ചടങ്ങ് ഭക്ഷണം കഴിക്കുക എന്നതായിരുന്നു. ഈ ചടങ്ങ് അവസാനത്തേക്ക് മാറ്റിവച്ചത് പ്രതിഷേധാര്ഹമായിപ്പോയി എന്ന് ഇരിങ്ങല്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായത് ആ തീറ്റ കണ്ടപ്പോഴാണ്.
നാട്ടില്‍ പോയതിനാല്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കെവിന് അപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയനായി. മൂന്ന് മാസം മുന്‍പ് കെവിന്റെ വീട്ടില്‍ വച്ച് കൂടിയ ആദ്യ മീറ്റിനെകുറിച്ച് ഇരിങ്ങലും ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനുവേണ്ടി (നിങ്ങളുദ്ദേശിച്ചതല്ല...) കെവിനും ബെന്യാമിനും നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ബെന്യാമിനും പറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു പോയി (കിടക്കട്ടെ ഒരു തുക ലിസിലും).
മുഴുവന്‍ സമയവും നിറഞ്ഞുനിന്ന (വണ്ണം കൊണ്ടല്ല) കുഞ്ഞന്‍(പ്രവീണ്‍),സജി മുട്ടോണ്‍, ബെന്യാമിന്,പ്രശാന്ത് കോഴഞ്ചേരി,ഡാന്‍സ് മമ്മി (വണ്ണം കൊണ്ടും)മോഹന്‍ പുത്തന്‍ചിറ,കെവിന് മേണാത്ത്,സുധീഷ് കുമാര്‍,എം.കെ നംബിയാര്, ചെറുകഥാകൃത്തായ പ്രദീപ് ആഢൂര് തുടങ്ങിയവരോടും ഇങ്ങിനെയൊരു മീറ്റ് സംഘടിപ്പിക്കാന്‍ മുന്‍കയ്യെടുത്ത ബാജി ചേട്ടനോടും ഇരിങ്ങലിനോടും എങ്ങിനെ നന്ദി പറയാതിരിക്കും.നന്ദി, നന്ദി, നന്ദി...
മീറ്റിന്റെ വിശദമായ റിപ്പോര്‍ട്ട് ബഹറിന്‍ ബൂലോക(http://bahrainboolokam.blogspot.com/)ത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ബാജിചേട്ടന്‍ അറിയിച്ചിട്ടുണ്ട്.
Posted by Sajeev Kadavanad at 12:58 PM 10 comments Links to this post
Labels: പലവക
സ്വപ്നത്തിലെ മുത്തലാഖ്
മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു. മൈമൂനക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കരയും. ചിലപ്പോള്‍ ചുണ്ട് കോടിച്ചൊന്ന് ചിരിക്കും. ചിരിക്കുമ്പോള്‍ ഇടതുകവിളിലെ നുണക്കുഴിയൊന്ന് വിരിയും. അമ്മിഞ്ഞമണമുള്ള ചുണ്ടുകള്‍ക്കിടയിലൂടെ കിന്നരിപ്പല്ലുതിളങ്ങും. അവള് പിന്നെയും കരഞ്ഞു. അവള്‍ക്കറിയില്ലല്ലോ ഇന്ന് അവളുടെ ഒന്നാം പിറന്നാളാണെന്ന്. അവളോട് ആരും പറഞ്ഞതുമില്ല.
ഖാലിദും റസിയയും ഒരുക്കങ്ങളിലാണ്. തങ്ങളുടെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന സല്‍ക്കാരമാണ്. നീണ്ട ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മൈമൂനയെ കിട്ടിയത്. ‘ഞമ്മക്ക് അടിച്ചു പൊളിക്കണ‘ മെന്ന് റസിയ ഇടക്കിടെ പറയാറുള്ളതാണ്. ‘ആള്ക്കാര് ഇപ്പം ബരാന്തൊടങ്ങു’ മെന്ന് പറഞ്ഞ് റസിയ അടുക്കളയില്‍ നെട്ടോട്ടമാണ്. മുറികളിലൊക്കെ ഗള്‍ഫ് മണം നിറച്ച്, ഗള്‍ഫ് ചൂടിലെ ഗള്‍ഫ് വിയര്‍പ്പിന്റെ തിളക്കമുള്ള ഗള്‍ഫലങ്കാരങ്ങള്‍ ഏതേതു സ്ഥാനങ്ങളില്‍ വച്ചാല്‍ കൂടുതല്‍ ഭംഗി കിട്ടുമെന്നതിനെക്കുറിച്ച് ഗവേഷണത്തിലാണ് ഖാലിദ്. റസിയയുടെ നിഴലനക്കങ്ങളില്‍ മൈമൂനകരഞ്ഞു. അവളുടെ വായില്‍ അമ്മിഞ്ഞക്കൊതി നിറഞ്ഞു. അവള് പിന്നെയും കരഞ്ഞു.
‘ദിക്റ്പാടി കിളിയേ നീ ചൊല്ല്....’ പാട്ടിന്റെ പതിഞ്ഞ താളം അത്തറിന്റെയും വിയര്‍പ്പിന്റേയും മണത്തോടൊപ്പം കൂടിക്കുഴഞ്ഞ് പരന്നൊഴുകി. മുറിയില്‍ നീലയും മഞ്ഞയും ചുവപ്പും വര്‍ണ്ണങ്ങള്‍ മാറി മാറി നിഴലുകള്‍ വീഴ്ത്തി. മൈമൂന ഉമ്മച്ചികളില്‍ നിന്ന് ഉമ്മച്ചികളിലേക്ക് മാറില്‍ നിന്ന് മാറിലേക്ക് മാറി മാറി ചൂടളന്നു.
വെളുത്ത് തിളങ്ങുന്ന സില്‍ക്കുകുപ്പായത്തില്‍ പൊതിഞ്ഞ് ഉസ്താദുമാരും തങ്ങന്മാരുമെത്തി. ഭക്ഷണം കഴിച്ചു. കോലായിലെ കസേരകളിലിരുന്ന് വെടിപറഞ്ഞു ചിലര്‍. ഉറക്കം തൂങ്ങി ചിലര്‍. അകത്ത് ഖാലിദും റസിയയും പൊരിഞ്ഞ സല്‍ക്കാരം. നെയ്യും മസാലയും കുഴഞ്ഞ ഗന്ധം.
നൂറമ്മായിയാണ് അത് കണ്ടുപിടിച്ചത്. നൂറമ്മായി, സമദ് മാമയുടെ ഭാര്യ. നൂര്ജഹാന്. ‘ഓര് തമ്മില്‍ ഒന്നും പറേണ് ഞമ്മ കണ്ടില, ഓരെ ഉള്ളില്‍ എന്തോ കുലുമാല് പോലെ...’അയലോക്കത്തെ സുന്ദരി ആമിന കമന്റിട്ടു. ‘ഇന്നലെ ഒച്ചേം ബേളോം ഞമ്മ കേട്ടീന്...’
അന്വേഷണച്ചുമതല മൂത്തുമ്മ ഏറ്റെടുത്തു. ഖാലിദും റസിയയും ഹാജരായി. മൊഴിയെടുക്കാന്‍ ഉത്തരവായി. ‘അതൊന്നൂല്ല....’ റസിയയും ഖാലിദും വിയര്‍ത്തു. വല്ല്യമ്മായി മീശ പിരിച്ചു. ‘ഞാന്‍ മിന്യാന്ന് ഒരു സൊപ്നം കണ്ട്...’ ഖാലിദ് പറഞ്ഞു. മുറിയില്‍ കൂട്ടച്ചിരി. ഒരു സ്വപ്നം കണ്ടേന് പുകില് ണ്ടാക്കാന്‍ ഓര് കുട്ട്യോളാ...
ചിരിയുടെ അലകളില്‍പ്പെട്ട് ഉമ്മറത്തിരുന്ന ചിലര്‍ അകത്ത് കരയടിഞ്ഞു.
സ്വപ്നത്തില്‍ ഖാലിദ് റസിയയെ മൊഴിചൊല്ലി. മൂന്നുതവണ തലാഖ് ചൊല്ലുന്നത് റസിയയും കേട്ടു. മനസ്സില്‍ ഒന്നുമില്ലെങ്കില്‍ അങ്ങിനെയൊന്നും സ്വപ്നം കാണില്ലെന്ന് പറഞ്ഞ് റസിയ കരച്ചിലായി. ‘സൊപ്നല്ലേ ന്റെ റസിയാ...’ വല്ല്യമ്മായി സമാധാനിപ്പിച്ചു.
‘ജ്ജ് ഓളെ മൊയിചൊല്ല്യ...’ ബീരാനിക്കയാണ്. പൊന്നാനിക്കാരുടെ ഒന്നാം നമ്പറ് ബ്രോക്കറ്. ‘അണക്ക് ഗള്‍ഫില്‍ ബിസിന്‍സ്സ്ണ്ട്, പണം ണ്ട്. ഞമ്മള് പറഞ്ഞ് ഒന്നൂടെ കെട്ടിക്കോന്ന്. ഞമ്മടെ മതത്തില്‍ ത് പുതുമേ, ജ്ജ് അന്റെ പെണ്ണിന്റെ ബാക്കും കേട്ട് നടന്ന്. പ്പെന്തായി, മൊയീം ചൊല്ലി’
‘സ്വൊപ്നല്ലേ ബീരാനിക്കാ...’
‘സൊപ്നാ...., ഇസ്ലാമില്‍ ഒറ്റ നിയമേള്ളൂ, മുത്തലാഖ് ചൊല്ല്യാ ബീവി ബീവിന്റോടെ ജ്ജ് അന്റോടെ. മഹല്ല് കമ്മിറ്റി ബിളിക്കാന്‍ ഞമ്മ ഏര്‍പ്പാടാക്കീട്ട് ബരാം...’
മഹല്ലിലെ പ്രധാനികളൊക്കെ ഉമ്മറത്തുണ്ടായിരുന്നു. കമ്മറ്റി കൂടി. തീരുമാനം വന്നു. ‘ഇസ്ലാമില്‍ ഒറ്റ നിയമേ ള്ളൂ...തലാഖ് തലാഖ് തന്നെ.'
പടിയിറങ്ങുമ്പോള്‍ റസിയയുടെ മനസ്സ് മരവിച്ചിരുന്നു. ‘റബ്ബേ, തുണക്കണേ...’ അവള് പ്രാര്‍ത്ഥിച്ചു. ഒന്നും കാണാന്‍ കഴിയാതെ ഒന്നും കേള്‍ക്കാന്‍ കഴിയാതെ ഇരുട്ടറയില്‍ കുടുങ്ങിയപോലെ ഖാലിദ് ഇരുന്നു. അയാളുടെ നെഞ്ച് കനം വെച്ചു. തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതു പോലെ. ഒന്നുമറിയാതെ മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു.
കോടതിക്കെട്ടിടത്തിനരികിലെ വക്കീലാപ്പീസിലേക്ക് ബാപ്പയോടൊപ്പം റസിയയും കയറി. വക്കീലുണ്ടായിരുന്നില്ല. വക്കീലാപ്പീസിനു പുറകിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ ചുവരില്‍ മുളച്ച് പന്തലിച്ചുനിന്ന അരയാലിന്റെ തണലില്‍ ഖാലിദ് ഇരിക്കുന്നുണ്ടായിരുന്നു. ബാപ്പായെ കണ്ടപ്പോള്‍ സന്തോഷം കൊണ്ടായിരിക്കണം മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു.
വിധി വന്നപ്പോള്‍ റസിയ കരഞ്ഞു, ഖാലിദ് കരഞ്ഞു. അവരുടെ കവിളുകളില്‍ കണ്ണീരു തിളങ്ങി. ആനന്ദക്കണ്ണീര്. മഹല്ലുകമ്മറ്റി മേല്‍ക്കോടതിയിലെത്തി, മേല്‍-മേല്‍ക്കോടതിയിലെത്തി. ‘റബ്ബില്ലാലമീനായ തമ്പുരാന് കാത്തു....’ റസിയ പറഞ്ഞു. ‘ഒരു സല്‍ക്കാരം നടത്ത്യാലോ...’ ഖാലിദ് തമാശയായി ചോദിച്ചു.
മഹല്ലു കമ്മറ്റി കൂടി. മഹല്ലു കമ്മറ്റി പിന്നെയും കൂടി. തീരുമാനം വന്നു. ഊരു വിലക്ക്. ‘ഇപ്പം ഓരെ സഹായിക്കാന്‍ കമ്മിണിസ്റ്റാരും വരൂല, ഓരിക്ക് തമ്മില്‍ തല്ലാന്‍ നേരല്ല്യ...’
വിലക്കായി. പള്ളിയില്‍ വിലക്ക്, ബന്ധുവീടുകളില്‍ വിലക്ക്, മിണ്ടുന്നത് വിലക്ക്, അത് വിലക്ക്, ഇത് വിലക്ക്....
ഖാലിദ് ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നു. അറബികളുടെ നാട്ടിലേക്ക്, ഇസ്ലാമിന്റെ നാട്ടിലേക്ക്. അവിടെ അയാള്‍ക്ക് വിലക്കില്ല. ഒരുപാട് പേര് അയാളെ കാത്തിരിക്കുന്നു, സ്നേഹത്തോടെ. അയാളുടെ കൂടെ റസിയയുണ്ടായിരുന്നു. മൈമൂനയുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു.
വിമാനം അതിന്റെ തിളങ്ങുന്ന ചിറകുകള് വീശി പതുക്കെ പറന്നുയരുമ്പോള്‍ മൈമൂന കരഞ്ഞു. മൈമൂന പിന്നെയും കരഞ്ഞു.അവള് അറിഞ്ഞുവോ നാടുകടത്തപ്പെടുന്നതിന്റെ നൊമ്പരം.
ഇതു കൂടി വായിച്ചോളൂ തലാഖ്
Posted by Sajeev Kadavanad at 1:42 PM 7 comments Links to this post
Labels: കഥ
മരുഭൂമിയിലെ ജാലകക്കാഴ്ചകള്‍
അയാളുടെ പരുക്കന്‍ സ്വഭാവം കാരണമാണെന്നു തോന്നുന്നു അയാളെ കാണുമ്പോഴേക്കും എല്ലാവരും അവരവരുടെ മാളങ്ങളിലൊളിക്കും. പരമാവധി അയാളുടെ കണ്ണില്പെടാതിരിക്കാന് ശ്രദ്ധിക്കും. അയാളങ്ങിനെയാണ്, ജോലിക്കാരുടെ ചെറിയ പിഴവുകള്‍ തെരഞ്ഞുപിടിക്കുന്നത് അയാള്‍ക്ക് ഹരമാണ്. പിന്നെ തെറിയാണ്. ചെവി തുളക്കുന്ന തെറി. അയാളോടുള്ള ഭയം വളര്‍ന്ന് അറബിവേഷം കാണുന്നതുപോലും പലര്‍ക്കും ഭയമായിരിക്കുന്നു.
രണ്ടു ദിവസം മുന്‍പാണ്, തമിഴ്നാട്ടുകാരനായ പുതിയ എഞ്ചിനീയര്‍ക്ക് ചെറിയ പിഴവു പറ്റി. ഡെസിമല്‍ സ്ഥാനമൊന്നുമാറി. ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള പിഴവായിരുന്നില്ല. “മദര്‍ ചൂ.........” പിന്നെ പൂരപ്പാട്ടായിരുന്നു. മറ്റു തൊഴിലാളികളുടെ മുന്നില്‍ തൊലിയുരിയപ്പെട്ട എഞ്ചിനീയറുടെ ദയനീയ മുഖം.
മുമ്പൊരിക്കല്‍ ഒരു മലയാളി യുവാവ് പ്രതികരിച്ചതിനെക്കുറിച്ച് രാഘവേട്ടന് പറയാറുണ്ട്. ‘അമ്മയേയും പെങ്ങളേയും തെറിവിളിക്കുന്നവനു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നത് അവരെ വിറ്റ് പണം വാങ്ങുന്നതിന് തുല്ല്യമാണ്. ആ പണം എനിക്കു വേണ്ട. എന്റെ പാസ്പോര്‍ട്ട് തന്നേക്കൂ...‘
“ഓനെ പിടിച്ച് അകത്തിടീച്ചില്ലേ പന്നീടെ മക്കള്‍, രണ്ടുകൊല്ലം. ന്നാലും ന്നോടങ്ങ്ന്യൊന്നും പെരുമാറൂല്ല, മ്മള് വ്ടെ എത്ര കൊല്ലായതാ...” രാഘവേട്ടന് ഡ്രൈവറാണ്. ഇരുപതുകൊല്ലത്തെ സേവനമുണ്ട്, കമ്പനിക്കു വേണ്ടി. കുറച്ചു ദിവസം മുമ്പ് ചെറിയൊരു അപകടമുണ്ടായി. വിശദീകരണം ആവശ്യപ്പെട്ടൊന്നുമില്ല. അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ടെന്ന് മാത്രം പറഞ്ഞു.
ചില്ലുജാലകത്തിലൂടെ പുറംകാഴ്ച്ചകളിലൂളിയിട്ട എന്റെ കണ്‍കളില്‍ അയാളുടെ കാറു തിളങ്ങി. ഞാന്‍ കമ്പ്യൂട്ടറിനുള്ളിലേക്ക് തലപൂഴ്ത്തി ഒളിച്ചിരുന്നു.
ചെറിയകുട്ടികളുടെ കൊഞ്ചല് കോണികയറി വരുന്നത് ഞാന്‍ കേട്ടു. പതുക്കെ അടഞ്ഞുകൊണ്ടിരുന്ന വാതിലിലെ വിടവിലൂടെ ഒരു കിളിക്കുഞ്ഞ് പറന്നുവന്ന് മേശപ്പുറത്തിരുന്ന് ഉറക്കം തൂങ്ങി. ചാരനിറത്തിലുള്ള അതിന്റെ തൂവലുകള്‍ക്കിടയിലൂടെ ചോരനിറത്തിലുള്ള ഉടലു കാണുന്നുണ്ടായിരുന്നു. കിളിക്കുഞ്ഞിനുപുറകേ അവരും മുറിയിലേക്ക് കയറിവന്നു. അഞ്ചോ ആറോ വയസ്സുതോന്നിക്കുന്ന രണ്ടാണ്കുട്ടികള്. അവര്‍ അയാളുടെ അനുജന്റെ കുട്ടികളാണ്. അയാള്‍ക്ക് മക്കളില്ല. അയാള്‍ ഇടക്കൊക്കെ അവരുമായി ഓഫീസില്‍ വരാറുണ്ടായിരുന്നു.
അവര്‍ കൊണ്ടുവന്നതായിരുന്നു അതിനെ. അവരുടെ കയ്യില്‍ നിന്നും പറന്നതാണ്. അവര്‍ കിളിക്കുഞ്ഞിനെ പിടിക്കുവാനുള്ള ശ്രമം തുടങ്ങി. കുഞ്ഞുങ്ങള്‍ പിടിച്ചു പിടിച്ചില്ല എന്നാകുമ്പോഴേക്കും കിളി പറക്കും. ഫയലുകളൊക്കെ തട്ടിമറിച്ച് മുറിയാകെ ഒരു പരുവത്തിലായി. അപ്പോഴാണ് അയാള്‍ കയറിവന്നത്.
കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭാവമായിരുന്നു അയാളുടെ മുഖത്ത്. അയാള്‍ മുഖത്തേക്കു നോക്കിയപ്പോള്‍ ഞാന്‍ തലതാഴ്ത്തി നിന്നു. കുറച്ച് കഴിഞ്ഞ് തലയുയര്‍ത്തി നോക്കുമ്പോള്‍ അയാളും അവരോടൊപ്പം കിളിക്കുഞ്ഞിനെ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. വിശ്വസിക്കാന്‍ കഴിയാതെ ഞാന്‍ നില്ക്കുമ്പോഴുണ്ട് അയാള്‍ കിളിക്കുഞ്ഞിനെപ്പിടിച്ച് വിജയീഭാവത്തില്‍ നില്ക്കുന്നു. ഞാന്‍ നോക്കി നില്‍ക്കേ വിഡ്ഢിച്ചിരിയുടെ മുഖംമൂടി അഴിച്ചുവച്ച് കനത്തഭാവം അണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍.
Posted by Sajeev Kadavanad at 6:50 PM 7 comments Links to this post
Labels: കഥ
പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ ഇരിങ്ങലേ....
മീറ്റുണ്ടെന്ന് പറഞ്ഞപ്പഴ് അരയും തലയും മുറുക്കി ചാടിപ്പുറപ്പെട്ടതാണ്.
ബഹറിന്‍ ബൂലോക മീറ്റ്.
കെവിന്റെ വീട്ടിലാണ് മീറ്റെന്ന് ഇരിങ്ങലാണ് വിളിച്ചു പറഞ്ഞത്.
കെവിന്റെ വീട്ടിലേക്ക് ഇരിങ്ങലുമൊത്ത് നടക്കുകയായിരുന്നു.
ദാ..ഒരു കാറ് അരികില്‍ വന്നു നിന്നു.
ഗ്ലാസ്സ് പതുക്കെ താഴ്ന്നു. ......ഒരു അറബിപ്പയ്യന്‍ തല പുറത്തേക്ക് നീട്ടി.
‘ഒരു സഹായം......,
നിങ്ങക്ക് ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാന്‍.....?’
ഇരിങ്ങലു ചാടിവീണു.
‘ഓ, രണ്ടും’.
കാറില്‍ തലമറച്ചുപിടിച്ച് ഇരുന്ന പെണ്ണിന്റെ മടിയിലെ കൊച്ചു മിടുക്കന് കരയാന്‍ തുടങ്ങി.
അവര്‍ ദുബായില്‍ നിന്ന് വരുകയാണ്. ഒരു സുഹൃത്തിനെ കാണുവാന്‍. ഇവിടെ വന്നപ്പോഴേക്കും കൂട്ടുകാരന് നാട്ടിലേക്ക് പോയി. ..അയാളുടെ ശബ്ദം ഇടറി. പിന്നെ..
കയ്യിലെ ബാഗ് നഷ്ടപ്പെട്ടു. ...വണ്ടിയിലാണെങ്കില്‍ എണ്ണയില്ല. ഭക്ഷണം കഴിച്ചിട്ടില്ല. കുഞ്ഞ് വിശന്നിട്ട് കരയുന്നു. .. അയാളുടെ രോദനങ്ങളുടെ കഷ്ടപ്പാടിന്റെ ഭാണ്ടക്കെട്ട് അഴിച്ചു തുടങ്ങി.
പൈസ വേണം.
പയ്യന് കരച്ചിലിനും പറച്ചിലിനുമിടയ്ക്ക് .
പയ്യന്റെ വളച്ചൊടിക്കലിന് കൃത്രിമത്വമുണ്ടായിരുന്നോ?....
ദുബായിലെവിടെയാ...ഇരിങ്ങലിന്റെ ചോദ്യം. അയാള്‍ വിക്കി വിക്കി സ്ഥലം പറഞ്ഞു. ഇരിങ്ങലിന്റെ കണ്ണുകളില്‍ സംശയമില്ലാതില്ല.
‘ഫോണ്‍ നമ്പര്‍ എന്താണ്?‘
പയ്യന് ഏതോ ഒരു നമ്പറ് തപ്പിപിടിച്ച് പറഞ്ഞു. ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും. സത്യവും മിഥ്യയും ചികയാന്‍ നില്‍ക്കാതെ, നിഷ്കളങ്കമായ കുഞ്ഞുമുഖത്തേക്ക് ഒന്നു നോക്കി ഇരിങ്ങല്‍ കയ്യിലുണ്ടായിരുന്ന കാശെടുത്തുകൊടുത്തു.
‘എനിക്ക് സംശയമില്ലാതില്ല. പിന്നെ ആ കുഞ്ഞിന്റെ മുഖം....’
നടക്കുമ്പോള്‍ ഇരിങ്ങല്‍ പറയുന്നുണ്ടായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഇരിങ്ങല്‍ സത്യം തിരിച്ചറിഞ്ഞു. ഇതൊരു സ്ഥിരം പരിപാടിയായിരുന്നു ആ കുടുംബത്തിന്റേതെന്ന്. ജീവിക്കാന്‍ ഇങ്ങനെയും എത്ര എത്ര വേഷങ്ങള്‍.
Posted by Sajeev Kadavanad at 12:20 PM 17 comments Links to this post
Labels: പലവക
അച്ഛന് ഖേദപൂര്‍വ്വം
പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.
അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്.
രാവിലെ വിളിക്കാമെന്ന് ഞാനും.
ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....
Posted by Sajeev Kadavanad at 7:53 PM 9 comments Links to this post
Labels: അച്ഛന്
അപ്പുക്കുട്ടന്റെ വിധി!!!
അപ്പുകുട്ടന്‍ മരിച്ചു. കെട്ടിത്തൂങ്ങിയാണ് മരിച്ചത്. അപ്പുക്കുട്ടന്റെ ജാതകപ്രകാരം അപ്പുക്കുട്ടന് 95 വയസ്സുവരെ ആയുസ്സുണ്ട്. എന്നിട്ടും അപ്പുക്കുട്ടന് 45-ല്‍ വിരാമമിട്ടു. അപ്പുക്കുട്ടന്റെ വിധി!
ഗജകേസ്സരി യോഗമായിരുന്നു അപ്പുക്കുട്ടന്, ജാതകത്തില്‍. എന്നിട്ടും അപ്പുക്കുട്ടന് ഒരു മൂന്നാംതരം റൌഡിയായി. ചെറുപ്പത്തില്‍ തന്റെ മൂന്നു ജ്യേഷ്ടന്മാരേയും അപ്പുക്കുട്ടന് വല്ലാതെ ഉപദ്രവിക്കുമായിരുന്നെങ്കിലും അമ്മ അവനെ വഴക്കുപറയില്ലായിരുന്നു. അവനെക്കൊണ്ടാണത്രേ അവര്‍ക്ക് രാജയോഗം.
അപ്പുക്കുട്ടന് വളര്‍ന്നു. ചെറുപ്പത്തിലെ വികൃതി വലുപ്പത്തില്‍ തകൃതിയായി. അപ്പുക്കുട്ടന് മദഗജനായി. എങ്കിലും അമ്മ പ്രതീക്ഷിച്ചു, 'ഗജകേസരിയോഗം വരും'.
അപ്പുക്കുട്ടന്റെ വിധിപറയുന്ന ദിവസം കോടതിയില്‍ പതിവിലധികം ആളുകളുണ്ടായിരുന്നു, രണ്ടു പക്ഷം പിടിക്കുന്നവര്‍. അപ്പുക്കുട്ടന്റെ വിധിയെന്താകുമെന്ന ആകാംക്ഷയിലായിരുന്നു അവര്‍. ഒടുവില്‍ വിധി വന്നു. അപ്പുക്കുട്ടന് ജീവപര്യന്തം. അതുപോരെന്നു പറഞ്ഞവരും കഷ്ടമെന്നു പറഞ്ഞവരും തമ്മില്‍ ചെറിയ രീതിയില്‍ ഉരസലുണ്ടായി. വീണ്ടുമൊരു സംഘര്‍ഷമുണ്ടാകാതെ പിരിഞ്ഞതു ഭാഗ്യം!
വിധി പറയുന്നതിനു മുമ്പ് കോടതി അപ്പുക്കുട്ടനോട് ചോദിച്ചു "എന്തിനു നീയവനെ കൊല്ലാക്കൊല ചെയ്തെടോ?" "അവന്റെ വിധി" അപ്പുക്കുട്ടന് കൂസലില്ലാതെ മറുപടി പറഞ്ഞു. അപ്പുക്കുട്ടനെ അനുകൂലിക്കുന്നവരായിരുന്നു കേള്‍വിക്കാരിലധികവും."നിന്റെ വിധി എന്തെന്നറിയാമോ?" കോടതി ചോദിച്ചു. നിസ്സംഗ ഭാവത്തില്‍ അപ്പുക്കുട്ടന് നിന്നു. "ജീവപര്യന്തം" കോടതി വിധിച്ചു.
കോടതി വിധിയോട് അപ്പുക്കുട്ടന് പുച്ഛം തോന്നി. കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി. "ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത് ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍" എന്ന് പതുക്കെ പറഞ്ഞു.
കോടതി പിരിഞ്ഞു. അപ്പുക്കുട്ടന് കാരാഗൃഹത്തിലേക്ക്. അപ്പുക്കുട്ടന് എന്തോചിന്തിച്ചുകൊണ്ടാണ് നടക്കുന്നത്. അപ്പുക്കുട്ടന് ചിന്തിക്കട്ടെ. നമുക്കല്പം മാറി നില്ക്കാം.
അല്ലേലും അതങ്ങിനെയേ വരൂ. അത്രേം നേരം കൂടെയുണ്ടായിട്ടും ആ നേരത്തത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അല്ലേലും ശ്രദ്ധിച്ചിട്ടും കാര്യമുണ്ടാകുമായിരുന്നെന്ന് യാതൊരുറപ്പുമില്ല. കാരണം, അപ്പുക്കുട്ടന്റെ വിധിയാണത്. നിങ്ങളു കണ്ടില്ലായോ അത്, അപ്പുക്കുട്ടന് ചിന്തകള്‍ക്കു മീതെ ടെലഫോണ്‍ വയറു കുരുക്കി കെട്ടിത്തൂങ്ങിയാടുന്നത്. എന്തു ചെയ്യാം? അപ്പുകുട്ടന്റെ വിധി. അല്ലേ....
Posted by Sajeev Kadavanad at 11:40 AM 11 comments Links to this post
Labels: കഥ
മയിലമ്മ
മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.
മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.
ദാഹിച്ച പൈതലിന് ദാഹംതീര്‍ക്കാന്‍
തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്.
അധിനിവേശത്തിന് പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്
ചെറുത്തുനില്‍പ്പിന് സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍
Posted by Sajeev Kadavanad at 11:35 AM 6 comments Links to this post
ഇര
വണ്ടിയില്‍, അവര്‍ അവളോടൊന്നും ഉരിയാടിയിരുന്നില്ല. എപ്പോഴാണ്, എവിടെയാണ് എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും അവര്‍ ഉത്തരം പറഞ്ഞില്ല. വണ്ടി അവള്‍ക്ക് അപരിചിതമായ ഇടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു. ഭയം അവളുടെ മനസ്സില്‍ അതിന്റെ ഇരുണ്ട കുഞ്ഞുങ്ങളെ പെറ്റുപെരുപ്പിച്ചു. അവള് കണ്ണടച്ചിരുന്നു."ബദ്രീങ്ങളേ രക്ഷിക്കണേ...."
വിജനമായ ചതുപ്പില്‍ വണ്ടി നിന്നു. അവളുടെ മുടിക്കെട്ടില്‍പിടിച്ച് അവളെ താഴേക്കു വലിച്ചിടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവള് ധാരയായൊഴുകുന്ന കണ്ണുകള്‍ മേല്പോട്ടുയര്ത്തി ഉറക്കെ കരഞ്ഞു."അല്ലാഹ്...."
അപ്പോള്‍ അവര്‍ ആറുപേര്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ദൈവത്തിന് നന്ദിപറഞ്ഞു. "ദൈവമേ നീയെത്രനല്ലവന്‍. നീ ഞങ്ങള്‍ക്കൊരു പോറലുമേല്‍പ്പിക്കാതെ ഞങ്ങളുടെ ഇരയെ ഞങ്ങളുടെ കരങ്ങളിലെത്തിച്ചു. നീ വാഴ്ത്തപ്പെടേണ്ടവന്‍."
അവര്‍, അവരുടെ കൂര്‍ത്ത നഖങ്ങള്‍ അവളുടെ ശരീരത്തിലേക്കാഴ്ത്തി. മുഴുത്ത മാംസകഷ്ണങ്ങള്‍ വീതം വെച്ചെടുത്തു. അവര്‍ പച്ചമാംസം കടിച്ചുവലിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവളാകട്ടെ ചതുപ്പുനിലത്ത് പാടകെട്ടിയ രക്തം മാത്രമായി അവരുടെ മുന്നില്‍ കിടന്നു. അവളപ്പോഴും എത്ര ഊതിയിട്ടും കത്താത്ത അടുപ്പിനെകുറിച്ചും 'ഇങ്കി'ന് കരയുന്ന കുഞ്ഞിനെക്കുറിച്ചുമുള്ള വേവലാതിയിലായിരുന്നിരിക്കണം.
Posted by Sajeev Kadavanad at 10:18 AM 2 comments Links to this post
Labels: കഥ