മോഹന്‍ഹള്ളിയിലെ മഞ്ഞുതുള്ളി

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകുന്നില്ല. നേരം പുലരുന്നതേയുള്ളൂ. എഴുന്നേറ്റ് ക്ലബ്ബിന്റെ വരാന്തയില്‍ വന്നു നിന്നു. വന്നു കിടന്നിട്ട് രണ്ടോ മൂന്നോ മണിക്കൂറേ ആയിട്ടുണ്ടാകൂ...ഹാളില്‍ കൂട്ടുകാരൊക്കെ കൂര്‍ക്കം വലിച്ചുകിടന്നുറങ്ങുന്നു. എനിക്കെന്തോ തല പെരുക്കുന്നതുപോലെ. ഉറക്കം വന്ന വഴിയേ തിരിച്ചു പോകുന്നു.

ഇന്ന് സുധീറിന്റെ പെങ്ങളുടെ കല്ല്യാണമാണ്. ഇന്നലെ രാത്രി മുഴുവന്‍ അവന്റെ വീട്ടിലായിരുന്നു. പാട്ടും കൂത്തും വെള്ളവും... സേവയുള്ള ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ മടിയാണ്. അങ്ങിനെയാണ് ഇടക്കിടെ ക്ലബ്ബിനെ ഇടത്താവളമാക്കി തുടങ്ങിയത്. ബാക്കിയുള്ളതുമായി അവിടെയങ്ങു കൂടും. കൂട്ടിന് കൂട്ടുകാരും...

വരാന്തയില്‍ നിന്ന് നോക്കിയാല്‍ മോഹന്‍‌ഹള്ളി കാണാം. മോഹനേട്ടന്റെ വീട് നില്‍ക്കുന്ന സ്ഥലമാണ് മോഹന്‍‌ഹള്ളി. കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്‍‍. കള്ളിനോടൊപ്പം കഥകളും വിളമ്പും. സംഭവങ്ങളെ ഭാവനയില്‍ ചാലിച്ച്... ഹള്ളികളുടെ കഥകള്‍ കേട്ട് കേട്ട് കൂട്ടുകാര്‍ ആരോ നല്‍കിയതാണ് മോഹന്‍‌ഹള്ളിയെന്ന സ്ഥലനാമം.

ഉച്ചക്ക് ലീവാക്കാമെന്ന് കരുതിയാണ് ഇന്നലെ ഓഫീസില്‍ പോയത്. എന്തെങ്കിലും തിരക്കുണ്ടെങ്കില് വന്നോളും ഓരോ മാരണങ്ങള്. വൈകുന്നേരം അഞ്ചുമണിക്കാണ് ഒഴിവായത്. നേരെ സുധീറിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് മോഹനേട്ടന്റെ വീട്ടിലൊന്ന് കയറി. ചിന്നുവിന് ഒരുമ്മകൊടുക്കാം, മീനേച്ച്യോട് കണവന്റെ വിശേഷങ്ങളും തിരക്കാം...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍.

ഗേറ്റുകടന്ന് മുറ്റത്തെത്തിയപ്പോഴേക്കും ചിന്നുമോള്‍ ഓടിവന്നു. ‘ചുനിമാമാ...’ന്ന് വിളിച്ച് മേല്‍ നിരയിലെ നാലുപല്ലും കീഴ്ചുണ്ടിന് മുകളിലേക്ക് പിടിച്ച് കോപ്രായം കാണിച്ചുനിന്നു. ‘അച്ഛാ ചുനിമാമന്‍...’ ന്ന് പറഞ്ഞ് അകത്തേക്കോടി. അകത്തുനിന്നും ‘സുന്യോ...?’ എന്ന മോഹനേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ അത്ഭുതം തോന്നി.

കട്ടിലിലിരുന്ന് അതിരഹസ്യമായി ‘ഇക്ക്യൊരപകടം പറ്റീടാ...’ ന്ന് പറയുമ്പോഴാ‍ണ് മുഖം ശ്രദ്ധിച്ചത്. മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദയനീയ ഭാവം. എപ്പോഴും ചിരിപ്പിക്കുന്ന കഥകളുമായിവരുന്ന മോഹനേട്ടന്‍ തന്നെയോ... ‘ഞാന്‍ പറഞ്ഞിട്ടില്ലേ അവളെക്കുറിച്ച്...’

കഴിഞ്ഞ തവണത്തെ കഥകളില്‍ അവളുമുണ്ടായിരുന്നു. മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ കൂടാറുണ്ടായിരുന്ന പൂച്ചക്കണ്ണുള്ള സുന്ദരി. ‘...വീടെവിടെയാണെന്നറിയില്ല. എപ്പോഴാണ് മുകളിലേക്കു കയറുന്നത് എന്നും അറിയില്ല. ചോദിച്ചിട്ട് പറഞ്ഞുമില്ല. എങ്കിലും എന്നും കൂടെ കൂടും. ഓരോ കുസൃതിത്തരങ്ങളും പറഞ്ഞ്... തിരിച്ച് വീടെത്തുന്നത് അറിയാറേയില്ല...’

അവള്‍ക്കെന്തുപറ്റിയെന്ന ചോദ്യ ഭാവത്തോടെ ഞാനിരുന്നു. ‘മിനിഞ്ഞാന്ന് കാലത്ത്...’ഒന്നു നിര്‍ത്തിയിട്ട് മോഹനേട്ടന്‍ തുടര്‍ന്നു.സ്ഥിരമായി കണ്ടുമുട്ടാറുള്ള കോര്‍ണ്ണറില്‍ അവളുണ്ടായിരുന്നില്ല. കുറച്ചുനേരം കാത്തുനിന്നു. മഞ്ഞ് പതിവിലും കൂടുതലായിരുന്നു. തിരിച്ചു നടക്കാന്‍ തുടങ്ങുമ്പോള്‍ കോര്‍ണ്ണറില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ എന്തോ അനങ്ങുന്നു. മഞ്ഞില്‍ കുതിര്‍ന്ന്‍ മങ്ങിയ കാഴ്ച്ച. കയ്യില്‍ കിട്ടിയ വള്ളികളിലും മറ്റും പിടിച്ച് പതുക്കെ ഇറങ്ങി. അടുത്തെത്തി. ഒരു പെണ്‍കുട്ടിയാണ്...അത് അവളാണ്...പെട്ടെന്ന് ഉള്ളിലുണ്ടായ കാളല്‍ ഉച്ഛത്തില്‍ പുറത്തേക്കു വന്നു. ചീറലുകേട്ട് ഒന്നുരണ്ടുപേര്‍ ഓടി വന്നു. ആളുകൂടി. അപ്പോഴേക്കും ചിലര്‍ അക്രമ സ്വഭാവം കാണിക്കാന്‍ തുടങ്ങിയിരുന്നു. എങ്ങിനെയൊക്കെയോ ചുരമിറങ്ങി...

ഉറങ്ങുവാന്‍ ഒരു പാഴ്‌ശ്രമം കൂടി നടത്തിനോക്കാമെന്ന് കരുതിയാണ് മുറിയിലേക്ക് കയറിയത്. അപ്പോഴേക്കും സതീഷ് ഉണര്‍ന്നിരുന്നു. ‘ഓന്റ്യൊക്കെ ഒടുക്കത്തെ ഒറക്കം...’ ന്ന് പറഞ്ഞ് ഓരോരുത്തരുടേയും ചന്തിക്കിട്ട് ചവിട്ടാന്‍ തുടങ്ങി. ദിനേശന്‍ ഉണരുന്ന ഓരോരുത്തര്‍ക്കും കണി കാണിച്ചുകൊടുത്തുകൊണ്ടിരുന്നു. ചുവരിന്റെ ഒരു മൂലയില്‍ പോയി ഞാന്‍ ചുരുണ്ടു. ‘എല്ലാരും ണീച്ചപ്പളാ ഓന്റെ കെട്ത്തം...’ സോഡാ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന സോഡാ തലയിലേക്കൊഴിച്ചു തരുമ്പോള്‍ മണികണ്ഠന്‍ പറയുന്നുണ്ടായിരുന്നു.

മോഹനേട്ടന്റെ വീട്ടിനുമുന്നില്‍ പോലീസുവണ്ടിനില്‍ക്കുന്നെന്ന് വരാന്തയില്‍ നിന്ന കൂട്ടുകാരിലാരോ വിളിച്ചു പറഞ്ഞപ്പോള്‍ ഉള്ളുകാളി. പിന്നെ എണീറ്റ് ഓടുകയായിരുന്നു. മോഹന്‍‌ഹള്ളിക്ക് ആക്രോശങ്ങളുടെ പുലരിക്കാഴ്ച്ച സമ്മാനിച്ചുകൊണ്ടിരുന്നു പോലീസേമാന്മാര്‍. വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...

10 comments:

സജീവ് കടവനാട് said...

പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...

ശ്രീ said...

ഒരു തേങ്ങ ഇവിടെ കിടക്കട്ടേ...
“ഠേ!”
:)

ബാജി ഓടംവേലി said...

വരാന്തയില്‍ ബോധരഹിതയായികിടന്നിരുന്ന മീനേച്ചിക്കരികില്‍ എന്താണ് നടക്കുന്നതെന്നറിയാതെ ചിന്നുമോള്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. പോലീസുവണ്ടിയിലേക്കു കയറുന്ന മോഹനേട്ടനെ ഞാന്‍ ഒന്നേ നോക്കിയുള്ളൂ...

ചേട്ടായി said...

കിനാവെ.. കുട്ടാ എന്തിനാണു മോഹനേട്ടന്‍ ആ പെണ്ണിന്റെടുത്തു പോയത്? കഥ കൊള്ളാം


ഓ.ടോ. ബാജിയെന്താണു കമന്റിയത്? അങ്ങിനെതന്നെ കോപ്പിചെയ്തു വച്ചതൊ??
ഇങ്ങിനെയാണൊ അഭിപ്രായം രേഖപ്പെടുത്തുന്നത?

ഉറുമ്പ്‌ /ANT said...

:)

സജീവ് കടവനാട് said...

ശ്രീ, ബാജിചേട്ടന്‍, ചേട്ടായി,ഉറുമ്പ് നന്ദി.

കുഞ്ഞന്‍ said...

മഞ്ഞുതുള്ളി പോലെ മനോഹരം..!
പാവം ചിന്നു മോള്‍ ..:(

സജീവ് കടവനാട് said...

നന്ദി കുഞ്ഞേട്ടാ...

ഉപാസന || Upasana said...

സത്യത്തില്‍ അവസാനം എന്താ പറ്റിയതെന്ന് മനസ്സിലായില്ല. ഒരു അവ്യക്തത പോലെ. എന്തിനാണ് മോഹനേട്ടന്‍ അവിടെ പോയത്.
വിവരണശൈലി കൊള്ളാം
:)
ഉപാസന

ഓ. ടോ: അതൊക്കെ അങ്ങ് മറന്നേക്ക്.

സജീവ് കടവനാട് said...

‘എന്റെ ഉപാസനേ’ വായനക്ക് നന്ദി. വായനയില്‍ അവ്യക്തത തോന്നിയെങ്കില്‍ തെറ്റ് എന്റേത് തന്നെ.

'...കര്‍ണ്ണാടകയില്‍ നിന്നും വരുമ്പോള്‍ കുപ്പിയോടൊപ്പം കഥകളുമുണ്ടാകും മോഹനേട്ടന്റെ പെട്ടിയില്..‍‍.'
'...ഒരു മാസമേ ആയുള്ളൂ പോയിട്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും കഴിയും തിരിച്ചുവരാന്‍...'
'...മഞ്ഞു പറ്റിപ്പിടിച്ചു കിടന്ന മലമ്പാതയിലൂടെ പ്രഭാതസവാരികഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ കൂടെ കൂടാറുണ്ടായിരുന്ന പൂച്ചക്കണ്ണുള്ള സുന്ദരി. ‘...വീടെവിടെയാണെന്നറിയില്ല. എപ്പോഴാണ് മുകളിലേക്കു കയറുന്നത് എന്നും അറിയില്ല. ചോദിച്ചിട്ട് പറഞ്ഞുമില്ല. എങ്കിലും എന്നും കൂടെ കൂടും. ഓരോ കുസൃതിത്തരങ്ങളും പറഞ്ഞ്... തിരിച്ച് വീടെത്തുന്നത് അറിയാറേയില്ല...’' അന്ന് ‘സ്ഥിരമായി കണ്ടുമുട്ടാറുള്ള കോര്‍ണ്ണറില്‍ അവളുണ്ടായിരുന്നില്ല’ ഇത്രയും എഴുതിയിട്ടും മോഹനേട്ടന്‍ അവിടെ എന്തിനാണ് പോയതെന്ന് ചോദിച്ചപ്പോള്‍ എഴുത്തില്‍ എവിടെയൊക്കെയോ കുഴപ്പങ്ങളുള്ളതുപോലെ. എവിടെയാണെന്ന് മനസിലാകുന്നുമില്ല. മനസിലായാല്‍ തിരുത്താമായിരുന്നു.

തെറ്റ് ആര് എന്തിനു ചെയ്തു എന്നന്വേഷിക്കുന്നതിനേക്കാള്‍ ഏതെങ്കിലും ഒരു പ്രതിയുടെ തലയില്‍ കുറ്റം കെട്ടിവച്ച് ശിക്ഷ വിധിക്കുന്ന സമൂഹമായിരുന്നു ഇത് എഴുതുമ്പോള്‍ മനസില്‍.

അതെല്ലം മറന്നു.

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP