മീറ്റു വിശേഷം (ബഹ്‌റൈന്‍ മീറ്റ്)

ജോലി കഴിഞ്ഞ് ചടപടാന്നൊരു കുളി(വല്ലപ്പോഴും നടക്കുന്ന അത്ഭുതം) കഴിച്ച് മീറ്റ് നടക്കുന്ന ബു അലി ഹോട്ടലിന്റെ ഹാളിലെത്തുമ്പോഴേക്കും ബാജിച്ചേട്ടനും ഇരിങ്ങലും കൂടി മൈക്കിന് പിടിവലി തുടങ്ങിക്കഴിഞ്ഞിരുന്നു. ചെന്നയുടനേ പരിചയപ്പെടുത്തലിന്റെ ഔപചാരികത. ജീവിതത്തിലാദ്യമായി നാലുപേരെ സംബോധന ചെയ്യുന്ന ഞാന്‍ വിയര്‍ത്തു. എന്റെ പേര്‍ കിനാവ്... മുട്ടുകാലു കൂട്ടിയിടിച്ച് എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. കൂടിയിരുന്നവരില്‍ അധികവും ആദ്യമായി കാണുന്നവര്‍.

പരിചയപ്പെടുത്തലിനിടയില്‍ ‘എന്റെ ഒരേ ഒരു ഭാര്യ’ എന്ന ബാജിചേട്ടന്റെ പ്രയോഗവും ‘കൂടുതലെണ്ണത്തിന് ശ്രമം തുടരുന്നു’ എന്ന ബെന്യാമിന്റെ പ്രതികരണവും വാമഭാഗത്തുനിന്നുള്ള മുറുമുറുപ്പിന് കാരണമായെങ്കിലും ഔപചാരികതയുടെ വേലികള്‍ മുറിച്ച് സൌഹൃദത്തിന്റെ അന്തരീക്ഷം രൂപപ്പെട്ടു വരികയായിരുന്നു. വ്യത്യസ്ത മേഘലകളില്‍ ജോലി ചെയ്യുന്ന വ്യത്യസ്ത ചിന്താഗതികളുള്ള വുത്യസ്ത പ്രായക്കാരായ മുപ്പതോളം(എണ്ണം) വരുന്ന ബ്ലോഗന്മാരും ബ്ലോഗിണികളും വായനക്കാരുമൊക്കെ ചേര്‍ന്ന് ബ്ലോഗിലെ സദാചാരം, ശ്ലീലം, അശ്ലീലം (ഇപ്പോഴത്തെ ട്രെന്റ്) തുടങ്ങിയവയെക്കുറിച്ച് നടത്തിയ ചര്‍ച്ച ഗംഭീരമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ നിന്നുള്ള പിന്മാറ്റവും വി.കെ.ശ്രീരാമന്റെ അരങ്ങേറ്റവുമൊക്കെ ചര്‍ച്ചചെയ്ത് കുളമാക്കിയപ്പോഴാണ് നചികേതസിന്റെ ശാസ്ത്രവിഷയങ്ങളെ ബ്ലോഗര്‍മാര്‍ അവഗണിക്കുന്നു എന്ന ആരോപണം വന്നത്. പിന്നെ ചര്‍ച്ച ആ വഴിക്കു തിരിഞ്ഞു.

ബ്ലോഗില്‍ ഇടക്കിടക്ക് ഏറ്റുമുട്ടലുകള്‍ നടത്താറുള്ള ബെന്യാമിനും ഇരിങ്ങലും തമ്മിലുള്ള സൌഹൃദം മീറ്റിലെ വേറിട്ട കാഴ്ചയായി. ഒരു അടി കാണാമെന്നുള്ള മോഹവുമായിവന്നവരെയൊക്കെ നിരാശരാക്കിയതില്‍ ബാച്ചികള്‍ക്കുവേണ്ടി ഈ പോസ്റ്റിലൂടെ ഞാന്‍ പ്രതിഷേധം അറിയിക്കുന്നു. കൂട്ടായ്മയുടെ അവസാന ചടങ്ങ് ഭക്ഷണം കഴിക്കുക എന്നതായിരുന്നു. ഈ ചടങ്ങ് അവസാനത്തേക്ക് മാറ്റിവച്ചത് പ്രതിഷേധാര്‍ഹമായിപ്പോയി എന്ന് ഇരിങ്ങല്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായത് ആ തീറ്റ കണ്ടപ്പോഴാണ്.

നാട്ടില്‍ പോയതിനാല്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കെവിന്‍ അപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയനായി. മൂന്ന് മാസം മുന്‍പ് കെവിന്റെ വീട്ടില്‍ വച്ച് കൂടിയ ആദ്യ മീറ്റിനെകുറിച്ച് ഇരിങ്ങലും ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനുവേണ്ടി (നിങ്ങളുദ്ദേശിച്ചതല്ല...) കെവിനും ബെന്യാമിനും നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ബെന്യാമിനും പറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു പോയി (കിടക്കട്ടെ ഒരു തുക ലിസിലും).

മുഴുവന്‍ സമയവും നിറഞ്ഞുനിന്ന (വണ്ണം കൊണ്ടല്ല) കുഞ്ഞന്‍(പ്രവീണ്‍),സജി മുട്ടോണ്‍, ബെന്യാമിന്‍,പ്രശാന്ത്‌ കോഴഞ്ചേരി,ഡാന്‍സ്‌ മമ്മി (വണ്ണം കൊണ്ടും)മോഹന്‍ പുത്തന്‍‌ചിറ,കെവിന്‍ മേണാത്ത്‌,സുധീഷ് കുമാര്‍,എം.കെ നംബിയാര്‍, ചെറുകഥാകൃത്തായ പ്രദീപ് ആഢൂര്‍ തുടങ്ങിയവരോടും ഇങ്ങിനെയൊരു മീറ്റ് സംഘടിപ്പിക്കാന്‍ മുന്‍‌കയ്യെടുത്ത ബാജി ചേട്ടനോടും ഇരിങ്ങലിനോടും എങ്ങിനെ നന്ദി പറയാതിരിക്കും.നന്ദി, നന്ദി, നന്ദി...


മീറ്റിന്റെ വിശദമായ റിപ്പോര്‍ട്ട് ബഹറിന്‍ ബൂലോക(http://bahrainboolokam.blogspot.com/)ത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ബാജിചേട്ടന്‍ അറിയിച്ചിട്ടുണ്ട്.

10 comments:

കിനാവ്‌ said...

ജോലി കഴിഞ്ഞ് ചടപടാന്നൊരു കുളി(വല്ലപ്പോഴും നടക്കുന്ന അത്ഭുതം) കഴിച്ച് മീറ്റ് നടക്കുന്ന ബു അലി ഹോട്ടലിന്റെ ഹാളിലെത്തുമ്പോഴേക്കും ബാജിച്ചേട്ടനും ഇരിങ്ങലും കൂടി മൈക്കിന് പിടിവലി തുടങ്ങിക്കഴിഞ്ഞിരുന്നു.

ശ്രീ said...

ആശംസകള്‍‌!
കൂടുതല്‍‌ വിവരങ്ങള്‍‌ക്കും ഫോട്ടോസിനുമായി കാത്തിരിക്കുന്നു
:)

ഓണാശംസകള്‍‌!

കിനാവ്‌ said...

ശ്രീ, കൂടുതല്‍ വിവരങ്ങളും ഫോട്ടോസും ഉടന്‍ പോസ്റ്റുന്നതായിരിക്കും.
ഓണാശംസകള്‍!!

G.manu said...

paTam vEgam!

കിനാവ്‌ said...

പടം ഉടന്‍ തരാം മനുച്ചേട്ടാ.

മുസാഫിര്‍ said...

റിപ്പോര്‍ട്ടിനു നന്ദി കിനാവ്.പടങ്ങള്‍ പോരട്ടെ !

Nachiketh said...

ശാസ്ത്ര വിഷയങ്ങളെ മാത്രമല്ല നമ്മള്‍ അവഗണിച്ചത് , ബ്ലോഗിലെ മാത്രമല്ല മലയാളികളുടെയെല്ലാം ബൃഹത് സംരഭമായ “മലയാളം വിക്കി പീഡിയയെ പറ്റി“, ബൂലോക സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തര്‍വാദിത്വമാണ് , നമ്മുക്കുവേണ്ടി നമ്മുടെ മുന്‍ഗാമികള്‍ ചെയ്തു വെച്ച നല്ലറിവുകള്‍ , കൂടുതല്‍ നന്നാക്കി അടുത്ത തലമുറക്കുവേണ്ടി വെക്കുന്നത് അതിനെ പറ്റിയും ആരും ഒന്നും പറഞ്ഞു കണ്ടില്ല.
കൂടുതല്‍ നന്നാക്കി അടുത്ത കൂട്ടായ്മക്കായി കാത്തിരിക്കാം...

സ്നേഹപൂര്‍വ്വം

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ

ഒത്തു പിടിച്ച മലയും പോരുമെന്ന് പണ്ട് കേട്ടിട്ടുണ്ടു.
അഭിനന്ദങ്ങള്‍ ....നാടും കൂടും വിട്ട് വന്ന ദേശാടനകിളികളുടെ ഈ സംഗമം സന്തോഷം പകരുന്നു....കൂടുതല്‍ വിശേഷങ്ങള്‍ക്കായ് കാത്തിരിക്കുന്നു.
ഇത്തരമൊരു സംരംഭത്തിന്ന് ചുക്കാന്‍ പിടിച്ച കിനാവിനും , ബാജിക്കും ...മറ്റ് എല്ലാ ബ്ലോഗ്ഗേര്‍സ്സിനും അഭിനന്ദങ്ങള്‍

അരികിലാണെങ്കിലും ...അകലെയായ്..തോന്നും പുളവന്‍ പാലത്തിനിപ്പുറത്തെ സൌദിയില്‍ നിന്നും
ഓണാശംകള്‍


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

കിനാവ്‌ said...

മുസാഫിര്‍ കുറേ കാലമായി കണ്ടിട്ട് അല്ലേ. ഫോട്ടോ ഇവിടെയുണ്ട്. "ബഹറിന്‍ ബൂലോക കുടും‌മ്പ സംഗമ പടങ്ങള്‍..." http://bahrainboolokam.blogspot.com/2007/08/blog-post_25.html
മന്‍സൂര്‍, അടുത്ത മീറ്റിനു വിളിച്ചാല്‍ പാലം കടക്കാന്‍ പറ്റുമോ എന്നൊന്നു ശ്രമിക്കാമോ?
നചികേത്: നമുക്ക് സമയം ഇനിയുമുണ്ടല്ലോ.

എല്ലാവര്‍ക്കും ഓണാശംസകള്‍!

മന്‍സുര്‍ said...

പ്രിയ സ്നേഹിത കിനാവേ...

കിനാകളില്‍ കണ്ടു ഞാന്‍ ഒരു കിനാവ്..
ബഹറൈന്‍ പാലം കടക്കുന്ന കിനാവ്...
ഒരു വരവേല്‍പ്പിന്‍ ആഘോഷം

തീര്‍ച്ചയായും ശ്രമിക്കാം കിനാവേ
ചോദിച്ചതില്‍ സന്തോഷം

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലംബൂര്‍

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP