വീണ വായന

ചിറ്റോറം വേലികെട്ടി. നടുക്കൊരു വാഴവെച്ചു... ശ്രുതിക്കുട്ടീടെ കയ്യില്‍ വേലിയും വാഴയുമൊക്കെ അടയാളപ്പെടുത്തി റാണിമോള് കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നിട്ടോ...
സ്റ്റമ്പും ബാറ്റുമെല്ലാം ഗ്രൌണ്ടിനരികിലെ ചിറയിലേക്കിട്ട് വിജീഷും അയാള്‍ക്കരികില്‍ ഇരിപ്പുറപ്പിച്ചു.
എന്നിട്ടെന്താ, നിന്റമ്മേ നിന്റപ്പന്‍...ഫ!
വഴിയോരത്തൂടെ ധൃതിയില്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന മനോഹര്‍ജി ഒരാട്ട്.
ഹും, നാടുകത്തുമ്പോഴാ അവന്റമ്മേടെ വീണവായന...

പാണനെന്നാണ് അയാളെ വിളിക്കാറ്. പേരും ഊരുമൊന്നും ആര്‍ക്കും അറിയില്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. കുറേ കാലങ്ങളായി ഇടക്കിടെ കാണാറുണ്ടെന്നുമാത്രം. ഒരു ഭ്രാന്തന്‍. നാടുമുഴുവന്‍ കറങ്ങിനടക്കുന്നവന്‍. തെരുവിലുണ്ട് തെരുവിലുറങ്ങുന്നവന്‍. കൂടില്ല. കൂട്ടില്ല. നാളെയെക്കുറിച്ച് വേവലാതികളില്ല. വന്നാല്‍ കുട്ടികളുമായാണ് കൂട്ട്. ഊരു തെണ്ടിയുടെ കാഴ്ചകള്‍ കുട്ടികളുമായി പങ്കുവെക്കും, തനിക്കുപരിചിതമായ നാടുകളിലൊക്കെ.

നീ കണ്ടോ കള്ളനെ, നീകണ്ടോ എന്ന് ഓരോവിരലുകളോടും ചോദിച്ച് ശ്രുതിക്കുട്ടീടെ വിരലുകള്‍ മടക്കിവെച്ചു റാണിമോള്. ദാ, ഇതിലെപ്പോയി ഇതിലെപ്പോയെന്ന് കൈത്തണ്ടകളിലൂടെ വിരലോടിച്ച്...ഇക്കിളികിളികിളി...
രണ്ടു പേരും ചിരിച്ചു കുഴഞ്ഞുമറഞ്ഞു. രണ്ടുവയസുകാരിക്ക് കഥ മനസിലായോ എന്തോ?

അമ്മ വിളിച്ചപ്പോഴാണ് ശ്രുതിക്കുട്ടിയെ ഉമ്മറത്ത് തനിച്ചാക്കി റാണിമോള് അമ്മയ്ക്കരികിലേക്കോടിയത്. ശ്രുതിക്കുട്ടിയാകട്ടെ അടിവെച്ചടിവെച്ച് മുറ്റത്തിറങ്ങി സ്വാതന്ത്ര്യമാഘോഷിച്ചു.

റാണിമോള്‍ തിരിച്ചെത്തുമ്പോള്‍ ശ്രുതിക്കുട്ടി വീടിന്റെ തെക്കേ അതിരിലെ ഇടവഴിക്കരികിലെത്തിയിരിക്കുന്നു. ഇടവഴിയോട് ചേര്‍ന്നു നിന്ന പൈന്‍ മരത്തിന്റെ വേരുകള്‍ക്കിടയില്‍ നിന്ന് എന്തോ വലിച്ചെടുക്കുന്നു.

മോളൂ അതവിടെയിട്, അപ്പി, അപ്പ്യാ അത്...
റാണിമോള്‍ ശ്രുതികുട്ടീടരികിലേക്ക് ഓടിയെത്തുമ്പോഴേക്കും വഴിയേപോയിരുന്ന അപ്പുവേട്ടന്‍ ഓടിയെത്തി റാണിമോളെ തടഞ്ഞുനിര്‍ത്തി.

ആളുകള്‍ കൂടാന്‍ തുടങ്ങി. അലമുറയിട്ടുകൊണ്ട് കുഞ്ഞിനടുത്തേക്ക് ഓടിയടുക്കാന്‍ തിടുക്കപ്പെടുന്ന അമ്മയെ മറ്റു സ്ത്രീകള്‍ തടഞ്ഞു നിറുത്തിയിരിക്കുന്നു.

ബോംബുതന്നെയാണെന്നാണ് കണ്ടവരൊക്കെ പറയുന്നത്. കഴിഞ്ഞ ദിവസം ശിവന്റമ്പലത്തിന്റര്യേത്ത്ന്ന് ഇതുപോലൊരെണ്ണാണ് പോലീസ് നിര്‍വ്വീര്യാക്ക്യേതെന്ന് ചാത്തേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. നാലു ദിവസം മുമ്പ് ചന്തയിലെ സ്ഫോടനത്തില്‍ രണ്ടാള് മരിച്ചതിനെക്കുറിച്ചാണ് മോയീനാപ്ല ഘോരഘോരം പ്രസംഗിക്കുന്നത്.

തനിക്കു ചുറ്റും ആളു കൂടുന്നതു കണ്ടപ്പോള്‍ ശ്രുതിക്കുട്ടീടെ കുസൃതികൂടി. കയ്യിലെ പൊതികൊണ്ട് ആളുകള്‍ക്കു നേരെ പലവിധ ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി. നൃത്തവും പാട്ടും തുടങ്ങി. തനിക്കു വഴങ്ങുന്ന അക്ഷരങ്ങള്‍കൊണ്ട് തനിക്കു വഴങ്ങുന്ന രീതിയില്‍...

നടുവില്‍ ശ്രുതിക്കുട്ടി. വലിയൊരു വൃത്തത്തില്‍ മനുഷ്യചങ്ങല കോര്‍ത്ത് നാട്ടുകാര്‍. ശ്രുതിക്കുട്ടിയെകൊണ്ട് കയ്യിലിരിക്കുന്ന പൊതി താഴെയിടീക്കുവാന്‍ ആംഗ്യങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് പലരും.

ആരോ വിളിച്ചു പറഞ്ഞതിനാലായിരിക്കണം ഒരു വണ്ടി നിറയെ പോലീസുകാരും എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരും കാണികളെപ്പോലെ ഉത്കണ്ഠാഭരിതരായി നോക്കിനില്‍പ്പു തുടങ്ങി. ബോംബ്‌‌സ്ക്വാഡ് വരാനുണ്ടത്രേ... അരമണിക്കൂറെങ്കിലുമെടുക്കും.

വഴിയോരത്തൂടെ വലിയൊരു ജാഥ കടന്നുപോയി. പാണന്‍ കഥയൊന്നു നിറുത്തി. ക്രിക്കറ്റുകളിക്കുമ്പോളാണെങ്കില്‍ കളിനിറുത്തി ജാഥ കാണാറുള്ള കുട്ടികളാണ് അക്ഷമരായി പാണന്റെ ചുണ്ടനക്കത്തിനു കാതോര്‍ക്കുന്നത്. പകരം ഞങ്ങള്‍ ചോദിക്കുമെന്ന ജാഥയുടെ ആരവം ഒന്നൊതുങ്ങിയപ്പോഴേക്കും വിനോദിന്റെ ചോദ്യം.
എന്നിട്ട് ശ്രുതിക്കുട്ടിക്കെന്തേലും പറ്റ്യാ?

ജീപ്പിന്റെ ഇരമ്പല്‍. പോലീസ്. ബോംബ്സ്ക്വാഡു തന്നെ. ആളുകള്‍ വഴിയൊരുക്കി കൊടുത്തു. അവര്‍ മുന്‍‌കരുതലുകളെടുത്ത് ശ്രുതിക്കുട്ടിക്കരികിലേക്ക് നീങ്ങാന്‍ തുടങ്ങി.

പെട്ടെന്നായിരുന്നു അത്...പൊട്ടിത്തെറിയുടെ ശബ്ദം!!

ആളുകള്‍ അലറിവിളിച്ച് നാലുപാടും ചിതറിയോടി.

പൊട്ടിത്തെറിയുടെ ശബ്ദത്തോടൊപ്പം ആളുകളുടെ നിലവിളിയും പാച്ചിലും കണ്ട് ഭയന്നിട്ടാകണം ശ്രുതിക്കുട്ടി കയ്യിലുണ്ടായിരുന്ന പൊതി താഴെയിട്ട് അമ്മക്കരികിലേക്കോടിയത്.
തൊട്ടപ്പുറത്ത് നാരാണേട്ടന്റെ വീട് അഗ്നിമരം പൂത്തതുപോലെ നിന്നു കത്തുകയായിരുന്നു അപ്പോള്‍.

ശ്രുതിക്കുട്ടി രക്ഷപ്പെട്ടതിന്റെ ആശ്വാസവും നാരാണേട്ടന്റെ വീടിന്റെ എരിച്ചിലും കുട്ടികളുടെ മുഖത്തുനിന്ന് വായിച്ചെടുത്ത് പാണന്‍ പതുക്കെ മറ്റൊരു കളിക്കൂട്ടം തേടി നടത്തം തുടങ്ങി.

14 comments:

സജീവ് കടവനാട് said...

ചിറ്റോറം വേലികെട്ടി. നടുക്കൊരു വാഴവെച്ചു...

ഈസോപ്പ് നമ:

ഗുപ്തന്‍ said...

PaRayanuLLathu muzhuvan paRanjo kinaavae? Nalla plot. KuttikkaLiyude aakasmikatha kond kuReppere rakshapeduthunna oru avathaaram. Oru podikkuu koode expand cheyyaamaayirunnu ennoru thonnal. Still good :)

Sanal Kumar Sasidharan said...

മ്...ശരിയായിട്ടില്ല...നല്ലതറയുണ്ടായിരുന്നു...ധൃതികാണിച്ചതാണോ?

siva // ശിവ said...

നല്ല ഭാഷ...

Unknown said...

നല്ല കഥ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗുഡ്.

ശ്രീ said...

കൊള്ളാം മാഷേ.
:)

സജീവ് കടവനാട് said...

ഗുപ്തമന്‍& സനല്‍ കുറേ ദിവസായി തറയിട്ടു വെച്ചിട്ട്. കിട്ടിയ ലോണും കൊണ്ട് ഇപ്പഴാ കെട്ടിപ്പൊക്കീത്. എക്സ്പാന്‍ഡുചെയ്യാന്‍ ഫയം.
ശിവ, അനൂപ്, സജി,ശ്രീ നന്ദി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ന് .. :) ഇനിയും എഴുതൂ

സജീവ് കടവനാട് said...

കിച്ചൂനും ചിന്നൂനും :)

asdfasdf asfdasdf said...

കഥ കൊള്ളാം. സനാതനന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.

സജീവ് കടവനാട് said...

മേന്‍‌നേ :)

ഭൂമിപുത്രി said...

എന്റെബ്ലോഗില്‍ക്കണ്ട കിനാവിനെയൊന്ന് ക്ലിക്കിനോക്കീപ്പഴാണീ പുതിയ പാണന്റെ പാട്ടും കഥയും..
അവസാനം കുട്ടികളുടെ മുഖത്തു തെളിഞ്ഞ ആശ്വാസമാണ്‍ എനിയ്കസ്വസ്ഥതയായതു.
ശരിയ്ക്കുമിഷ്ട്ടപ്പെട്ടു.

സജീവ് കടവനാട് said...

ഭൂമിപുത്രി, വായനക്കു നന്ദി. കുട്ടികളുടെ മുഖത്ത് ആശ്വാസവും എരിച്ചിലുമുണ്ടായിരുന്നു.

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP