അപ്പുക്കുട്ടന്റെ വിധി!!!


അപ്പുകുട്ടന്‍ മരിച്ചു. കെട്ടിത്തൂങ്ങിയാണ്‌ മരിച്ചത്‌. അപ്പുക്കുട്ടന്റെ ജാതകപ്രകാരം അപ്പുക്കുട്ടന്‌ 95 വയസ്സുവരെ ആയുസ്സുണ്ട്‌. എന്നിട്ടും അപ്പുക്കുട്ടന്‍ 45-ല്‍ വിരാമമിട്ടു. അപ്പുക്കുട്ടന്റെ വിധി!

ഗജകേസ്സരി യോഗമായിരുന്നു അപ്പുക്കുട്ടന്‌, ജാതകത്തില്‌. എന്നിട്ടും അപ്പുക്കുട്ടന്‍ ഒരു മൂന്നാംതരം റൌഡിയായി. ചെറുപ്പത്തില്‍ തന്റെ മൂന്നു ജ്യേഷ്ടന്മാരേയും അപ്പുക്കുട്ടന്‍ വല്ലാതെ ഉപദ്രവിക്കുമായിരുന്നെങ്കിലും അമ്മ അവനെ വഴക്കുപറയില്ലായിരുന്നു. അവനെക്കൊണ്ടാണത്രേ അവര്‍ക്ക്‌ രാജയോഗം.

അപ്പുക്കുട്ടന്‍ വളര്‍ന്നു. ചെറുപ്പത്തിലെ വികൃതി വലുപ്പത്തില്‍ തകൃതിയായി. അപ്പുക്കുട്ടന്‍ മദഗജനായി. എങ്കിലും അമ്മ പ്രതീക്ഷിച്ചു, 'ഗജകേസരിയോഗം വരും'.

അപ്പുക്കുട്ടന്റെ വിധിപറയുന്ന ദിവസം കോടതിയില്‍ പതിവിലധികം ആളുകളുണ്ടായിരുന്നു, രണ്ടു പക്ഷം പിടിക്കുന്നവര്‍. അപ്പുക്കുട്ടന്റെ വിധിയെന്താകുമെന്ന ആകാംക്ഷയിലായിരുന്നു അവര്‍. ഒടുവില്‍ വിധി വന്നു. അപ്പുക്കുട്ടന്‌ ജീവപര്യന്തം. അതുപോരെന്നു പറഞ്ഞവരും കഷ്ടമെന്നു പറഞ്ഞവരും തമ്മില്‍ ചെറിയ രീതിയില്‍ ഉരസലുണ്ടായി. വീണ്ടുമൊരു സംഘര്‍ഷമുണ്ടാകാതെ പിരിഞ്ഞതു ഭാഗ്യം!

വിധി പറയുന്നതിനു മുമ്പ്‌ കോടതി അപ്പുക്കുട്ടനോട്‌ ചോദിച്ചു "എന്തിനു നീയവനെ കൊല്ലാക്കൊല ചെയ്തെടോ?" "അവന്റെ വിധി" അപ്പുക്കുട്ടന്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. അപ്പുക്കുട്ടനെ അനുകൂലിക്കുന്നവരായിരുന്നു കേള്‍വിക്കാരിലധികവും."നിന്റെ വിധി എന്തെന്നറിയാമോ?" കോടതി ചോദിച്ചു. നിസ്സംഗ ഭാവത്തില്‍ അപ്പുക്കുട്ടന്‍ നിന്നു. "ജീവപര്യന്തം" കോടതി വിധിച്ചു.

കോടതി വിധിയോട്‌ അപ്പുക്കുട്ടന്‌ പുച്ഛം തോന്നി. കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി. "ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍" എന്ന് പതുക്കെ പറഞ്ഞു.

കോടതി പിരിഞ്ഞു. അപ്പുക്കുട്ടന്‍ കാരാഗൃഹത്തിലേക്ക്‌. അപ്പുക്കുട്ടന്‍ എന്തോചിന്തിച്ചുകൊണ്ടാണ്‌ നടക്കുന്നത്‌. അപ്പുക്കുട്ടന്‍ ചിന്തിക്കട്ടെ. നമുക്കല്‍പം മാറി നില്‍ക്കാം.

അല്ലേലും അതങ്ങിനെയേ വരൂ. അത്രേം നേരം കൂടെയുണ്ടായിട്ടും ആ നേരത്തത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അല്ലേലും ശ്രദ്ധിച്ചിട്ടും കാര്യമുണ്ടാകുമായിരുന്നെന്ന് യാതൊരുറപ്പുമില്ല. കാരണം, അപ്പുക്കുട്ടന്റെ വിധിയാണത്. നിങ്ങളു കണ്ടില്ലായോ അത്, ‌അപ്പുക്കുട്ടന്‍ ചിന്തകള്‍ക്കു മീതെ ടെലഫോണ്‍ വയറു കുരുക്കി കെട്ടിത്തൂങ്ങിയാടുന്നത്. എന്തു ചെയ്യാം? അപ്പുകുട്ടന്റെ വിധി. അല്ലേ....

11 comments:

സജീവ് കടവനാട് said...

കോടതി വിധിയോട്‌ അപ്പുക്കുട്ടന്‌ പുച്ഛം തോന്നി. കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി. "ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍" എന്ന് പതുക്കെ പറഞ്ഞു.

അപ്പുക്കുട്ടന്റെ വിധി!!!
newpost

വിചാരം said...

അപ്പുകുട്ടന്‍റെ വിധി അല്ലാതെന്തുപറയാന്‍

വേണു venu said...

വല്ലാത്ത വിധി അല്ലേ..:))

Anonymous said...

അപ്പുക്കുട്ടന്റെ ദുര്‍വ്വിധിയായി കാണാനേ കഴിയുന്നുള്ളു.

സജീവ് കടവനാട് said...

പൊന്നാനീ,വേണു, നൗഷര്‍ നന്ദി.

“അപ്പുക്കുട്ടന്റെ വിധിപറയുന്ന ദിവസം കോടതിയില്‍ പതിവിലധികം ആളുകളുണ്ടായിരുന്നു, രണ്ടു പക്ഷം പിടിക്കുന്നവര്‍.“

പൊന്നാന്യേ അങ്ങിനെ വിളിക്കാനൊരു മടി. ഞാന്‍ പൊന്നാനിക്കാരനല്ലാതാകുന്നതുപോലെ. ഈ പൊനാനി മ്മടെ വിചാരമല്ലേ, സത്യപാലന്‍ ഫാറൂഖ്‌ ബക്കര്‍. ഞാന്‍ കണാറുണ്ട്‌.

വിചാരം said...

കിനാവെ .. ഫാറൂഖ് എന്ന് അങ്ങട് മാറ്റി സത്യപാലന്‍ എന്നാക്കി .. ഫാറൂഖിന്‍റെ അര്‍ത്ഥം അതാണല്ലോ

സജിത്ത്|Sajith VK said...

"ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍"...
നല്ല പോസ്റ്റ്

സജീവ് കടവനാട് said...

സജിത്തേ വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി
അപ്പുക്കുട്ടന്റെ വിധിയെ ആനുകാലികമായ ചില വിധികളോട് കൂട്ടിവായിക്കാനൊക്കുമോ എന്ന് ഒന്ന് ശ്രമിച്ചു നോക്കിയതാണ്. വിജയിച്ചില്ലെന്ന് തോന്നുന്നു.

Peelikkutty!!!!! said...

:-)

Anoop said...

ഇതു വായിക്കുന്നവന്റെ വിധി അല്ലാതെന്തുപറയാന്‍

സജീവ് കടവനാട് said...

എന്നിട്ടും നീ ഇതു വാ‍യിച്ചല്ലോ അപ്പുക്കുട്ടാ. നന്ദി പീലിക്കുട്ടീ....

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP